Home | Contact Us | Guestbook | Font
Jyothiss

ലേഖനം
ഔഷധമാകുന്ന ആഹാരം
ഡോ. പിങ്കി
കുറയുന്ന മരണനിരക്ക്‌ (Mortality); കൂടുന്ന രോഗാതുരത(Morbidity)
കേരളത്തിന്റെ ആരോഗ്യത്തെകുറിച്ച്‌ ഈയടുത്തകാലത്ത്‌ നടത്തിയ പഠനം വെളിപ്പെടുത്തുന്നതാണിത്‌. യൗവനം മുതലേ സന്തതസഹചാരികളാകുന്നത്‌ ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകളാണ്‌, ഔഷധമൂല്യം കൂടി പ്രദാനം ചെയ്യുന്ന ആഹാരരീതികളിൽ നിന്ന്‌ വ്യതിചലിക്കുന്നതോടെ, ആഹാരം ഔഷധമാകുന്നതിനുപകരമായി ഔഷധം ആഹാരമാകുന്നു. കൈകുമ്പിളിൽ ഒരു പിടി ഗുളികകളും മറുകൈയിൽ ഒരു ഗ്ലാസ്‌ വെള്ളവുമെന്നത്‌ മലയാളിയുടെ ദിനചര്യയിലെക്ക്‌ കടന്നുവന്ന ഒരു പുതുശീലമാണ്‌.
ഋതുക്കൾക്കനുസരിച്ച്‌ പ്രക്യതി ഉത്പാദിപ്പിക്കുന്ന വിളകളെയാണ്‌ നമ്മുടെ മുൻതലമുറകൾ ഭക്ഷണമാക്കിയിരുന്നുവെന്നതായിരിക്കണം, അവരുടെ അത്ഭുതപ്പെടുത്തുന്ന ആരോഗ്യത്തിന്റെ അടിസ്ഥാനം. ആഗ്രഹിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഏതു കാലത്തും ലഭ്യമാകുവാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ പാർശ്വഫലങ്ങൾക്ക്‌ കാരണമാകുന്നുവെന്നത്‌ ഇപ്പോൾ നാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.
പ്രക്യതിയും ഋതുക്കളും ദിനരാത്രങ്ങളും ശാരീരികപ്രവർത്തനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന വസ്തുത ആയുർവേദശാസ്ത്രം അംഗികരിക്കുന്നുവെന്ന്‌ മാത്രമല്ല, അവയ്ക്കനുസരിച്ച്‌ ആഹാര-വിഹാരങ്ങളിൽ അനുവർത്തിക്കേണ്ട മാറ്റങ്ങളെ ഋതുചര്യ, ദിനചര്യ തുടങ്ങിയ ആരോഗ്യനിർദേശങ്ങളിലുൾപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌. ആയുർവേദശാസ്ത്രം കൈകാര്യം ചെയ്യുന്ന ചികിത്സകൾ ഒരേ സമയം ഡയറ്റിഷ്യന്റെ ഭാഗം കൂടി നിർവഹിക്കുന്നുണ്ട്‌.
ആയൂർവേദത്തിൽ പത്ഥ്യങ്ങളെന്നതു വഴി ഉദ്ദേശിക്കുന്നത്‌, രോഗം വീണ്ടും വരാതിരിക്കാനായി ഒഴിച്ചു നിർത്തേണ്ട ഘടകങ്ങളെയാണ്‌. കാരണങ്ങളില്ലാതെ കാര്യമുണ്ടാകുന്നില്ലെന്നത്‌ രോഗോൽപ്പത്തി പ്രക്രിയയിലും പ്രസക്തമാണെന്നതാണ്‌ ആയുർവേദ കാഴ്ച്ചപ്പാട്‌. മിതവും ഹിതവുമായ ആഹാരം ആരോഗ്യത്തിനു കാരണമാകുന്നപോലെ, അമിതവും അഹിതവും വിരുദ്ധവുമായ ഭക്ഷണരീതി അനാരോഗ്യത്തിനു വഴി തുറക്കുന്നുവെന്ന്‌ മനസ്സിലാക്കാം.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം മറ്റുജോലിത്തിരക്കുകൾ മൂലം ആഹാരം കഴിക്കുന്നതിന്‌ കൃത്യമായി സമയം പലപ്പോഴും പാലിക്കാനാകാറില്ല. ഇതു മൂലമുണ്ടാകുന്ന ദഹന വൈകല്യങ്ങൾ ഉദരരോഗങ്ങളേയും വിളർച്ച പോലുള്ള അവസ്ഥകളേയും സ്യഷ്ടിക്കുന്നു. മിച്ചം വരുന്ന ആഹാരം ആവശ്യമില്ലെങ്കിലും കഴിച്ചു തിർക്കുന്നശീലം ചില വിട്ടമ്മമാരിലുണ്ട്‌. എല്ലാം കൊണ്ടുവന്നു തള്ളിയാലും പ്രതികരിക്കാത്തവയല്ല നമ്മുടെ ദഹനാവയവങ്ങളെന്നോർക്കണം. പ്രതികരണത്തിന്റെ ഭാഷ രോഗത്തിന്റേതായിരിക്കുമെന്നുമാത്രം. പെൺകുട്ടികൾ നേരത്തെ ഋതുമതിയാകുന്നത്‌ (Early Menarche) മാറിയ ആഹാരരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്‌ വിദഗ്ദ്ധാഭിപ്രായം. ഗുരു(Heavy) ആഹാരങ്ങൾ വിശപ്പിന്റെ പകുതിയളവിലും ലഘു ആഹാരങ്ങൾ ത്യപ്തിവരുവോളവും കഴിക്കുവാനാണ്‌ ആയുർവേദം അനുശാസിക്കുന്നത്‌.
ഫാസ്റ്റ്‌ ഫുഡുകൾ ദഹനകാര്യത്തിൽ വളരെ "സ്ലോ" ആണെന്നതാണ്‌ സത്യം. കൂടാതെ അവയിൽ ചേർക്കുന്നവ ശരിരത്തിന്‌ ഹാനികരവുമാകുന്നുണ്ട്‌. മുമ്പ്‌ കഴിച്ച ആഹാരം ദഹിച്ചുവെന്നതിനും ഇനി ശരിരത്തിന്‌ ഭക്ഷണമാവശ്യമാണ്‌ എന്നതിനുമുള്ള അറിയിപ്പ്‌ (Signal) ആണ്‌ വിശപ്പ്‌. വിശപ്പിനനുസരിച്ച്‌ ക്രമീകരിക്കുന്ന ഭക്ഷണശീലമുള്ളയാൾ ആരോഗ്യവാനായിരിക്കും, അല്ലാത്ത പക്ഷം രോഗിയും.

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font