സംസ്ഥാനത്തെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രികളിലെ റഫറൽ സംവിധാനം സംബന്ധിച്ച് ചില കേന്ദ്രങ്ങളിൽ നിന്നും ആശങ്കകളും പരാതികളും ഉയർന്നിട്ടുണ്ടല്ലൊ? നേരത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പ്രൈവറ്റ് പ്രാക്റ്റീസ് നിർത്തലാക്കിയ തീരുമാനത്തെപ്പറ്റിയും വ്യാപകമായ ചർച്ച നടന്നിരുന്നു. വേണ്ടത്ര ചർച്ച നടത്താതേയും ആവശ്യമായ ക്രമീകരണങ്ങൾ വരുത്താതേയും സർക്കാർ ധൃതിപിടിച്ച് തീരുമാനമെടുത്തുവെന്നും ചിലർ കുറ്റപ്പെടുത്തുന്നു. ഇത് ശരിയല്ല. കാരണം ഒറ്റയടിക്ക് എടുത്ത തീരുമാനങ്ങളല്ല ഇവ. കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയേയും ആരോഗ്യ മേഖലയേയും കുറിച്ച് ഗഹനമായ പഠനങ്ങളും ഗവേഷണങ്ങളും നടത്തിയ കമ്മീഷനുകളും നിയമസഭാ സമിതിയും വിദഗ്ധരുമെല്ലാം ഇക്കാര്യത്തിൽ ഏകാഭിപ്രായക്കാരായിരുന്നുവെന്നതാണ് യാഥാർഥ്യം. റഫറൽ സമ്പ്രദായമാകട്ടെ, 1982ൽ തന്നെ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഏർപ്പെടുത്തിയിരുന്നു.
1996 മാർച്ചിലാണ് ഈ വിഷയങ്ങൾ സംബന്ധിച്ച ടി എൻ ജയചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് സർക്കാറിന് നൽകിയത്. 1995 ജൂലൈ അഞ്ചിന് അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. വി എം സുധീരൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്റ്റീസ് നിരോധിക്കുന്നത് സംബന്ധിച്ച് പഠിക്കുവാൻ കമ്മീഷനെ നിയോഗിക്കുമെന്നും മൂന്ന് മാസത്തിനുള്ളിൽ കമ്മീഷൻ റിപ്പോർട്ട് ലഭ്യമാക്കിയ ഗശഷം തുടർ നടപടി എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇങ്ങിനെ നിയോഗിച്ച താണ് ടിഎൻ ജയചന്ദ്രൻ കമ്മീഷൻ. ഈ കമ്മീഷൻ എടുത്തുപറഞ്ഞ രണ്ട് കാര്യങ്ങളിലൊന്ന് ഘട്ടംഘട്ടമായി സ്വകാര്യ പ്രാക്റ്റീസ് നിരോധിക്കണമെന്നും ഇതിന്റെ ആദ്യഘട്ടമായി മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്റ്റീസ് നിരോധിക്കണമെന്നുമാണ്. രണ്ടാമത്തേത്് മെഡിക്കൽ കോളേജുകളിൽ റഫറൽ സംവിധാനം കർശനമാക്കണമെന്നതായിരുന്നു.
