കഥാപാത്രങ്ങൾ
കണ്ണൻകുട്ടി (16)
ശോഭന(16)
ദേവു(40)
കുഞ്ചുവേലു(40)
ചെന്താമരാക്ഷൻ(30)
സഹായി(20)
മേനോൻമാസ്റ്റർ(50)
5 പെൺകുട്ടികൾ(15)
3 ആൺകുട്ടികൾ(15)
വൃദ്ധ
3 പുരുഷൻമാർ((40 50)
2 സ്ത്രീകൾ(25 35)
1
(പാലക്കാട്ടെ ഒരു ഉൾനാടൻഗ്രാമം . വൈകുന്നേരം. മങ്ങാനാരംഭിക്കുന്ന പോക്കുവെയിൽചിത്രങ്ങൾ. പനയോല മേഞ്ഞ കുടിലിന്റെ മുൻവശം .ചാണകം മെഴുകി അരികിൽ കാവിചായം വരയിട്ട വിശാലമായ മുറ്റം.മുറ്റത്തിനപ്പുറം കൊയ്ത്തുകഴിഞ്ഞ നെൽപ്പാടങ്ങൾ. മുറ്റത്തരികിലായി ഒരു ഉയർന്ന തൂണിൽ പ്രാവിൻകൂട്. പ്രാവുകൾക്ക് തീറ്റിവിതറുകയും ഒപ്പം കയ്യിലുള്ള പ്രാവിനെ ഓമനിക്കുകയും ചെയ്തുകൊണ്ട് കണ്ണൻകുട്ടി.
പാടവരമ്പിലൂടെ നടന്നടുക്കുന്ന കണ്ണൻകുട്ടിയുടെ അമ്മ ദേവു. പ്രാവിനെ ഉമ്മവെക്കുന്ന കണ്ണൻകുട്ടി. മുളംപടി കടന്നു മുറ്റത്തേക്കിറങ്ങുന്ന ദേവു. ക്ഷീണിതമായ മുഖം. മുഷിഞ്ഞ വേഷം. കണ്ണൻകുട്ടിയെ നോക്കുന്നു.മുഖത്ത് പ്രകടമായ ഈർഷ്യ..കട്ടയുടക്കുന്ന മുളവടി ഇറയത്ത് ഒരു ഭാഗത്ത് തിരുകി തലയിലെ മുഷിഞ്ഞ തോർത്തുമുണ്ട് അഴിച്ചു കുടഞ്ഞ് അരികുതിണ്ണയിലെ മുള അയക്കോലിൽ അലസമായി ഇടുന്ന ദേവു.അമ്മയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് സാവധാനം പ്രാവുകളെ കൂട്ടിലടയ്ക്കുന്ന കണ്ണൻകുട്ടി.)
ദേവു: ന്റെ തെങ്കരത്തള്ളേ !ഇയ്യ ചെക്കന് ദെ്ന്തിന്റെ കേടാണ്. നാലച്ചരം പടിച്ച് നേരാകട്ടേന്നും വെച്ചാണ് ല്ല്യാത്ത കാസ്ണ്ടാക്കി ഷ്കോളീ വിട്ടത്. നേരം മോന്തി മയങ്ങണ നേരത്ത് അയ് പുസ്തകോട്ത്ത് എന്തെങ്കിലും പടിക്കാണ്ടെ നിയ്യ് എന്താണ്ടാ കണ്ണങ്കുട്ട്യേ ദ്..?
വിഷാദത്തോടെ തല താഴ്ത്തുന്ന കണ്ണൻകുട്ടി.
കണ്ണൻകുട്ടി: ഞാന് പടിച്ചിട്ടൊന്നും കിട്ടാൻ പോണില്ലമ്മാ. പടിക്ക്കാണെങ്കില് അയ് ഇങ്ക്ലീഷ്സ്കൂളില് പടിക്കണം. അപ്പൻ പറയ്ണ പോലെ...
.
മ്ലാനമാകുന്ന ദേവുവിന്റെ മുഖം.
