|
|
കഥ
ബോംബേ ഡ്രീംസ്
ശ്രീബാല കെ മേനോൻ |
വരും വരാതിരിക്കില്ല. വിമല സ്ക്രീനിങ് ടൈംടേബിൾ വിടർത്തി ഒന്നു കൂടി നോക്കി. ഇന്നു രാവിലെ 11 മണിക്ക് തന്നെയാണ് ഷോ. സമയമോ, ദിവസമോ, തെറ്റിയിട്ടില്ല. പക്ഷേ, എവിടെ അവൻ ചുറ്റുമുളള മുഖങ്ങളിലധികവും വിദേശീയരാണ് . പിന്നെ ഉത്തരേന്ത്യക്കാരും. പേരിന് മാത്രം കുറച്ച് തമിഴന്മാരും മലയാളികളും. ഭാഗ്യത്തിന് മലയാളികളിൽ പരിചയമുളള ആരുമില്ല. അല്ലെങ്കിലും ഡോക്യുമെന്ററി വിദേശീയരുടെ ഇടപാടല്ലേ. ഇന്ത്യക്കാർക്ക് വാർത്തയായലും ചരിത്രമായാലും എല്ലാം ഫിക്ഷന്റെ രൂപത്തിൽ വേണം. ഒരു മാതിരി കൊഴു കൊഴാ , വഴു വഴാ. ഒറ്റകാര്യവും നേരെ ചെവ്വേ പറയരുത് പറഞ്ഞാൽ പിടിക്കില്ല. ഇതൊക്കെ കൊണ്ടല്ലേ ഇവിടെ ആരോരുമറിയാതെ കിടന്ന അവൻ വിദേശത്തുപോയി പ്രസിദ്ധിയാർജ്ജിച്ച് യങ് ഇന്ത്യൻ ഡോക്യൂമെന്ററി മേക്കർ ഫ്രം ഫ്രാൻസ് എന്ന നിലയിൽ ഇവിടെ പുനർജജനിക്കുന്നത്.
രണ്ട് വർഷത്തിലൊരിക്കൽ മുംബൈയിൽ നടക്കുന്ന ഡോക്യുമെന്ററി ഫെസ്റ്റിവലിനെകുറിച്ചുളള വിശദവിവരങ്ങൾക്കായി ഇന്റർനെറ്റ് പരതിയപ്പോൾ ആദ്യം കണ്ണുടക്കിയത് ആ പേരിലായിരുന്നു. അലി അൻവർ. ഫ്രാൻസ് ഫെസ്റ്റിവലിന് പോണാ, വേണ്ടയോ എന്ന ഇരുനില അതോടെ പോകുന്നു എന്ന ഉറച്ച തീരുമാനമായി. നാട്ടിൽ നിന്നും, വീട്ടിൽ നിന്നും അകലെ അവനോടൊന്നിച്ച് ഒരു ദിവസം അവിചാരിതമായി അടിച്ച ലോട്ടറി.
ഡോക്യുമെന്ററി ഫെസ്റ്റിവെലിന് ചാനലിനെ അഭിമുഖീകരിച്ച് ഞാൻ വരുന്നു എന്ന വിവരത്തിന് ഒരു മെയിൽ അയച്ചതിന് മറുപടി ഒന്നും കിട്ടിയില്ല. എങ്കിലും രണ്ടും കൽപ്പിച്ച് വരാൻ തീരുമാനിക്കുകയായിരുന്നു. എന്റെ കത്ത് കിട്ടിയാൽ വരാതിരിക്കാൻ ആവില്ല എന്ന് മനസ്സ് തന്ന ഉറപ്പിന് ഇളക്കം തട്ടുകയാണോ?
നാട്ടിലെ ഭാര്യമാരെപോലെ തന്നെയാണോ മദാമ്മകളും? ഭർത്താവിന്റെ എല്ലാ കാര്യങ്ങളിലും കയറി ഇടപെടുകയും, അഭിപ്രായം പറയുകയും , വിലക്കുകൾ വയ്ക്കുകയും ചെയ്യുമോ? ചെയ്യുമായിരിക്കും. അതുകൊണ്ടാണ് വരാതിരിക്കുന്നത്. ഇമെയിൽ ചെയ്യണ്ടായിരുന്നു. ഒരു സർപ്രൈസായി മുന്നിൽ ചെന്നങ്ങ് നിന്നു കൊടുത്താൽ മതിയായിരുന്നു. മദാമ്മയായാലും കാപ്പിരിയായാലും ഇന്ത്യക്കാരിയായാലും ലോകത്തേവിടെയും ഭാര്യമാർക്കും അവരുടെ കെട്ടിയവൻമാർക്കും ഒര പെരുമാറ്റരീതിയാണെന്ന് ആസ്ട്രേലിയക്കാരനെ കെട്ടി കാനഡയിലേക്ക് കുടിയേറിയ സൂസൻ ആൻ ഫിലിപ്പ് പറയുന്നതില്‍ കാര്യമുണ്ടെന്ന് ഇപ്പോൾ തോന്നുന്നു.
സമയം 10.50 പതിനൊന്ന് മണിക്കാണ് ഷോ. ഇനിയും അകത്ത് കയറിയില്ലെങ്കിൽ സീറ്റ് കിട്ടുന്ന പ്രശ്നമില്ല. ഫ്രാൻസിൽ നിന്നുളള ഇന്ത്യക്കാരന് എന്താണ് പറയാനുളളത് എന്നറിയാൻ ജനം ഉന്തി തളളി എത്തിയിട്ടുണ്ട്. അകത്തെ അരണ്ട വെളളിച്ചത്തിൽ ഒഴിഞ്ഞ ഒരു സീറ്റ് അന്വേഷിച്ച് വിമലയ്ക്ക് കണ്ണു കഴച്ചു. ഇന്നലെ ട്രെയിനിൽ വെച്ച് പരിചയപ്പെട്ട ഒരു മലയാളി മദ്ധ്യവയസ്ക്കൻ സുഹൃത്തിനായി പിടിച്ചുവച്ച സീറ്റിലേക്ക് കണ്ണ് കൊണ്ട് ക്ഷണിക്കുന്നു. ക്ഷണം മനസ്സിലായില്ല എന്ന ഭാവത്തിൽ അയാളെ നോക്കി പുഞ്ചിരിച്ച് വിമല മറുവശത്ത് കണ്ടെത്തിയ ഒരു കസേരയുടെ അടുത്തേക്ക് ആശ്വാസത്തോടെ നടന്നു.കൃത്യം പതിനൊന്ന് മണിക്ക് ബെല്ലടിച്ചു. ഒരു നിമിഷത്തിനുശേഷം മങ്ങിയ വെളിച്ചം അണഞ്ഞു. ഡയറക്ടറെ ആദരിക്കുന്ന ചടങ്ങില്ലാതെ ഡോക്യൂമെന്ററി തുടങ്ങി .ഉറപ്പായി. വന്നിട്ടില്ല .മിനിഞ്ഞാന്ന് ഇങ്ങോട്ട് വരാനായി സാധനങ്ങൾ അട ക്കി പെറുക്കിവയ്ക്കുമ്പോൾ അമ്മയുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നത് കണ്ട് ഒരു സന്തോഷമൊക്കെ തോന്നിയിരുന്നു. ടീച്ചരുടെ റെക്കമേന്റഷനിൽ വീട്ടിൽ നിന്നും എക്സ്കർഷന് പുറപ്പെടുന്ന കുട്ടിക്ക് തോന്നുന്ന മാനസികാവസ്ഥ. കൂടെ വരാനുളള എല്ലാ ശ്രമങ്ങളും തുടക്കം മുതലേ യുക്തിപൂർവ്വം എതിർക്കുന്നത് കണ്ട് അമ്മ ഊഹിച്ചിരുന്നു. അവനും വരുന്നുണ്ടാവുമെന്ന്. ഒന്നും ചോദിച്ചില്ല. പക്ഷേ, പോകാനുളള ദിവസം അടുത്തുവരും തോറും അച്ഛനോട് ആവശ്യമില്ലാതെ വഴക്ക് കൂടുകയും മുഖം വീർപ്പിച്ച്‌ആരോടും മിണ്ടാതിരിക്കുകയും, ചേച്ചിയെ വീട്ടിൽ വരുത്തി ഞാൻ കേൾക്കാതെ എന്തൊക്കെയോ കുശുകുശുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഒന്നുമറിയാത്ത മട്ടിൽ ചേച്ചിയും ഒരു ശ്രമം നടത്തി നോക്കി.