ഇതിന് ശേഷമാണ് 1998-2000ത്തിൽ ശ്രീ പി. രാജു എം.എൽ.എ അധ്യക്ഷനായുള്ള നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളെപ്പറ്റി വിശദമായ പഠനം നടത്തിയത്. ഭരണ-പ്രതിപക്ഷ മെമ്പർമാർ അംഗങ്ങളായുള്ള ഈ സമിതിയും ഏകകണ്ഠമായി നൽകിയ ശുപാർശകളിൽ രണ്ടെണ്ണം സ്വകാര്യ പ്രാക്റ്റീസ് നിരോധിക്കണമെന്നതും റഫറൽ സംവിധാനം ശക്തിപ്പെടുത്തണമെന്നതുമാണ്. നിയമസഭാ സമിതിയുടെ റിപ്പോർട്ടിന്റെ ഖണ്ഡിക എട്ടിൽ റഫറൽ സംവിധാനത്തിന്റെ ആവശ്യകതയിൽ ഊന്നിക്കൊണ്ട് ഇങ്ങിനെ പറയുന്നു -? മെഡിക്കൽ കോളേജ് ആശുപത്രികളുടെ നിലവാര തകർച്ചയ്ക്ക് ഒരു പ്രധാന കാരണം രോഗികളുടെ ബാഹുല്യമാണ്. ലഭ്യമായ കണക്കുകൾ അനുസരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടക്കകളുടെ എണ്ണം 1376 ആണെങ്കിലും ശരാശരി രോഗികളുടെ എണ്ണം 1716 ആണ്. എസ്‌എടി ആശുപത്രിയിൽ ഇത് യഥാക്രമം 726 ഉം 927 ഉം ആണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 1417 കിടക്കകൾ ഉള്ളപ്പോൾ ശരാശരി രോഗികളുടെ എണ്ണം 1600-ലധികമാണ്.......പ്രൈമറി ഹെൽത്ത് സെന്ററുകളിലോ താലൂക്ക്-ജില്ലാ ആശുപത്രികളിലോ ചികിൽസിക്കേണ്ടുന്ന കേസുകൾ മെഡിക്കൽ കോളേജിൽ എത്തുന്നതുകൊണ്ടാണ് ഈയൊരു സ്ഥിതിവിശേഷം സംജാതമാവുന്നത്. ഇതുമൂലം യഥാർഥ വിദഗ്ധ ചികിൽസ ആവശ്യമായി വരുന്ന രോഗികൾക്ക് വേണ്ടത്ര ശ്രദ്ധയും പരിചരണവും ലഭ്യമാകുന്നില്ല. മെച്ചപ്പെട്ട ചികിൽസാ സംവിധാനത്തിന്റെ ആധാരശിലയാണ് ത്രിതല റഫറൽ സംവിധാനം.?
മെഡിക്കൽ കോളേജുകളിൽ നിയമസഭാ സമിതി ഒമ്പത് വർഷം മുമ്പ് ചൂണ്ടിക്കാട്ടിയതിനെക്കാൾ തിരക്ക് ഇന്നും അനുഭവപ്പെടുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടക്കകളുടെ എണ്ണം ഇപ്പോൾ 1650 ആണെങ്കിലും ശരാശരി രോഗികളുടെ എണ്ണം 2000 ആണ്. എസ്‌എടി ആശുപത്രിയിൽ ഇത് യഥാക്രമം 850 ഉം 1200 ഉം ആയി ഉയർന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 1550 കിടക്കകൾ ആയപ്പോൾ ശരാശരി രോഗികളുടെ എണ്ണം 2200 ആയി. കോട്ടയം മെഡിക്കൽ കോളേജിൽ 1110 കിടക്കകളും 1500-1600 രോഗികളും ആലപ്പുഴ മെഡിക്കൽ കോളേജിൽ 1031 കിടക്കകളും 1100-1200 രോഗികളും തൃശൂരിൽ 1050 കിടക്കകളും 1100-1200 രോഗികളുമാണ്. അതേസമയം മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്ന അഞ്ച് ജില്ലാ ആസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന ജില്ലാ-ജനറൽ ആശുപത്രികളിൽ കിടക്കളുടെ എണ്ണത്തേക്കാൾ കുറവാണ് രോഗികൾ. കോട്ടയം ജില്ലാ ആശുപത്രിയിൽ കിടക്കളുടെ എണ്ണം 374 ആണെങ്കിലും അഡ്മിറ്റ് ചെയ്യുന്ന രോഗികൾ 250-260 മാത്രമാണ്. തൃശൂരിൽ ഇത് യഥാക്രമം 240 ഉം 180ഉം കോഴിക്കോട് 550ഉം 350ഉം തിരുവനന്തപുരത്ത് 747ഉം 550ഉം ആലപ്പുഴയിൽ 173ഉം 120ഉം ആണ്. അതേസമയം, മെഡിക്കൽ കോളേജ് ഇല്ലാത്ത ജില്ലകളിൽ തിരക്ക് കൂടുതലാണ്. മഞ്ചേരിയിലെ മലപ്പുറം ജില്ലാ ആശുപത്രി, മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി തുടങ്ങിയ ഇടങ്ങളിലെല്ലാം കിടക്കകളുടെ എണ്ണത്തിൽ കൂടുതലാണ് രോഗികളുടെ എണ്ണം. ഇത് സൂചിപ്പിക്കുന്നത് നിയമസഭാ സമിതികളും മറ്റ് കമ്മീഷനുകളും ചൂണ്ടിക്കാട്ടിയതു പോലെ പ്രൈമറി ഹെൽത്ത് സെന്ററുകളിലോ താലൂക്ക്-ജില്ലാ ആശുപത്രികളിലോ ചികിൽസിക്കേണ്ടുന്ന കുറേയധികം കേസുകൾ കൂടി മെഡിക്കൽ കോളേജുകളിൽ എത്തുന്നുവെന്നും തൻമൂലം യഥാർഥത്തിൽ വിദഗ്ധ ചികിൽസ ആവശ്യമായി വരുന്ന രോഗികൾക്ക് വേണ്ടത്ര ശ്രദ്ധയും പരിചരണവും നൽകുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകുന്നുഎന്നുമാണ്. മെഡിക്കൽ കോളേജുകളിൽ റഫറൽ സംവിധാനം വരുമ്പോൾ മെഡിക്കൽ കോളേജുകൾ സ്ഥിതി ചെയ്യുന്ന ജില്ലകളിലെ ആശുപത്രികളിലെ നിലവിലുള്ള സംവിധാനം മുഴുവനായി ഉപയോഗിക്കാൻ കഴിയുമെന്ന് മുകളിൽ കൊടുത്ത കണക്കുകൾ വ്യക്തമാക്കുന്നു.