ദേവു. : അപ്പന് വലിയ ആസയായിർന്നടാ മകനേ. വീട്‌വീടാന്തരം മാട്ടിന്റെ കറക്കാൻ നടക്കണപോലെ നാളെ മേലാക്കം നീയ്യ് നടക്കാൻ പാടില്ലാന്ന്. അതല്ലടാ മകനേ അപ്പൻ നിന്നെ പടിക്കാൻ വിട്ടത്? അങ്ങനീം ഇങ്ങനീം പത്താം ക്ലാസും ആയില്ലടാ കുട്ട്യേ. ഇക്കൊല്ലൂം കൂടി ഒന്ന് ഉസാറായാ മതി നീയ്യ്. (നെടുവീർപ്പിട്ട്)ഉണ്ണ്യേ?കാസ്ണ്ടായിർന്നൂവെച്ചാല് അപ്പൻ നിന്നെ ഇങ്ക്ലീഷ് ഷ്കോളില് തന്നെ വിട്ടന്നെടാ മകനേ
(കുനിഞ്ഞ് തിണ്ണയിലെ തുണിസഞ്ചിയിൽ നിന്നും ഒരു നോട്ടീസ് എടുത്തുയർത്തി അമ്മയെ ആശ്വസിപ്പിക്കുന്നവിധം പുഞ്ചിരിച്ച് കണ്ണൻകുട്ടി)
കണ്ണൻകുട്ടി:അതിനെനിക്ക് സങ്കടോന്നും ഇല്ലമ്മാ. അയ് ചെക്കമ്മാറിന്റെ പവറ് കണ്ടാലും മതി. നംക്ക് ഇതൊക്കെ തന്നെ വിതിച്ചിട്ടുള്ളമ്മാ
(നോട്ടീസ് ഉയർത്തി വീശി പുഞ്ചിരിച്ചുകൊണ്ട് പ്രാവിൻകൂടിനടൂത്തേക്ക് നടക്കുന്നു. കൂട്ടത്തിലൊരു പ്രാവിനെ കയ്യിലെടുത്ത് തലോടിക്കൊണ്ട്)
കണ്ണൻകുട്ടി: അമ്മ കണ്ടോളിൻ ദാ എനിക്ക് രച്ചക്ക് ഇവിർണ്ട്. ഇപ്രാവശ്യം മാരിയമ്മന്റെ ടൂർണമെന്റില് എന്റെ ജങ്കിലി ..(കയ്യിലുള്ള പ്രാവിനെ ഉമ്മ വെക്കുന്നു) ഇവൻ കൊണ്ടുത്തരും ഒന്നരപവൻ പതക്കം.
2
പ്രഭാതം.9 മണി. പാടത്ത് കട്ടയുടക്കുന്ന പെണ്ണുങ്ങൾ. വയൽവരമ്പിലൂടെ മകന്റെ കൈ പിടിച്ച് ,മകളെ കൈയ്യിലെടുത്ത് ഒരമ്മ-യശോദ . ഇടക്ക് കരയുന്ന കുട്ടിയുടെ സ്ലേറ്റ് കയ്യിൽ വാങ്ങിപ്പിടിച്ച് ദേഷ്യപ്പെട്ട് മുതുകത്തൊരടിവെച്ചുകൊടുത്ത് ് കയ്യിൽ പിടിച്ചുവലിച്ച് ധൃതിയിൽ നടക്കുന്നു .
യശോദ: അക്‌റാണ്ടെ വാടാ ചെക്കാ. അയ് വേൽമുരുകൻ പോയ്യാപിന്നെ ഇന്നും ഡാക്ക്ട്ടറി നെകാണൽണ്ടാവില്ല
മറ്റൊരു വരമ്പിലൂടെ നടന്നു വരുന്ന കണ്ണൻകുട്ടിയും ശോഭനയും . പാവാടയും ദാവണിയും ശോഭനയുടെ വേഷം. പുസ്തകങ്ങളും ചോറ്റുപാത്രവും മാറോടു ചേർത്തു പിടിച്ചിരിക്കുന്നു.
കണ്ണൻകുട്ടി (ചിരിച്ചുകൊണ്ട്) എസോദച്ചേച്ചി ഇന്ന് പണിക്ക് പോയില്ലെ?
.
യശോദ ഒന്നുകൂടി ശോഭനയുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി എന്തോ ചോദിക്കാനൊരുങ്ങുന്നു. അലസമായി ദൂരേക്ക് നോക്കുന്ന ശോഭന
കണ്ണൻകുട്ടിയുടേയും ശോഭനയുടേയും മുഖത്തേക്ക് മാറി മാറി നോക്കുന്ന കുട്ടി. ചിരിച്ചുകൊണ്ട് തലയാട്ടി സ്ലേറ്റും കാശും വാങ്ങി കുട്ടിയുടെ കൈപിടിച്ച് കണ്ണൻകുട്ടി.
യശോദ:(ശോഭനയുടെ മുഖത്തേക്ക് പാളിനോക്കിക്കൊണ്ട്) ഓ.. . ഇല്ല. രണ്ടുദെവസായി ചെർതിന് തൂറ്റല്. ആസ്പത്രിക്ക് പോകാണ്. നീയ്യ് ഒര് ഒപകാരം ചെയ്യണം .ദാ ഇയ്യ ചെക്കനീം കൂടി ഒന്നു വിടുവോ ഷ്കോളിക്ക്? പെലച്ചക്ക് തൊടങ്ങീതാണ് ഷ്കോളീ പോണില്ലാന്നും പറഞ്ഞ് അക്‌റാൻ. ന്നാ അയ് രാവ്ത്തന്റെ കടീന്ന് ഒര് ഒര് ഇടിബർപ്പി വാങ്ങിക്കൊട്ത്തള . (കുട്ടിയോടായി) അമ്മന്റെ ചെക്കങ്കുട്ടി പൊയ്ക്കൊ ഈ എട്ടൻ ബർപ്പി വാങ്ങിച്ച് തരും കണ്ടാ.
