ഏറെവായിച്ചിട്ടില്ല പഠിച്ചിട്ടില്ല. കവിത ഇപ്പൊഴും ഒരു അതിശയലോകമാണെനിയ്ക്ക്. വര്‍ണ്ണബലൂണുകളൂം പീപ്പികളൂം ചില്ലുവളകളൂം ചാന്തും കണ്‍മഷിയും നിരന്ന വാണിഭത്തട്ടുകള്‍. ആളും ആരവങ്ങളൂം. എല്ലാം കണ്ടും അറിഞ്ഞും( അറിയാതേയും) രസിച്ചും അതേസമയം പകച്ചുനില്‍ക്കുന്ന പെണ്‍കുട്ടിയുടേ അതേ മാനസികാവസ്ഥയോടെയണ് കാവ്യോത്സവങ്ങളെ ഞാന്‍ ഇപ്പോഴും സമീപിയ്ക്കാറ്. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് കവിത ചൊല്ലല്‍ ഒരു ഹരമായി മനസ്സിനെ കീഴടക്കിത്തുടങ്ങിയത്. ഏട്ടന്മാരുടെ മലയാളം പാഠപുസ്തകത്തിലെ ചെറുശ്ശേരിക്കവിതകളൂടെ ഈണം അഞ്ചുവയസ്സുകാരിയെ ഒരു മധുരപലഹാരംപോലെ കൊതിപ്പിച്ചു. ഒന്നാംക്ലാസ്സുകാരിയെക്കൊണ്ട് മൂന്നും നാലും ക്ലാസ്സുകളിലെ എട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കുമായി കവിത ഈണത്തില്‍ ചൊല്ലിച്ച് കൈയ്യടി വാങ്ങിത്തന്ന് പാട്ടുപാടിയും കവിതചൊല്ലിയും പഠിപ്പിച്ച് കൂടെനിന്ന ലക്ഷ്മീബായിടീച്ചര്‍, രണ്ടാം ക്ലാസ്സുകാരിയെ നാടകാഭിനയവും കഥാപ്രസംഗവും പഠിപ്പിച്ച ഹെഡ്മാസ്റ്റര്‍ ഗോപാലകൃഷ്ണന്‍മാഷ് ( ഡയലോഗും ഉച്ചാരണവും തെറ്റിയാല്‍ തെറിയുടെ പൊടിപ്പൂരം. നക്കി എന്നും നാറി എന്നുമാണ് മാഷിന്റെ നിഘണ്ടുവിലെ പ്രധാന പദങ്ങള്‍. ) അതോടെ കഴിയുന്നു പാഠപുസ്തകങ്ങളുടേയും അധ്യാപകരുടേയും റോള്‍. പിന്നെ ഏട്ടന്‍മാരുടെ കയ്യിലെ കളിപ്പാട്ടമായി. കളിയാക്കലുകളുടെയും കിഴുക്കലുകളുടെയും അകമ്പടിയോടെ ,അവര്‍ വേദിയിലേയ്ക്കും വായനയിലേയ്ക്കും അങ്ങനെ എഴുത്തിലേയ്ക്കും എത്തിച്ചു. അങ്ങനെ തുടങ്ങുന്നു, ഇപ്പോഴും തുടരുന്നു എന്റെ കവിതയോണങ്ങള്‍. ആണ്ടിലൊരിക്കലല്ല, മുന്നൂറ്ററുപത്തഞ്ചും. ഇന്റര്‍നെറ്റിന്റെ പ്രയോഗ- സാദ്ധ്യതാപരീക്ഷണങ്ങള്‍ക്ക് മക്കളോട് കടപ്പെട്ടിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ ലോകത്തെ ഈ ഓണാഘോഷത്തില്‍ പങ്കുചേരാന്‍ എത്തുമ്പോള്‍ 'ചൊല്ലോണം നല്ലോണം' എന്ന പേരില്‍ കുറച്ച് ഓണക്കവിതകളാണ് എനിക്കു തരാനുള്ളത്. വറുതിയും സമൃദ്ധിയും, പ്രതീക്ഷയും നിരാശയും, പരിഹാസവും പ്രശംസയും ,സ്വപ്നവും സത്യവും ഇവയൊക്കെയായി കവിതയില്‍ ഓണം കൊണ്ടുവരാത്ത കവികള്‍ കുറവാണ്. എല്ലാവരേയും അവതരിപ്പിക്കുവാന്‍ ആഗ്രഹമുണ്ടെങ്കിലും അത് എത്രത്തോളം പ്രായോഗികമാണെന്നറിയില്ല. തുടക്കമെന്ന നിലയില്‍ കുറച്ച് കവിതകള്‍ അവതരിപ്പിയ്ക്കുന്നു. തുടരാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ഈ കവിതയോണത്തില്‍ പങ്കുചേരും എല്ലാവരും എന്നു കരുതുന്നു.
ജ്യോതിബായ് പരിയാടത്ത് |
|
|
|
ആലാപനം
|