വിപുലമായ മുന്നൊരുക്കങ്ങൾ സർക്കാർ ആശുപത്രികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിനും അവശ്യമരുന്നുകൾ ലഭ്യമാക്കുന്നതിനും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും നിയമസഭാ സമിതി ശുപാർശ ചെയ്തിരുന്നു. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ വേതനം നല്ല രീതിയിൽ വർധിപ്പിച്ചതിനു ശേഷമേ പ്രൈവറ്റ് പ്രാക്റ്റീസ് നിരോധിക്കാവൂ എന്നും ജയചന്ദ്രൻ കമ്മീഷനും നിയമസഭാ സമിതിയും നിർദ്ദേശിച്ചിരുന്നു. ഈ ശുപാർശകളിൽ പറയുന്ന കാര്യങ്ങൾ ഏറെക്കുറെ നടപ്പാക്കിയും അടിസ്ഥാന സൗകര്യങ്ങൾ വൻതോതിൽ വകിസിപ്പിച്ചുകൊണ്ടും കൂടുതൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയുമാണ് ഈ സർക്കാർ റഫറൽ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാൻ തീരുമാനിച്ചത്.
ഇതിനുള്ള വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നതാണ് യാഥാർഥ്യം. ഇതിനായി ആരോഗ്യ വകുപ്പിലേയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലേയും ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംസ്ഥാന തലത്തിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് അതാത് ജില്ലകളിലെ ഡിഎംഒമാരും മെഡിക്കൽ കോളേജ് അധികൃതരും അടങ്ങുന്ന കോർഡിനേഷൻ കമ്മിറ്റികളും രൂപീകരിച്ച് പ്രവർത്തിക്കുന്നു. ആരോഗ്യ വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആരോഗ്യ വകുപ്പിനേയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനേയും ഏകോപിപ്പിച്ചുകൊണ്ട് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്.
കുടുംബ ഡോക്ടർ
എന്തിനാണ് മെഡിക്കൽ കോളേജുകളിൽ റഫറൽ സംവിധാനം ഏർപ്പെടുത്തുന്നത് എന്ന ചോദ്യവും സ്വാഭാവികമായും ഉയരുന്നുണ്ട്.മെഡിക്കൽ കോളേജുകൾ നിർവഹിക്കേണ്ടുന്ന ധർമ്മങ്ങളെ കുറിച്ച് മതിയായ ധാരണയില്ലാത്തിനാൽ കൂടിയാണ് ഇതെന്ന് പറയാതെ വയ്യ. സാധാരണ നിലയിലുള്ള അസുഖങ്ങൾക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ചികിൽസ മതിയാകും. അടുത്ത ഘട്ടത്തിൽ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും ജില്ലാ-ജനറൽ ആശുപത്രികളിലും മെച്ചപ്പെട്ട ചികിൽസ ലഭിക്കും. എന്നാൽ അടിയന്തിര വിദഗ്ധ ചികിൽസ ആവശ്യമുണ്ടെന്ന് ഇടത്തട്ടിലുള്ള (പിഎച്ച്സി മുതൽ ജില്ലാ ജനറൽ ആശുപത്രികൾ വരെയുള്ള ) ഡോക്ടർമാർക്ക് ഏതെങ്കിലും ഘട്ടത്തിൽ തോന്നുകയാണെങ്കിൽ മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് റഫർ ചെയ്യാം. ഇങ്ങിനെ വരുമ്പോൾ മെഡിക്കൽ കോളേജുകളിൽ എത്തുന്നവരിൽ വിദഗ്ധ ചികിൽസ ആവശ്യമായി വരുന്ന മുഴുവൻ രോഗികൾക്കും മെച്ചപ്പെട്ട ചികിൽസ ഉറപ്പുവരുത്താൻ കഴിയും.