(ചെറിയ കുട്ടിയുടെ തലയിൽ സാരിത്തുമ്പ് വലിച്ചിട്ട് നടന്നകലുന്ന യശോദയെ നോക്കി നിൽക്കുന്ന ശോഭന.പെട്ടെന്ന് എന്തോ ഓർത്ത് കയ്യിലെ വാച്ചിൽ നോക്കി )
ശോഭന: യ്യോ നേരായീട്ടോ .പ്പ അടിക്കും ബെ ല്ല്
(വേഗത്തിൽ നടക്കുന്ന കണ്ണൻകുട്ടിയും ശോഭനയും ചെറിയ കുട്ടിയും. വരമ്പവസാനിക്കുന്നിടത്ത് റോഡിൽ അങ്ങേപ്പുറത്ത് കോൺവെന്റ് സ്കൂൾ . മുൻവശത്ത് നിർത്തിയിട്ട സ്കൂൾബസ്സ്. ചിട്ടയോടെ നടന്നു സ്കൂളിലേക്കു കയറുന്ന കുട്ടികൾ . കൂട്ടത്തിൽ ഒരു പെൺകുട്ടി. ശോഭനയെക്കണ്ട് നിൽക്കുന്നു. ശോഭന ഓടിയടുത്തേക്ക് ചെല്ലുന്നു. റോഡിനിപ്പുറം കണ്ണൻകുട്ടിയുടെ നോട്ടത്തിൽ എന്തോ സ്വകാര്യം പറഞ്ഞ് ചിരിക്കുന്ന പെൺകുട്ടികൾ. ഇടക്ക് ഒരു തവണ രണ്ടു പേരും ഒപ്പം തിരിഞ്ഞ് കണ്ണൻകുട്ടിയെ നോക്കുന്നു. രണ്ടുപേരും വീണ്ടും ചിരിക്കുന്നു.കണ്ണൻകുട്ടിയുടെ മുഖം. ആകാംഷ. ചെറിയൊരു ജാള്യതയും .ത ിരികെ കണ്ണൻകുട്ടിയുടെ അടുത്തെക്ക് നടന്നെത്തുന്ന ശോഭന.കണ്ണൻകുട്ടിയുടെ മുഖത്ത് ചോദ്യഭാവം.)
ശോഭന: എന്റെ എളേപ്പന്റെ മക്ലാണ്. രാധിക. നന്നായി പടിക്കും അവള്. അവള് ചോദിക്കാണ് ആരാണ്-ദ്-ന്ന്.
(കണ്ണൻകുട്ടിയുടെ മുഖത്ത് കൗതുകഭാവം. എന്തായിരിക്കും മറുപടി എന്നു അറിയാനുള്ള ആകാംഷ. പുഞ്ചിരിയോടെ ശോഭന.)
ശോഭന.:ഓ.. ഞാൻ പറഞ്ഞു എന്റെ ക്ലാസ്സിലെ കുട്ട്യാണ്-ന്ന്.
(ചെറിയൊരു നിരാശ നിഴലിക്കുന്ന കണ്ണൻകുട്ടിയുടെ മുഖം. ഒരു വെറും ചോദ്യം കൊണ്ട് അതു മറയ്ക്കാനുള്ള ശ്രമം.)
കണ്ണൻകുട്ടി: തെന്നെ..? ആട്ടെ ശോഭന പിന്നെന്താണ് രാധികനെപ്പോലെ ഇങ്ക്ലീഷ് മീഡിയത്തില് പോയില്ല?
(പുഞ്ചിരിക്കുന്ന ശോഭന)
ശോഭന:ഓ.. എവടെ പടിച്ചിട്ട്-പ്പന്താ
(നാണത്തോടെ ദൂരേക്ക് നോക്കി ഒരു കള്ളച്ചിരി)
ശോഭന :അച്ചൻ പറേണത് എങ്ങനേങ്കിലും പത്താം ക്ലാസ്സ് കഴിഞ്ഞാ മതീന്നാണ്
(കണ്ണൻകുട്ടിയുടെ മുഖത്തിന്റെ ക്ലോസപ്പ്. ഒരെസമയം ആരാധനയും കൗതുകവും മിന്നിമായുന്നു. ഉടനടി സ്ഥായിയായ നിരാശാഭാവം) |