'ഞാനിതുവരെ മുംബൈ കണ്ടിട്ടില്ല. മൂന്ന് നാല് ദിവസത്തേയ്ക്ക് മോനേ അമ്മ നോക്കാമെന്ന് പറഞ്ഞിട്ടുണ്ട്.' ഒഫീഷ്യൽ എന്ന പദം വെച്ച് ആ വഴിയും അടച്ചതോടെ അമ്മ നിരാഹാരവ്രതം തുടങ്ങി. ഇറങ്ങാൻ നേരത്ത് മുറിയിൽ നിന്നും പുറത്ത് വരാൻ പോലും കൂട്ടാക്കിയില്ല. പോയിവരാം എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് , ഉളളിൽ പതഞ്ഞു പൊങ്ങുന്ന സന്തോഷം വെളിയിലേയ്ക്കെടുക്കാതെ കുറുമ്പുകാണിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ഉഷാ റുമായി ട്രെയിനിൽകയറി. എല്ലാം ഈ നിമഷത്തിൽ അവസാനിച്ചിരിക്കുന്നു. മടുത്ത മനസ്സ് കാഴ്ചകളെ തലയിലേയ്ക്കയച്ച് ചിന്തകളാക്കി മാറ്റാതെ വെറും ദൃശ്യങ്ങളാക്കി കണ്ണിനു മുൻപിലൂടെ ഓടിച്ച് വെല്ലുവിളിക്കുന്നു. ഏഷ്യൻ വംശജർ, മലയാളി നേഴ്സുമാർ, 9/11 , പർദ്ദയണിഞ്ഞ സ്ത്രീകൾ ഫ്രാൻസിലെ തെരുവുകളിലൂടെ നടക്കുന്നത്. മുസ്ലീം പ്രാർത്ഥനായോഗങ്ങളിൽ പങ്കെടുക്കുന്ന വിദേശികൾ, ബോളിവുഡ് സിനിമയിലെ മുസ്ലീം വില്ലൻമാർ, മസാലദോശ പഞ്ചാബി തട്ടുകടയിൽ നിന്നും സ്വാദോടെ അടിച്ചു വിടുന്ന സായിപ്പ് ഇങ്ങനെ പല ചിത്രങ്ങൾക്കുമൊടുവിൽ ഡോക്യുമെന്ററി തീർത്ത് അവന്റെ പേര് തെളിഞ്ഞു.നിർത്താതെയുളള കരഘോഷം. കാണികൾ ഡോക്യുമെന്ററി ഏറ്റെടുത്തിരിക്കുന്നു. തിയേറ്ററിൽ ലൈറ്റ് വീണപ്പോൾ സ്റ്റേജിൽ അവൻ !
ഹോട്ടലിൽവച്ച് ഒരു വട കഴിക്കുന്ന ലാർഘവത്തോടെ നമുക്ക് വിവാഹം കഴിക്കാം എന്ന് ചോദിച്ച വേളയിൽ മാത്രമായിരുന്നു. ഇതിനെക്കാളേറെ എന്നെ അത്ഭുതപ്പെടുത്താൻ അവന് കഴിഞ്ഞിട്ടുളളത്.മനസ്സ് തന്നെ ശരി. വരാതിരിക്കാൻ അവന് ആവില്ല. കേരളത്തിൽ എന്റെ മനസ്സ് തുടിച്ചത് ഫ്രാൻസിൽ അവന്റെ മനസ്സിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ഈഫ് യു ഹാവ് എനി ക്വസ്റ്റൻസ് ഐ ആം ഹിയർ വിത്ത് ദ ആൻസർ അവൻ സദസ്സിനോട് പറഞ്ഞു. ആളാരാണെന്നറിയാതെ ജനം കുഴങ്ങി എന്ന് തോന്നിയതിനാലാവാം ഫെസ്റ്റിവലിന്റെ സംഘാടനകരിലൊരാൾ സ്റ്റേജിൽ ചാടി കയറി അവനെ പരിചയപ്പെടുത്തി. വീണ്ടും കരഘോഷം നിറഞ്ഞ ചിരിയുമായി അവൻ. അലി അൻവർ, ആറടി പൊക്കക്കാരൻ. പൂച്ചക്കണ്ണൻ. പണ്ടുണ്ടായിരുന്ന വയർ എങ്ങോ പോയി മറഞ്ഞിരിക്കുന്നു. അരയിൽ താഴ്ന്ന് കിടക്കുന്ന ജീൻസിൽ ആത്മവിശ്വാസത്തോടെ ഇൻസൈഡ് ചെയ്തു വെച്ചിരിക്കുന്ന വെളള അരക്കൈ ഷർട്ട് കുടവയർ പോയതുകൊണ്ടാവാം പെട്ടെന്ന് വളരെ ചെറുപ്പമായതുപോലെ . അല്ലാതെ മദാമ്മ ഒരുപാട് സമാധാനം കൊടുക്കുന്നത് കൊണ്ടാവും എന്ന് സമ്മതിക്കാൻ മടി. ഇതാണ് എനിക്‌ൿ എന്നെ പറ്റി പിടിക്കാത്ത കാര്യം വേണ്ടാതെ വലിച്ചു പറിച്ച് ദുരെയെറിഞ്ഞ വസ്തു അത് എങ്ങിനെയായാൽ എന്ത് എന്ന് വിചാരിക്കാൻ ഒരിക്കലും സാധിക്കുന്നില്ല.