സാധാരണ രോഗങ്ങൾക്ക് പോലും സ്പെഷ്യലിസ്റ്റിനെ, പറ്റിയെങ്കിൽ മെഡിക്കൽ കോളേജിലെ പ്രഫസറെ തന്നെ കാണിക്കാനാണ് പലർക്കും താൽപര്യം. ഇത് നമ്മുടെ സമൂഹത്തിലെ അനാരോഗ്യകരമായ പ്രവണതയായാണ് പൊതുജനാരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. ഇതേകുറിച്ച് ടിഎൻ ജയചന്ദ്രൻ കമ്മീഷൻ പറഞ്ഞത് ഇങ്ങിനെയാണ്- ? വിപുലവും ശക്തവുമായ പൊതുജനാരോഗ്യ സംഘടനയാണ് കേരളത്തിൽ നിലവിലുള്ളതെങ്കിലും എല്ലാവർക്കും പ്രാപ്യമായ രീതിയിൽ, സ്വകാര്യ പ്രാക്റ്റീസിന്റെ തിക്തഫലങ്ങൾ ഒഴിവാക്കുന്ന രൂപത്തിൽ അത് പുന.സംഘടിപ്പിക്കേണ്ടതാണെന്ന് കമ്മീഷൻ വിലയിരുത്തുന്നു. അതിന്റെ ആദ്യപടിയായി ?കുടുംബ ഡോക്ടർ? സമ്പ്രദായം നടപ്പിൽ വരുത്തണം. ഓരോ പ്രദേശത്തുമുള്ള നിർദ്ദിഷ്ട ഡോക്ടറുടെയടുക്കൽ ഓരോ കുടുംബനാഥനും രജിസ്റ്റർ ചെയ്യാൻ സൗകര്യം നൽകണം. ?
ഈ ഫാമിലി ഡോക്ടർ സമ്പ്രദായം നമ്മുടെ നാട്ടിൽ കൊണ്ടുവരേണ്ടതല്ലേ എന്ന് നാം ആലോചിക്കണം. ഇംഗ്ലണ്ടിലും കാനഡയിലും പല യൂറോപ്യൻ രാജ്യങ്ങളിലും ക്യൂബയിലും ഇതിന് സമാനമായ രീതിയാണുള്ളത്. ക്യൂബൻ മാതൃകയിൽ തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് പഞ്ചായത്തിൽ ഒരു പദ്ധതി നടപ്പാക്കി തുടങ്ങി. പിഎച്ച്സിയിലെ ഡോക്ടർക്ക് ഗ്രാമത്തിലെ എല്ലാവരുടേയും കുടുംബ ഡോക്ടർ ആവാനും വിദഗ്ധ ചികിൽസ വേണ്ടി വരുന്ന രോഗികളെ റഫർ ചെയ്യാനും സാധിക്കും. ഈ മാതൃക മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്.
ഒരാൾക്കും ചികിൽസ നിഷേധിക്കില്ല
റഫറൽ സംവിധാനം കാര്യക്ഷമമാക്കുമ്പോഴും രോഗികൾക്ക് യാതൊരു വിധ ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തും. അപകടങ്ങൾ ഉൾപ്പെടെയുള്ള അത്യാഹിതങ്ങൾക്കും അടിയന്തിര ചികിൽസ ആവശ്യമുള്ള രോഗങ്ങൾക്കും മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിൽസ തേടുന്നതിന് ഒരു നിയന്ത്രണവുമുണ്ടാകില്ല. അങ്ങിനെയുള്ള രോഗികൾക്ക് ഇപ്പോൾ ഉള്ളതുപോലെ അത്യാഹിത-എമർജൻസി വിഭാഗങ്ങളിൽ ചികിൽസ നൽകും. അത്യാവശ്യക്കാർക്ക് ഏത് സമയത്തും മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിൽസ ലഭിക്കും. അവിടെ നിന്നും ബന്ധപ്പെട്ട സ്പെഷ്യാലിറ്റികളിലേക്ക് വിദഗ്ധ ചികിൽസയ്ക്ക് ആശുപത്രി അധികൃതർ റഫർ ചെയ്യുന്ന നിലവിലുള്ള രീതിയിൽ ഒരു മാറ്റവും വരുത്തില്ല.