സമയത്തിന് എത്താൻ കഴിയാത്തതിനുളള കാരണം വിശദീകരിച്ച് ജനത്ത പതിവുപോലെ കൈയിലെടുക്കുകയാണ്. അലി. ആളെ രസിപ്പിക്കാൻ അന്നുമിന്നും അവനെ കഴിഞ്ഞേ ഉളളൂ
ആരും. ബോംബേയിലേക്കുളള ഫ്ലൈറ്റ് കിട്ടണമെങ്കിൽ ഇപ്പോൾ ഇറങ്ങണം എന്ന് ഭാര്യ വിളിച്ചു പറയേണ്ട താമസം കുളിമുറിയിൽ നിന്നും ചാടി ഇറങ്ങി നേരെ ആദ്യം കണ്ട ടാക്സിയിൽ കയറി . വിമാനത്താവളം കണ്ണിൽ കാണുന്ന ദൂരെത്തെത്തിയപ്പോൾ; അതായത് വീട്ടിൽ നിന്നും വെറും രണ്ടു മണിക്കൂർ നേരത്തെ യാത്രയ്ക്കുശേഷം വെറുതെ ലാഗേജ് ഒന്ന് ചെക്ക് ചെയ്തു. എല്ലാം എടുത്തിട്ടില്ലേ എന്നറിയാൻ എല്ലാം ഉണ്ടായിരുന്നു പാസ്പോർട്ടും , ടിക്കറ്റും ഒഴികെ. അത് വീട്ടിലേ മേശവലിപ്പിൽ ഭദ്രം. അതേ ടാക്സിയിൽ തിരിച്ച് വീട്ടിലേത്തി ടിക്കറ്റും പാസ്പോർട്ടും എടുത്തുവന്നപ്പോൾ അടുത്ത ഫ്ലൈറ്റിന് വെറും പത്തു മണിക്കൂർ! ഇവിടെ വന്നിറങ്ങി നേരെ തിയേറ്ററിലേക്ക് വന്നപ്പോൾ അവസാനത്തെ ടൈറ്റിലുകൾക്കൊടുവിൽ സ്വന്തം പേര്. ചാടി സ്റ്റേജിൽ കയറി ഇത്രയും പറഞ്ഞ് നോക്കിയത് എന്റെ നേരെ ഇതൊന്നും എനിക്ക് ഒരു അത്ഭുതവുമില്ല. മറന്നു പോയി അതുകൊണ്ട് ഉറങ്ങിപ്പോയി എന്നു പറഞ്ഞ് ചമ്മി നാശമായി വിവാഹദിവസം റജിസ്ട്രർ ഓഫീസിൽ ഒരു മണിക്കൂർ ലേറ്റായി എത്തിയ ആളാണ് ഇതൊക്കെ എത്രയോ ഭേദം. എന്നെ കണ്ടതും പതിവുപോലെ പൂച്ചക്കണ്ണിറുക്കൽ, പിന്നെ ചിരി വിമല കൈയുയർത്തി ആ ചിരി ഏറ്റുവാങ്ങിയതായി അറിയിച്ചു.
പിന്നീട് ചോദ്യങ്ങളുടെ ഒരു നീണ്ട നിരയായിരുന്നു. ഡയറക്ടറോട് വേണമെങ്കിൽ ഇപ്പോൾ പൊളിച്ചടുക്കി കൈയിൽ കൊടുക്കാം. ഒന്നുമില്ലെങ്കിലും അവന്റെ തട്ടകത്തിൽ തന്നെയല്ലേ എന്റെയും കളി. എന്തിന് ? അങ്ങിനെ നിന്ന നിൽപിന് വെളളം കുടിപ്പിക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ എനിക്ക് അവനോടുളളത് അവന്റെ ഭാഷയിൽ പറഞ്ഞാൽ ഭുതദയ ഭുതങ്ങൾ മനുഷ്യരോട് കാണിക്കുന്ന ദയ ആ ഈമെയില്‍ വായിച്ച് ഞാനോരുപാട് ചിരിച്ചു. ഭാര്യയായിരുന്ന കാലത്തെങ്ങാനുമായിരുന്നു അവൻ എന്നെ ഭുതമെന്ന് വിളിച്ചിരുന്നതെങ്കിൽ ഒരാഴ്ച നീട്ടുനിൽകുന്ന വഴക്കിന് അതു മതിയായിരുന്നു കാരണം ഒരു പാട് മാറിപോയി ഞാനും അവനും പരസ്പരം ഒരു ഫലിതം പറഞ്ഞ് ആസ്വദിച്ച് ചിരിക്കാനുളള സ്നേഹവും അടുപ്പവും ഉണ്ട് ഇപ്പോൾ ഞങ്ങൾ തമ്മിൽ ഞങ്ങളുടെ വിവാഹ ജീവിതത്തിൽ ഒരിക്കലും ഇല്ലാതിരുന്ന കാരം. അമ്മയെവിറളി പിടിപ്പിക്കുന്നതും ഈ സംഗതിയാണ്. വേണ്ടാന്ന് വച്ച് പിരിഞ്ഞാൽ പിരിഞ്ഞത് പോലെയിരിക്കണം പിന്നെന്തിന് സ്നേഹവും ബന്ധവും?
ദാമ്പത്യമല്ലേ അവസാനിച്ചുളളൂ. സൗഹൃദമല്ലല്ലോ എന്ന് പറഞ്ഞുടനേ അമ്മ ചീറും
സൗഹൃദം മണ്ണാങ്കട്ട നിന്റെ ജീവിതം തുലച്ച വൃത്തിക്കെട്ടവൻ മവനെന്താ ഇപ്പോ വേറൊരു പെണ്ണിനെ കിട്ടിയില്ലേ നല്ല കാശുകാരി മദാമ്മ നീ ഇപ്പോഴും ....അവനല്ല; ഞാനാണ് അവനെ ഉപേക്ഷിക്കാൻ തീരുമാനിച്ചത് എന്ന് അമ്മ എപ്പോഴും മറന്നു പോകും. അവനുമായുളള സൗഹൃദം ഫോണോ കത്തോ ഒന്നും അമ്മയ്ക്ക് സഹിക്കാനാവില്ല. അവൻ വിദേശത്തേക്ക് പോയതിൽ പിന്നെ അമ്മയ്ക്ക് വളരെ ആശ്വാസമാണ്. മകളെ ഇനി അവൻ കാണുകയോ മിണ്ടുകയോ ശല്യപ്പെടുത്തുകയോ ചെയ്യില്ലല്ലോ ഇ മെയിൽ വെബ് ചാറ്റ് തുടങ്ങിയവ അമ്മയുടെ അറിവിന്റെ പരിധിക്ക് എത്രയോ അപ്പുറത്തായതുകൊണ്ട് അവനെ ചൊല്ലിയുളള വഴക്കുകൾ തീരെ ഇല്ല എന്ന് തന്നെ പറയാം. മുംബൈയിൽ വെച്ച് ഞാനവനെ വീണ്ടും കാണും എന്ന സംശയം ജനിക്കുന്നതുവരെ മടങ്ങി ചെന്നാൽ ഒരാഴ്ച തിരിച്ചും മറിച്ചും ചോദ്യം ചെയ്യലായിരിക്കും. പാവം മമ്മ കറുപ്പിനും വെളുപ്പിനുമിടയിൽ ഉളള മറ്റാർക്കും ദൃശ്യമാവാത്ത ഒട്ടേറെ നേർത്ത നിറങ്ങളാണ് ബന്ധങ്ങൾക്ക് എന്ന് എത്ര പറഞ്ഞാലും മനസ്സിലാവില്ല.
ചോദ്യങ്ങൾക്കും മറുപടികൾക്കും വിശദീകരണങ്ങൾക്കുമൊടുവിൽ ഭക്ഷണസമയമായി. അതിഥികൾക്കായി ഒരുക്കിയ ആറാം നിലയിലെ ഭക്ഷണശാലയുടെ കൂളിങ്ങ് ജാലകങ്ങൾക്ക് പിന്നിൽ മുംബൈയിൽ പ്രശസ്തമായ ചേരി കൾ ആളും ബഹളവുമൊഴിഞ്ഞ് മയങ്ങികിടക്കുന്നു. അവയുടെ ദയനീയ ഭാവങ്ങൾ പകർത്തി ഉപജീവനം നടത്തുന്ന ഡോക്യുമെന്ററി കലാകാരൻമാരുടെ മുൻപിൽ ഭക്ഷണം കോണ്ടിനെന്റൽ, ഇന്ത്യൻ, ചൈനീസ് എന്ന ലേബലുകളോടെ നീണ്ടു നിവർന്നു കിടക്കുന്നു.
ഞങ്ങളുടെ അന്നത്തിനായി ചേരികളിലെ ദുരിതം നിലനിൽക്കട്ടെ സുനാമിത്തിരകൾ പാവപ്പെട്ട കടൽത്തീരങ്ങളെ ആക്രമിക്കട്ടെ വർഷാവർഷം ഗുജറാത്ത് ആവർത്തിക്കട്ടെ കൊക്കകോളയും പെപ്സിയും വർദ്ധിക്കട്ടെ സ്വവർഗപ്രേമികൾ നരകിക്കട്ടെ എന്ന മൗന പ്രാർത്ഥനയ്ക്കുശേഷം എല്ലാവരും ഭക്ഷണത്തിനായി കടിപിടി തുടങ്ങി.
ഭക്ഷണ സാധനങ്ങളുടെ മുൻപിലൂടെ അവനെ തേടി വിമല നടന്നു. ആരാധികമാർ ഇപ്പോഴും അലിയെ ചുറ്റിപറ്റി നിൽകുന്നുണ്ട്. വിമല വരുന്നതുകണ്ട് പെട്ടെന്ന് എല്ലാവരെയും അവൻ ഒഴിവാക്കി. നിന്നെ ഞാൻ കോണ്ടിനെന്റലിന് മുൻപിലാണ് പ്രതീക്ഷിച്ചത് വിമല പറഞ്ഞു.എന്നും കോണ്ടാനെന്റലല്ലേ. ചെയ്ഞ്ചിന് ഒരു ദിവസം ഇന്ത്യൻ ,ഐ മീൻ ഫുഡ് ആവാമെന്ന് കരുതി.
ഫുഡ് എന്നതിന് ആവശ്യമില്ലാത്ത ഒരു ഊന്നൽ എന്തിനാ ഫിലിം മേക്കറേ?
തെറ്റിദ്ധാരണമൂലം ആകെയുളള ഈ ദിവസം കൂട്ടിച്ചോറാവണ്ടാ എന്ന് കരുതി
തെറ്റിദ്ധരിച്ച് വഴക്കുണ്ടാക്കാൻ ഞാനെന്താ ഇപ്പോഴും നിന്റെ പെണ്ണുമ്പിളളയാ എന്ന മറുപടി ചോദ്യം രണ്ടുരുള ചോറും ചേർത്ത് വിമല മനഃപൂർവ്വം വിഴുങ്ങി. അവനെന്തും പറയാം ഞാൻ കുറിക്ക് കൊളളുന്ന മറുപടി പറഞ്ഞാൽ ഫീൽ ചെയ്യും. പിന്നെ അത് മനസ്സിൽവെച്ച് വേറെ എന്തെങ്കിലും കാരണം പറഞ്ഞ് വഴക്കുണ്ടാകും അതായിരുന്നു ശീലം. വേറെ വിവാഹം കഴിച്ചതുകൊണ്ട് മാറുന്നതല്ലല്ലോ ശീലങ്ങൾ. വീണു കിട്ടിയ ഈ ദിവസം കൈവിടാതെ നോക്കേണ്ടത് സത്യത്തിൽ എന്റെ ആവശ്യമാണ്. അല്ലെങ്കിൽ അങ്ങോട്ടുമിങ്ങോട്ടും കൂടിയുളള 48 മണിക്കൂർ ട്രെയിൻ യാത്രയ്ക്ക് അർത്ഥമില്ലാതാവും. പ്ലേറ്റ് കൈയിൽ പിടിച്ച് ഭക്ഷിച്ചുകൊണ്ട് മേശ ഒഴിയുന്നതും കാത്ത് നിൽക്കുകയാണ് ഞങ്ങൾ അവനെ രണ്ടാം വിവാഹത്തിനുശേഷം ആദ്യമായാണ് നേരിൽ കാണുന്നത്
എങ്ങിനെയുണ്ട് നിന്റെ മദാമ്മ?
ആ ചോദ്യം അവൻ ഇത്രയും ഡയറക്റ്റായി എന്നിൽ നിന്നും പ്രതീക്ഷിച്ചില്ല എന്ന് തോണുന്നു. ഒരു നിമിഷം ഭക്ഷണം കഴിപ്പ് ഒന്ന് നിന്നു. അതേ നിമിഷത്തിൽ മേശയുടെ ഒരരിക് കാലിയാക്കികൊണ്ട് രണ്ട് പേർ എഴുന്നേറ്റു.കുട്ടികളെ പോലെ ഓടി ഞങ്ങൾ അവിടെ ചെന്ന് ഇരുന്നു. ഇതിനിടെ ചോദ്യം കാറ്റിൽ പറന്നു പോയി.
സൗകര്യത്തിൽ ഇരുന്നശേഷം അവൻ ആർത്തിയോടെ ചോറും , ഗോവൻ മീൻകറിയും കൈകൊണ്ട് വാരികഴിക്കാൻ തുടങ്ങി മദാമ്മ മനഃസമാധാനം മാത്രമേ നൽകുന്നുളളൂ എന്ന് തോന്നുന്നു.
ഭക്ഷണസൗകര്യമൊക്കെ എങ്ങനെയാണ് അവിടെ?
ജോലിയുളളപ്പോൾ പുറത്ത് നിന്ന് കഴിക്കും. അല്ലാത്ത ദിവസങ്ങളിൽ പുറത്ത് നിന്ന് ഭക്ഷണം വീട്ടിൽ വരുത്തി കഴിക്കും ഭക്ഷണം എന്നും അലിക്ക് ഒരു പ്രശ്നമായിരുന്നില്ല. എന്ത് ചുക്കും ചുണ്ണാമ്പും അത് എന്ത് വെജിറ്റേറിയനായാലും നോൺ വെജിറ്റേറിയനായാലും തിന്നോളും ഞാൻ പിണങ്ങി അടുക്കള പൂട്ടി നിരാഹാര സമരത്തിനുളള പരിപാടിയാണെങ്കിൽ ഹോട്ടലിൽ പോയി കഴിച്ച് പാട്ടും പാടി ഉറങ്ങാൻ പോവും. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഭക്ഷണം വെയ്പിന്റെയും കഴിപ്പിന്റെയും പേരിൽ മാത്രമായിരിക്കും മൂന്ന് വർഷത്തിനുളളിൽ ഞങ്ങൾ ഇടി
കൂടാതിരുന്നത്. മിശ്രവിവാഹിതർക്കിടയിൽ ഇത് ഒരു റെക്കോർഡ് ആയിരിക്കാനാണ് സാദ്ധ്യത.