മറ്റ് ഒപി വിഭാഗങ്ങളിൽ പെരിഫറൽ ആശുപത്രികളിൽ നിന്നും റഫർ ചെയ്യുന്ന രോഗികൾക്ക് ആയിരിക്കും മുൻഗണന നൽകുക. ഏത് തട്ടിലുള്ള ആശുപത്രികളിലെ ഡോക്ടർമാർക്കും (പിഎച്ച്സി-സിഎച്ച്സി ഉൾപ്പെടെ)സ്വകാര്യ ആശുപത്രികൾക്കും മോഡേൺ മെഡിസിൻ പ്രാക്റ്റീസ് ചെയ്യുന്ന സ്വകാര്യ ഡോക്ടർമാർക്കും വിദഗ്ധ ചികിൽസയ്ക്ക് രോഗികളെ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യാം. ജില്ലാ താലൂക്ക് ആശുപത്രികളിൽ നിന്നും മാത്രമേ റഫർ ചെയ്യാവൂ എന്ന നിബന്ധനയില്ല.
ബദൽ സംവിധാനം ശക്തമാണ്
ജനറൽ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും മതിയായ സംവിധാനംഏർപ്പെടുത്താതെയാണ് റഫറൽ സംവിധാനം ഏർപ്പെടുത്തുന്നതെന്ന ചില കേന്ദ്രങ്ങളുടെ പ്രചാരണം ശരിയല്ല. റഫറൽ സംവിധാനം കർശനമായി നടപ്പാക്കുന്നതിന് വേണ്ടി ആരോഗ്യ വകുപ്പിന് കീഴിലുളള മറ്റ് ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്. എല്ലാ ജില്ലാ-ജനറൽ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടർമാരുണ്ട്. ഇതിന് പുറമെ സ്പെഷ്യാലിറ്റി കേഡർ നടപ്പാക്കുന്നതോടെ കൂടുതൽ സ്പെഷ്യലിസ്റ്റുകളുടെ സേവനവും ലഭ്യമാക്കും. ഉദാഹരണത്തിന് കോട്ടയം ജില്ലാ ആശുപത്രിയിൽ നിലവിൽ 41 ഡോക്ടർമാരുടെ തസ്തികയാണുള്ളത്. ഇപ്പോൾ ഒരു ഒഴിവുമില്ല. ജില്ലയിലെ ജില്ലാ-ജനറൽ-താലൂക്ക് ആശുപത്രികളിലും ടിബി കേന്ദ്രത്തിലുമായി ഇപ്പോൾ 93 ഡോക്ടർമാരുണ്ട്. സ്പെഷ്യാലിറ്റി-അഡ്മിനിസ്ട്രേറ്റീവ് കാഡർ നടപ്പാക്കുന്നതോടെ ഇത് 123 ആയി വർധിക്കും. കോട്ടയം ജില്ലാ ആശുപത്രിയിൽ 36 , ചങ്ങനാശ്ശേരി20(10), പാല 23(15), കാഞ്ഞിരപ്പള്ളി 18(11), വൈക്കം 23(14) ടിബി സെൻർ 3(2) എന്നിങ്ങനെയാണ് ഡോക്ടർമാരുണ്ടാവുക. (പഴയ തസ്തിക ബ്രാക്കറ്റിൽ). ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിലവിൽ 26 തസ്തികയിൽ 24 ലും ഡോക്ടർമാരുണ്ട്. കൂടാതെ മൂന്ന് പേരെ താൽകാലികമായും നിയമിച്ചിട്ടുണ്ട്. സ്പെഷ്യാലിറ്റി നടപ്പാക്കുമ്പോൾ ഡോക്ടർമാരുടെ എണ്ണം 34 ആയി വർധിക്കും. എറണാകുളം ജനറൽ ആശുപത്രിയിൽ നിലവിൽ 44 ഡോക്ടർമാരുള്ളത് ഇനി 55 സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടെ 63 ആയി വർധിക്കും. മറ്റ് ജില്ലകളിലും സമാനമായ തോതിൽ ഡോക്ടർമാരുടെ എണ്ണം വർധിക്കും. മുഴുവൻ ജില്ലാ-ജനറൽ ആശുപത്രികളിലും പ്രധാനപ്പെട്ട സ്പെഷ്യാലിറ്റി സേവനങ്ങൾ ഇപ്പോൾ തന്നെ ലഭ്യമാണ്.