രണ്ടാമതും ഭക്ഷണം പ്ലെറ്റിൽ നിറച്ചു വരവേയാണ് അവൻ കുശലം ചോദിക്കാൻ മുതിർന്നത് സീനിയേഴ്സിനു സുഖമല്ലേ? അച്ഛനേയും അമ്മയേയുമാണ് ഉദ്ദേശിച്ചത്.
അവർക്ക് വെറുക്കാനും ചീത്ത പറയാനും നീയെന്ന കോമൺ ശത്രു ഉളളതുകൊണ്ട് പരസ്പരം വലിയ വഴക്കൊന്നുമില്ലാതെ ജീവിക്കുന്നു. എന്നെ ജീവിക്കാനും അനുവദിക്കുന്നു.
നാട്ടിൽ നിന്ന് കുറ്റിയും പറച്ച് പോയിട്ടും എന്നോടുളള ശത്രുത തീർന്നില്ലേ?
എവിടെ ? അതീ ജൻമം മാറുമെന്ന് തോന്നുന്നില്ല. മകളുടെ ജീവിതം താറുമാറാക്കിയ കശ്മലനല്ലേ നീ! ഇങ്ങോട്ട് നീ വരുന്നുണ്ടാവും എന്ന ഊഹമുളളതുകൊണ്ട് അമ്മ എന്റെ കൂടെ വരാൻ ആവുന്നത്ര പയറ്റിനോക്കി.
കൊണ്ടുവരാമായിരുന്നില്ലേ കൂടെ?
നാട്ടിൽവെച്ച് ഞാനേറെ അനുഭവിച്ചിട്ടുളളതാണ് ഇവർ തമ്മിലുളള നിഴൽയുദ്ധങ്ങൾ വിവാഹത്തിന് മുൻപും പിൻപും സുഹൃത്തായി വീട്ടിൽ വന്ന നാൾ മുതലേ അമ്മയ്ക്കവനെ അത്ര പിടുത്തമില്ല അതിന് പറഞ്ഞ കാര്യമാണ് ഏറെ വിചിത്രം പൂച്ചകണ്ണുളള മനുഷ്യരെ വിശ്വസിക്കാൻ കൊളളില്ല. വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ അമ്മ ഇത്രയും കൂടി ഓർമ്മിപ്പിച്ചു അവർക്ക് നാല് വരെ കെട്ടാം. അത് നിയമപരമായ കുറ്റമല്ല നമുക്കതു പറ്റില്ല തികച്ചും മതേതരമെന്ന് കരുതിയ അച്ഛന്റെയും മുഖംമുടി അഴിഞ്ഞു വീഴുന്നതു കണ്ടു. ബാർബ മസ്ജിദ് പൊളിച്ചപ്പോൾ മുസ്ലീമുകളുടെ കൂടെ ജാഥയ്ക്ക് പോയ അച്ഛനാണോ അലരി വിളിച്ചുനിൽക്ക്ന്നത് എന്ന് വിശ്വാസം വരാതെ ഞങ്ങൾ നോക്കി.ആദ്യത്തെ രോഷപ്രകടനങ്ങൾക്ക് ശേഷം അദ്ദേഹം ഇന്നുവരെ എന്നോട് മിണ്ടിയിട്ടില്ല. മുഖംമൂടി അഴിഞ്ഞുവീണത്തിന്റെ ജാള്യതയാവാം
വിവാഹം വേർപ്പെടുത്താൻ തീരുമാനിച്ച വിവരം നാട്ടിൽ അവതരിപ്പിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷം പ്രകടിപ്പിച്ചതും അമ്മയാണ്. പുറപ്പെട്ട് പോയ ഒരാൾ തിരികെ വീട്ടിലേത്തിയത് പോലുളള ഒരു പെരുമാറ്റം തലയിൽ എണ്ണതേച്ച് മുഖത്ത് ഫേസ്പാക്കിട്ട് തന്ന് ന്യൂസ് റീഡിങ്ങിന് ദിനവും മാറി മാറി ഇടേണ്ട ചുരിദാരുകൾ അലക്കി ഇസ്തിരിയിട്ട് തന്ന്, എനിക്ക് വരുന്ന എല്ലാ കത്തുകളും കോളുകളും പരിശോധിച്ച് ആരാധകരെ ചീത്ത പറഞ്ഞ് ഓടിച്ച് എന്റെ സുഹൃത്തുകളോടും, ബന്ധുക്കളോടും അലിയുടെ കുറ്റങ്ങൾ വാതോരാതെ പറഞ്ഞ് കേൾപ്പിച്ച് അമ്മ എന്നെ വീണ്ടെടുത്തു.
ഒരാറുമാസക്കാലം അമ്മ വരച്ച വൃത്തതിനുളളിൽ ജീവിച്ച് ഞാൻ അമ്മയുടെ കുട്ടിയായി കൊടുത്തു. ജനിച്ചനാൾ മുതൽ എവിടെയും ഒന്നാം സ്ഥാനം മാത്രം കരസ്ഥമാകുന്ന അമ്മയുടെ അഭിമാനഭാജനമായ ഇളയമകൾ . ബൈക്ക് ആക്സിഡന്റിൽ കൈയും കാലും ചതഞ്ഞ് നോക്കാനാളില്ലാതെ അലി ആശുപത്രിയിൽ കിടന്നപ്പോൾ കുട്ടിരിക്കുകയും, സമയാസമയങ്ങളിൽ ഭക്ഷണം എത്തിച്ചുകൊടുക്കുകയും ചെയ്തപ്പോൾ അമ്മ വാളെടുത്തു. ഇത്രയേറെ സ്നേഹിക്കുന്നുവെങ്കിൽ പിന്നെ വിട്ട് പിരിഞ്ഞതെന്തിന് എന്നായി ചോദ്യം. എന്തിന് എന്ന് ആദ്യമായി അമ്മ തിരക്കിയത് അപ്പോഴായിരുന്നു. അത് തികച്ചും വ്യക്തിപരം എന്ന ഉത്തരം വിമല നൽകിയപ്പോൾ മക്കൾക്കും അച്ഛൻമാർക്കുമിടയിൽ വ്യക്തിപരം എന്നൊന്ന് ഇല്ല എന്നായി അമ്മ. ആശുപത്രി വിട്ട് അലി വീട്ടിൽ തിരിച്ച ദിവസം അവിടെ ചെന്ന് എല്ലാ സൗകര്യങ്ങളുമൊരുക്കി എന്നറിഞ്ഞതോടെ അമ്മ സംസാരിക്കാതെയായി. അമ്മയെ വിഷമിപ്പിച്ചുകൊണ്ട് ഇനി അവനെ കാണില്ല എന്ന് സത്യം ചെയ്ത നൽകിയതാണ് അന്ന് അമ്മയെ അനുനയിപ്പിച്ചെടുത്തത് അതും മാസങ്ങൾക്കും ശേഷം ആ കക്ഷിയെയാണ് കൂടെ കൊണ്ടുവരാമായിരുന്നില്ലേ എന്ന് ചോദിക്കുന്നത്.
ഊണ് കഴിഞ്ഞയുടനേയുളള അവന്റെ പതിവ് സുലൈമാനി കുടിച്ചുതീർത്തശേഷം തികച്ചും നാടകീയമായി ചോദ്യം വാട്ട് ആർ ദി പ്ലാൻസ് ഫോർ ദ ഈവനിങ്ങ്?