റഫറൽ സംവിധാനം ഏർപ്പെടുത്തുന്നതിന് മുന്നോടിയായി അടിസ്ഥാന സൗകര്യവികസനത്തിനും ശക്തമായ ഊന്നൽ നൽകിയിട്ടുണ്ട്. സംസ്ഥാനത്താകെ 44.81 കോടി രൂപയ്ക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. 115 സിഎച്ച്സികളുടെ അടിസ്ഥാന സൗകര്യം ദേശീയ പൊതുജനാരോഗ്യ മാനദണ്ഡമനുസരിച്ചുള്ള നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള വികസന പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായി. സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് 97 ആശുപത്രികളുടെ നവീകരണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. 19 ആശുപത്രികളിൽ ദേശീയ നിലവാരത്തിൽ അക്രഡിറ്റേഷൻ നേടുന്നതിനുള്ള തയ്യാറെടുപ്പിലാണ്. എറണാകുളം ജനറൽ ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും സിടി സ്കാൻ സ്ഥാപിച്ചു. മുഴുവൻ ജില്ലാ- ജനറൽ ആശുപത്രികളിലും ഒരു വർഷത്തിനകം സിടി സ്കാൻ ഉൾപ്പെടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബ് സജ്ജമാക്കും.
മൂന്ന് വർഷം മുമ്പ് വരെ ആരോഗ്യ വകുപ്പിൽ ഡോക്ടർമാരുടെ കടുത്ത ക്ഷാമമായിരുന്നു. ഏതാണ്ട് 40 ശതമാനത്തിലേറെ ഡോക്ടർമാർ കുറവ്. അനധികൃതമായി അവധിയെടുത്ത ഡോക്ടർമാരുടെ കൃത്യമായ കണക്ക് പോലും ഉണ്ടായിരുന്നില്ല. ഡോക്ടർമാരുടെ പ്രമോഷൻ വർഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തി. അനധികൃതമായി മുങ്ങുന്നവർക്കെതിരെ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ചു. പിരിച്ചുവിടപ്പെട്ട ഡോക്ടർമാർക്ക് പകരം ഡോക്ടർമാരെ നിയമിച്ചു. പിഎസ്സി വഴിയുള്ള നിയമനം ത്വരിതപ്പെടുത്തി. ഇപ്പോൾ നിലവിലുള്ള തസ്തികകളിൽ 95 ശതമാനത്തിലും ഡോക്ടർമാരുണ്ട്. കൂടാതെ നിർബന്ധിത ഗ്രാമീണ സേവനത്തിലൂടെ ഓരോ വർഷവും ആയിരത്തോളം ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തി. ഇതിന് പുറമെയാണ് ആയിരത്തോളം ഡോക്ടർമാർ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. ചുരുക്കത്തിൽ ആരോഗ്യ വകുപ്പിൽ നിലവിലുള്ള തസ്തികകളുടെ എണ്ണത്തേക്കാൾ കൂടുതൽ ഡോക്ടർമാർ ജോലി ചെയ്യുന്നുവെന്നതാണ് വസ്തുത. നഴ്സുമാരുടെ ഒഴിവുകൾ നികത്തിയതിന് പുറമെ 1245 നഴ്സുമാരെ ബോണ്ട് വ്യവസ്ഥയിലും 640 നഴ്സുമാരെ കരാർ വ്യവസ്ഥയിലും നിയമിച്ചു.
യുഡിഎഫ് തുടങ്ങിയത്
1982 ൽ തുടങ്ങിയ റഫറൽ സംവിധാനം പിന്നീട് നിലച്ചുപോയതിനെ തുടർന്ന് ഇത് ശക്തിപ്പെടുത്താൻ 2004ൽ തന്നെ യുഡിഎഫ് ഭരണകാലത്ത് ഡോ. ബലരാമൻ നായർ ചെയർമാനായി ഒരു കമ്മറ്റിയെ കൂടി നിയോഗിച്ചിരുന്നു. ഈ കമ്മീഷനും റഫറൽ സംവിധാനം കർശനമായും നടപ്പാക്കണമെന്നും അതിനായി പെരിഫറൽ ആശുപത്രികൾ ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഒന്നും നടന്നില്ലെന്ന് മാത്രം. ഇതറിയാതെയാണെന്ന് തോന്നുന്നു കെപിസിസി പ്രസിഡന്റ് ശ്രീ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള ചില യുഡിഎഫ് നേതാക്കൾ റഫറൽ സമ്പ്രദായം ഏർപ്പെടുത്തിയതിനെച്ചൊല്ലി പ്രസ്താവനയുമായി വന്നിരിക്കുന്നത്.