എന്റെ നഗരമല്ലല്ലോ മുംബൈ. നിന്റെയല്ലേ സോ. പരിപാടി ചാർട്ട് ചെയ്യേണ്ടത് നീയാണ്.
മുംബൈ അല്ല ബോംബൈ മുംബയെ എനിക്ക് അറിയില്ല. ബോംബേയാണ് മേരി ജാൻ
ടാക്സിയിലിരുന്ന് ഗേറ്റ് വേ ഓഫ് ഇന്ത്യയും പിന്നീട് ഭീകരരുടെ ആക്രമണത്തിന് വിധേയമാകേണ്ട താജ് ഹോട്ടലും, അതിന് അഭിമുഖമായ നടപ്പാതയും, കടലും ധാന്യമണികൾ ഇട്ടുകൊടുക്കേണ്ട താമസം പറന്നുയരുന്ന ചാരനിറത്തിലുളള പ്രാവുകളും ചുണ്ടിക്കാട്ടി. അവൻ. അലി ബോബെയെ എനിക്ക് പരിചയപ്പെടുത്തികൊണ്ടായിരുന്നു. ചാനലിൽ ന്യൂസ് വായിക്കുന്ന വേളയിൽ ഇവയെങ്കിലുംഒട്ടൊരു കൗതുകത്തോടെ വിമല അലിയുടെ ബോംബേ കണ്ടു കൊണ്ടിരുന്നു.
ബോംബേ അവന് എന്നും പ്രിയപ്പെട്ട ഇടമായിരുന്നു. സുഹൃത്തായ കാലം തൊട്ടെ അവന്റെ സംസാരങ്ങളിൽ ഈ നഗരം നിറഞ്ഞു നിൽക്കുമായിരുന്നു. ഏറെയും ഇവിടെ അനുഭവിക്കേണ്ടി വന്ന കഷ്ടപാടുകൾ, ദുരിതങ്ങൾ എന്നിട്ടും വിവാഹം കഴിഞ്ഞപ്പോൾ ഇങ്ങോട്ട് താമസം മാറ്റാം എന്നായി നിർബന്ധം. വിമലയ്ക്കാണെങ്കിൽ ജോലിയില്ലാതെ, പരിചയക്കാരില്ലാത്ത ഈ മനുഷ്യക്കടലിലേക്ക് പറിച്ചു നടപ്പെടുന്ന കാര്യം ആലോചിക്കാനേ വയ്യായിരുന്നു. ചാനലിൽ ന്യൂസ് പ്രസന്ററായി ജോലിക്ക് ചേർന്ന മാസമായിരുന്നു അത് താമസം ബോംബേയിലേക്ക് മാറുന്നതിന്റെ പേരിൽ എന്തൊക്കെ വാശികൾ കരച്ചിൽ ബഹളം പേടിയോടെ മാത്രമേ അന്ന് ഈ നഗരത്തെ കുറിച്ച് ചിന്തിച്ചിട്ടുളളൂ. വഴക്കിന് ഒരു ആൾരൂപമുണ്ടെങ്കിൽ അത് അവനായിരിക്കും എന്ന് ചിന്തിച്ചുപോയ നാളുകളിൽ വഴക്കിന് ഒരു കാരണം ഉണ്ടെങ്കിൽ അതിന്റെ പേരാണ് ബോംബേ എന്ന് നിരവധി തവണ വിചാരിച്ചിട്ടുണ്ട് അതേ ഇടത്തിൽ, അതേ ആളുകൾ ഇത്ര ലാഘവത്തോടെ ടാക്സിയുടെ പിൻസീറ്റിലിരുന്ന് നഗരം ചുറ്റി കാണുന്നു ഇതിന്റെ പേരാണോ ജീവിതം.?
ടാക്സിവന്ന് നിന്ന സ്റ്റേഷന്റെ പേര് കണ്ണിൽപ്പെട്ടു ചർച്ച് ഗേറ്റ് . ഇവിടെയ്ക്കായിരുന്നു. അലിയുടെ അച്ഛനെ തേടി ഉമ്മകണ്ണ് തെറ്റിയാൽ പുറപ്പെടാറുണ്ടായിരുന്നുത്. ചർച്ച് ഗേറ്റ് വരെ പോയ് വരാം എന്നു പറഞ്ഞാണത്രേ മരണദിവസം ബാപ്പ വീട്ടിൽ നിന്നുപോയത്. ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ അമ്മായിഅമ്മ. ഞങ്ങൾ പ്രേമിക്കണോ, അതേ സുഹൃത്തുക്കളായി തുടർന്നാൽ മതിയോ എന്ന് തീരുമാനിക്കാൻ കഴിയാതെ ബുദ്ധിമുട്ടിയിരുന്ന കാലത്താണ് അവർ പെട്ടെന്ന് മരിച്ചത്. മുംബൈയിൽ നിന്നും തിരിച്ചുവന്ന ഉടനെ അവൻ എന്നെ മുറുകെ പിടിക്കുകയായിരുന്നു. ഞാൻ കൂടി പോയാൽ ജീവിതം തീർന്നു എന്ന മട്ട്‍ിൽ ഒരു ഐ ലവ് യു പോലുമില്ലാതെ ,ഞാനവന്റെ കാമുകിയും പിന്നീട് അവൻ എന്റെ ഭർത്താവുമായി മാറിയത് ഇരുപേരുമറിഞ്ഞില്ല.
പതിനഞ്ച് മിനിറ്റ് കാത്തിരിപ്പിനൊടുവിൽ ക്യൂവിന്റെ ഏറ്റവും മുൻപിൽ നിന്നും അവൻ രണ്ട് ടിക്കറ്റ് വീശികാണിച്ചു. ട്രെയിൻ കാത്ത് നിൽക്കുമ്പോൾ എന്നെ പറഞ്ഞു പഠിപ്പിക്കാൻ അവൻ വൃഥാ ശ്രമിച്ചു. ബോംബേയുടെ ജീവനാഡിയായ റെയിൽ പാളങ്ങളുടെ ദിശകളെ കുറിച്ച്. വിമലയ്ക്ക് വാർത്ത വായനവേളയിൽ കണ്ട കത്തികരിഞ്ഞ ബോഗികളും, ചിന്നിച്ചിതറിയ ശരീരഭാഗങ്ങളും, ആളുകളുടെ ഓട്ടപ്പാച്ചിലും, ബന്ധുക്കളുടെ നിലവിളിയും മാത്രമേ മനസ്സിലെത്തിയുളളൂ.
മൂന്ന് ലൈനുകളുണ്ട്. ഹാർബർ, സെൻട്രൽ, വെസ്റ്റേൺ . നമ്മളിപ്പോൾ വെസ്റ്റേണിലൂടെയാണ് സഞ്ചരിക്കാൻ പോകുന്നത്. പത്ത് വർഷക്കാലം രാവിലെയും
വൈകുന്നേരവും ഞാൻ യാത്ര ചെയ്ത വഴി . നിന്റെ കൂടെ സഞ്ചരിക്കണം എന്ന് ഏറെക്കാലം ആഗ്രഹിച്ച വഴി.
പരിചിതരായ അപരിചിതരായിട്ടാവും യാത്ര എന്നു മാത്രം കരുതിയില്ല അല്ലേ?
വിമലയോ?
മറുപടി തിരയുമ്പോഴും ട്രെയിൻ എത്തി. നൂറോളം ആളുകൾ ഒരേ സമയം ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിക്കുന്നതും അതിലും വേഗത്തിൽ അതിലുമധികം ആളുകൾ അകത്തേക്ക് ഇരച്ചുകയറുന്നതും കയറുന്നതും കണ്ട് ഭയന്നു നിൽക്കവേ അവൻ എന്റെ കൈയും പിടിച്ച് ഓടി. വർഷങ്ങൾ കൊണ്ട് ആർജജിച്ച കഴിവോടെ . ഞങ്ങൾ രണ്ടുപേരും അതിനകത്ത് എത്തി. ഒരു നിമഷത്തിന്റെ പകുതി മാത്രം എടുത്തുകൊണ്ട് എങ്ങിനെ എന്ന് അറിഞ്ഞില്ല. ഒരുപാട് ജനങ്ങളുടെ മദ്ധ്യത്തിൽ ഇല്ലാത്ത ഇടം ഉണ്ടാക്കി നിൽക്കവേ അവൻ പറഞ്ഞു. ഫസ്റ്റ് ക്ലാസ്സ് ഞാൻ മനഃപൂർവ്വം ഒഴിവാക്കിയതാണ്. ബോംബേയെ അറിയണമെങ്കിൽ സെക്കറ്റ് ക്ലാസ്സിലെഈ തിരക്ക് അനുഭവിക്കണം.
പീക്ക് അവേർസിൽ മെട്രോ സ്റ്റേഷനിലെത്തുന്ന ഭാര്യയും, ഭർത്താവും, കാമുകിയും, കാമുകനും, ആൺ സുഹൃത്തും, പെൺ സുഹൃത്തും തത്ക്കാലത്തേക്ക് യാത്ര പറഞ്ഞു പിരിയുന്നു. ആണുങ്ങൾ ജനറൽ കമ്പാർട്ട്മെന്റിലും സ്ത്രീകൾ ലേഡിസിലും ഇറങ്ങേണ്ട സ്റ്റേഷനിൽ കൂടിച്ചേർന്ന് യാത്ര പുനഃരാരംഭിക്കുന്നു.ഡോക്യുമെന്ററിയിലാണെങ്കിൽ ഞങ്ങളുടെ കൂടി കാഴ്ചയ്ക്ക് കൊടുക്കാവുന്ന സിംബോളിക്ക് അവസ്ഥ. വിമല തന്നത്താൻ പുഞ്ചിരിച്ചു.ജനറൽ കമ്പാർട്ടുമെന്റിൽ അപൂർവ്വം ചില പെൺസാന്നിദ്ധ്യങ്ങളിലൊന്നായി വിമല നിന്നു. അമിതാഭ്ബച്ചനും ജയഭാദുരിയും ആറടിക്ക് നാല് പതിനഞ്ച് ഇഞ്ച് കൂട്ട് നിന്നാൽ അലിയുടെ അരക്കെട്ടിന് അൽപം മുകളിൽ എന്നാൽ നെഞ്ചിനൊപ്പം എത്തുകയില്ല. ഒരു കുട്ടിക്ക് മുതിർന്നവരുടെ അടുക്കൽ നിൽക്കുമ്പോൾ ലഭിക്കുന്ന സുരക്ഷിതാബോധം അലിയുടെ അടുത്ത് നിൽക്കുമ്പോഴൊക്കെ വിമല അനുഭവിച്ചിരുന്നത് അതാണ്. പൊക്കമില്ലായ്മയുടെ ഓരോ ഗുണങ്ങൾ.! സ്ക്രീനിലെ തങ്ങളുടെ പ്രിയപ്പെട്ട ന്യൂസ് റീഡറെ തേടി സ്റ്റുഡിയോവിലെത്തുന്നവരുടെ ഞെട്ടൽ കാണാൻ വിമലയ്ക്ക് ഇഷ്ടമാണ്. സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന സാന്നിധ്യത്തിന് നാലടി പതിനഞ്ച് പൊക്കമേ കാണൂ എന്ന് പ്രേമം മൂത്ത് കുതിച്ചെത്തുന്ന ആരും ധരിക്കില്ലല്ലോ.
സ്റ്റേഷനിൽ നിന്നു വണ്ടി പുറപ്പെട്ട് പല സ്റ്റോപ്പുകൾ കഴിഞ്ഞിട്ടും ഞങ്ങളാ നിൽപ്പ് തുടർന്നു. വണ്ടി നിൽക്കുമ്പോൾ ഇറങ്ങുന്നവരുടെയും, കയറുന്നവരുടെയും തളളിൽപ്പെട്ട് വീണു പോകാതിരിക്കാൻ അലി ഒരു കൈകൊണ്ട് വിമലയെ ചുറ്റിപ്പിടിച്ചു. സ്റ്റേഷനുകൾ കഴിയും തോറും കൂടിവരുന്ന തിരക്കിൽ സ്തബ്ധയായി നിന്നുപോയ വിമലയ്ക്ക് അത്തരം ഒരു സ്പർശത്തെ കുറിച്ച് ബോധം വരാൻ തന്നെ ഏറെ നേരമെടുത്തു. ബോധം വന്നപ്പോഴാകട്ടെ അതിൽ അസ്വാഭാവികമായി ഒന്നും തോന്നിയതുമില്ല. പ്രേമത്തിന്റെ ഒരു തരിമ്പും അനുഭവപ്പെട്ടതുമില്ല. ഏതൊരു ആൺസുഹൃത്തും നൽക്കുന്ന സംരക്ഷണം പെൺ സുഹൃത്തിനെ അനാവശ്യ ശല്യങ്ങളിൽ നിന്നും സംരക്ഷിക്കുക എന്ന കർത്തവ്യം. അതിലുമപ്പുരം അലിക്കും ഒന്നും തോന്നിയിരിക്കില്ല. അകപ്പെടാനോ , കുതിറിമാറാനോ തോന്നാത്ത അവസ്ഥയിൽ ഒരു അരമണിക്കൂർ! ഇതിനിടയിൽ അലിയുടെ ഇരുപത്തഞ്ച് വർഷക്കാലത്തെ ജീവിതം ഞാനറിയുന്നു. ഈ നഗരത്തിലെ ലക്ഷോപലക്ഷം ജനങ്ങൾക്കിടയിൽ നിന്നും സർഗ്ഗ ശക്തിമാത്രം കൈമുതലായ ഒരു പയ്യന്റെ ഇതാ ഞങ്ങൾ എന്ന് വിളിച്ചു പറയാനുളള വൃഥാ ശ്രമങ്ങൾ; അച്ഛന്റെ മരണം തലയിലേക്കിറക്കിയ കുടുംബഭാരം, ഭ്രാന്തമായ ഏകാന്തജീവിതം
ആരംഭിച്ച അമ്മ; മുള പൊട്ടിയിട്ടും പടർന്ന് പന്തലിക്കാതെ പോയ പ്രേമങ്ങൾ; അർദ്ധസർക്കാർ സ്ഥാപനത്തിലെ ഡോക്യുമെന്ററി വിഭാഗത്തിൽ ജോലി ലഭിച്ച് കേരളത്തിലേക്ക് പോരേണ്ടി വന്നപ്പോൾ ബോംബേ കൈവിട്ടത്തിന്റെ സങ്കടം, ഒരിക്കലും അവസാനിക്കാതെയുളള അലച്ചിലുകൾ.