ഈ സർക്കാർ ചെയ്തത്
ഇപ്പോൾ ഈ സർക്കാറിന് ആത്മവിശ്വാസമുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തെ നിരന്തരമായ ഇടപെടലുകളിലൂടെയും ശക്തമായ പ്രവർത്തനങ്ങളിലൂടെയും കേരളത്തിലെ പിഎച്ച്സി മുതലുള്ള സർക്കാർ ആശുപത്രികളെ പൂർണ്ണതോതിൽ സജ്ജമാക്കിയിരിക്കുകയാണ്. ഒരു കാര്യം മാത്രം പരിശോധിച്ചാൽ മതി. ഈ സർക്കാർ അധികാരത്തിൽ വന്ന ഘട്ടത്തിൽ 40 ഓളം സർക്കാർ ആശുപത്രികളിൽ മാത്രമാണ് പ്രസവം നടന്നിരുന്നത്. ഇന്ന് അത് 140 ലേറെയായി. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര, കന്യാകുളങ്ങര, ചിറയിൻകീഴ്, പേരൂർക്കട, തൈക്കാട്
ആശുപത്രികളിൽ ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തിയതോടെ എസ്‌എടി ആശുപത്രിയിൽ തിരക്ക് കുറഞ്ഞു. ഇതിനർഥം മെഡിക്കൽ കോളേജുകളോടനുബന്ധിച്ചുളള സ്ത്രീകളുടേയും കുട്ടികളുടേയും വിഭാഗത്തിൽ റഫർ ചെയ്യുന്ന ഗുരുതരമായ കേസുകൾ പരിശോധിക്കാൻ കൂടുതൽ സൗകര്യം ലഭിക്കുന്നു എന്നതാണ്.
സ്പെഷ്യാലിറ്റി കേഡർ നടപ്പാക്കുവാൻ 1995ൽ തീരുമാനമെടുത്തതാണെങ്കിലും ഇതുവരെ പ്രാവർത്തികമാക്കുവാൻ കഴിഞ്ഞിരുന്നില്ല. സ്പെഷ്യാലിറ്റി-അഡ്മിനിസ്ട്രേറ്റീവ് കാഡർ നടപ്പാക്കുന്നതിന് ഈ സർക്കാർ 66 തസ്തികകൾ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ ഒരു കേസ് നിമിത്തം അൽപം കാലതാമസമുണ്ടായെങ്കിലും ഈ ഡിസംബറിൽ ജില്ലാ-ജനറൽ-താലൂക്ക് ആശുപത്രികളിൽ പൂർണ്ണതോതിൽ സ്പെഷ്യാലിറ്റി-അഡ്മിനിസ്ട്രേറ്റീവ് കാഡർ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് ഗവ. മെഡിക്കൽ കോളേജുകളിലെ റഫറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന നാഴികക്കല്ലാവുമെന്ന് മാത്രമല്ല ആരോഗ്യമേഖലിൽ ഗുണപരമായ വൻമാറ്റത്തിനും പൂർണ്ണതോതിൽ സഹായകരമാവും.
സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളേജുകളും മികവിന്റെ കേന്ദ്രങ്ങളാവുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലായാലും അത്യാധുനിക ഉപകരണങ്ങളുടെ കാര്യത്തിലായാലും ഏറെ പിറകിലായിരുന്നുവെന്ന പഴയ സ്ഥിതി മാറിവരികയാണ്. കോഴിക്കോട്ടും തൃശൂരിലും എംആർഐ സ്കാനിംഗ് മെഷീൻ സ്ഥാപിച്ചു. മറ്റ് മൂന്ന്് മെഡിക്കൽ കോളേജുകളിലും ഡിസംബറിനകം സ്ഥാപിക്കും.അഞ്ച് മെഡിക്കൽ കോളേജുകളിലുമായി ഏതാണ്ട് 70 കോടി രൂപയുടെ അത്യാധുനിക ഉപകരണങ്ങളാണ് മൂന്ന് വർഷത്തിനകം വാങ്ങിയത്. സിടി സ്കാൻ, അൾട്രാ സൗണ്ട് സ്കാനർ, റേഡിയോ തെറാപ്പി സിമുലേറ്റർ, കാത്ത്ലാബ്, ട്രീറ്റ്മെന്റ് പ്ലാനിംഗ് സിസ്റ്റം തുടങ്ങിയവ ഇതിൽ പെടും. എസ്‌എടിയിലും ഐഎംസിഎച്ചിലും നിയോനാറ്റൽ സംവിധാനം ശക്തിപ്പെടുത്തി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 120 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും ഒപി ബ്ലോക്കും ഈ വർഷം പൂർത്തിയാക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ മുടങ്ങിക്കിടന്ന സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ഐഎംസിഎച്ചിൽ 50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ തുടങ്ങി. ആലപ്പുഴ മെഡിക്കൽ കോളേജിന്റെ വണ്ടാനം ക്യാമ്പസിൽ മികവുറ്റ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് പ്രവർത്തനം പൂർണ്ണമായും അങ്ങോട്ട് മാറ്റുകയാണ്. കോട്ടയം മെഡിക്കൽ കോളേജിലും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിക്കുകയും ചെയ്തു. തൃശൂർ മെഡിക്കൽ കോളേജ് മുളങ്കുന്നത്ത്കാവിൽ പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാക്കി. വിദ്യാർഥികളുടെ ഹോസ്റ്റൽ അറ്റകുറ്റപണി നടത്താനും 12 കോടി രൂപ മുടക്കി പുതിയ ഹോസ്റ്റലുകൾ നിർമ്മിക്കാനും നടപടി എടുത്തു.
മെഡിക്കൽ കോളേജുകളിലെ അധ്യാപക ക്ഷാമം മിക്കവാറും പരിഹരിക്കുവാനായി എന്നതും എടുത്തുപറയേണ്ടുന്ന കാര്യമാണ്. അധ്യാപകരുടെ ഒഴിവുകൾ നികത്തുവാൻ സർക്കാർ ഊർജിതമായ നടപടികൾ സ്വീകരിച്ചു. എൻട്രി കാഡറുകളിലെ ഒഴിവുകൾ യഥാസമയം പിഎസ്സിക്ക് റിപ്പോർട്ട് ചെയ്ത് നിയമനം നടത്തുന്നു. സമയബന്ധിതമായി വകുപ്പ്തല പ്രമോഷൻ കമ്മിറ്റി ചേർന്ന് പ്രമോഷൻ തസ്തികകളും നികത്തി. മൂന്ന് വർഷത്തിനിടയിൽ 680 പേർക്ക് പ്രമോഷൻ നൽകി. 19 വകുപ്പുകളിലേക്ക് പിഎസ്സി പുതുതായി അപേക്ഷ ക്ഷണിച്ചപ്പോൾ 2,500 ലേറെ അപേക്ഷകളാണ് ലഭിച്ചത്. അടുത്ത ആറ് മാസത്തിനുള്ളിൽ മുഴുവൻ തസ്തികയും നികത്തപ്പെടും.
മെഡിക്കൽ കോളേജുകളിലെ സേവനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ റസിഡൻസി സമ്പ്രദായം ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി മെഡിക്കൽ കൗൺസിലിന്റെ മാനദണ്ഡങ്ങളനുസരിച്ച് 450 ജൂനിയർ റസിഡന്റുമാരുടെ 24 മണിക്കൂർ സേവനം ഉറപ്പുവരുത്തി. കൂടാതെ സീനിയർ റസിഡന്റുമാരുടെ 241 തസ്തികകൾ സൃഷ്ടിച്ചു.
മെഡിക്കൽ സർവകലാശാല
അക്കാദമിക് നിലവാരം ഉയർത്തുകയും ഗവേഷണ പ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആരോഗ്യ സർവകലാശാല സ്ഥാപിക്കുകയാണ്. ഇതുകൂടി യാഥാർഥ്യമാവുന്നതോടെ അധ്യാപകർക്ക് കൂടുതൽ ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ സൗകര്യം ലഭിക്കും.
ആരോഗ്യ-ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്ക് വേണ്ടിയുള്ള ഈ പ്രവർത്തനങ്ങളിൽ ഏവരുടേയും പിന്തുണ അഭ്യർഥിക്കുകയാണ്. പ്രായോഗികമായി വരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഏത് ഭാഗത്തുനിന്നുവന്നാലും സ്വീകരിക്കുവാൻ സദാ സന്നദ്ധമാണ്. ഭാവി കേരളത്തിന്റെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് മാതൃകയാവുന്ന ഈ മാറ്റങ്ങളെ എല്ലാവിഭാഗം ജനങ്ങളും ഏക മനസ്സോടെ സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസവും എനിക്കുണ്ട്.
-----------------------------
|