നീയെന്താ ഇതൊക്കെ ആദ്യമായി കേൾക്കുന്നത് പോലെ?
ഇതൊക്കെ മുൻപ് അലിയോട് പറഞ്ഞിരുന്നോ? മൂന്ന് വർഷം ഒരു വീട്ടിനുളളിൽ കഴിഞ്ഞിരുന്നവരല്ലേ. പറഞ്ഞിരിക്കാനാണ് സാധ്യത. അച്ഛന്റെ മരണം. അമ്മയുടെ ഭ്രാന്ത് , വിവാഹിതയായ ശേഷം ഫോൺ ബന്ധം പോലും പുലർത്താത്ത ചേച്ചി എന്നിങ്ങനെ ചുരുക്കം ചില കാര്യങ്ങളൊഴിച്ച് മറ്റൊന്നും കേട്ടതായി ഓർക്കുന്നില്ല. ആരും ജയിക്കാത്ത ഒരു യുദ്ധത്തിൽ പരസ്പരം നാവ് കൊണ്ട് വെട്ടി മരിക്കുമ്പോൾ സഹജീവിയോട് ദയ തോന്നുന്ന എന്തെങ്കിലും കേട്ടാൽ പോലും കേട്ടതിലും വേഗത്തിൽ മറക്കാൻ ശ്രമിച്ചിരിക്കാനാണ് സാധ്യത. കൈവിട്ടുപോകുന്നതോടെ വസ്തുതകൾക്കും, വ്യക്തികൾക്കും സ്ഥലങ്ങൾക്കും ജീവിതത്തിൽ ആവശ്യത്തിൽ കവിഞ്ഞ ഒരു പ്രാധാന്യം ലഭിക്കുമോ?
ഏതോ ഒരു സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ അവന്റെ സഹായത്തോടെ പുറത്തേക്ക് തെറിച്ചു. വീണ്ടും ടാക്സിയിലേക്ക് ഇത്തവണ ആരോങ്കെയോ കൂടെ വന്ന് കാറിൽ കയറുന്നത് ഞാൻ അന്തം വിട്ട് നോക്കി നിൽക്കവേ അവൻ പറഞ്ഞു. ഷെയറിംങ്ങ് സിസ്റ്റം ഇതാണ് ബോംബേ. നിങ്ങൾക്കുളളതെല്ലാം ഇവിടെ പങ്കുവയ്ക്കേണ്ടി വരുന്നു. വീട്, മുറി. വണ്ടി എല്ലാം.
Only Place left to you is your mind. You live in Bombay in youre minds. ഒരു പക്ഷേ, അലി ആവശ്യപ്പെട്ടത് പ്രകാരം മുംബൈയിൽ വന്ന് താമസമാക്കിയിരുന്നെങ്കിൽ ഞങ്ങളുടെ ദാമ്പത്യം തകരാതിരിക്കുമായിരുന്നോ? എല്ലാം പങ്കിട്ടുളള ഒരു ജീവിതം സാധ്യമാകു മായിരുന്നുവോ? ഇല്ല എന്തിന് ഈ നിമിഷം ആരെങ്കിലും എന്നോട് ഇവനെ വീണ്ടും നിങ്ങളുടെ ഭർത്താവാക്കാം എന്ന നിർദ്ദേശം വയ്ക്കുകയാണെങ്കിൽ ഞാൻ ഈ ടാക്സിയിൽ നിന്നും ചാടി ഇറങ്ങി ഓടിയേനേ; ഇലക്ട്രിക് ട്രെയിനിനേക്കാൾ വേഗത്തിൽ ഭർത്താവ് ഒഴിച്ച് ഇവൻ എന്റെ എന്തുമാവാം കാമുകൻ, കൂട്ടുകാരൻ, സഹപ്രവർത്തകൻ എന്തും.
വിവാഹം കഴിഞ്ഞ നാളുകളിൽ തന്നെ എനിക്ക് ഫീൽ ചെ്തിരുന്നു ഭാര്യ, ഭർത്താവ് എന്ന നിലയിൽ ഒരു പൊരുത്തമില്ലായ്മ. എന്തിനും ഏതിനും പരസ്പരം കടിച്ചുകീറാനുളള ഒരു പ്രവണത. കാര്യകാരണങ്ങളില്ലാതെ ഒരു സുഖകുറവ്. എന്ത് കാര്യം പറഞ്ഞാലും അഭിപ്രായവിത്യാസം , അതിനെ ചൊല്ലി മണിക്കുറുകളോളം നീളുന്ന വാഗ്വാദം. ഒടുവിൽ ഞാനെന്തെങ്കിലും കടുപ്പിച്ച് പറഞ്ഞു പോയി എന്ന പേരിൽ നിശബ്ദമായ പ്രതിഷേധയുദ്ധം. ഇതാണ് ദിനചര്യ. ഒരേ വീട്ടിൽ മിണ്ടാതെ ഒരു മാസം! അക്കാലങ്ങളിൽ ഉറങ്ങുന്ന സമയത്ത് ഞാനവന്റെ മുഖത്ത് നോക്കിയിരുന്ന് അത്ഭുതപ്പെടുമായിരുന്നു. ഈ മനുഷ്യനെയാണോ ഞാൻ സ്നേഹിച്ചത്? സുഹൃത്തായി വളരെനാൾ കൊണ്ട് നടന്നത്? സുഹൃത്തായിരുന്നകാലത്ത് ഒരു അഭിപ്രായവിത്യാസം പോലും ഉണ്ടായിരുന്ന ഓർമ്മ എനിക്കില്ല. ഞങ്ങൾ ഒരുമിച്ചായിരുന്നു ലോകത്തെ മുഴുവൻ നേരിട്ടത്. ഒരേ ഠിരിയിൽ, ഒരേ ശക്തിയായി. പിന്നെ എന്താണ് സംഭവിച്ചത്? എനിക്കും, അവനും ലോകമെന്ന എതിർചേരി ഞങ്ങളെ കൂട്ടുകാരായി കാണാൻ തീരുമാനിച്ചപ്പോൾ തമ്മിൽ തമ്മിലായതാണോ പോരാട്ടങ്ങൾ?
ചെറിയ ചെറിയ കാര്യങ്ങൾ, കാരണങ്ങൾ, ഒരു പാട് അടുക്കും ചിട്ടയും ശീലിപ്പിച്ച കോൺവെന്റ് കൾച്ചറിൽ വളർത്തപ്പെട്ട ഞാൻ. ഗവൺമെന്റ് സ്ക്കൂളിന്റെ എല്ലാ ശീലക്കേടുകളും ഉളള അലി. എടുത്ത സാധനങ്ങൾ അതേ ഇടങ്ങളിൽ തിരിച്ചുവയ്ക്കണം എന്ന് എനിക്ക്
നിർബന്ധം . ഇത് വീടോ പട്ടാള ബാരക്കോ എന്ന് അവൻ. ഇത് നീ നിന്റെ അമ്മയുടെ വീടിന്റെ കാർബൺ കോപ്പിയാക്കി മാറ്റാൻ ശ്രമിക്കരുത് എന്നും അലി കൂട്ടിച്ചേർക്കും. നമ്മൾ തമ്മിലുളള വഴക്കിനിടയിൽ നമ്മുടെ അമ്മയെ വലിച്ചിഴയ്ക്കുന്നതെന്തിന് എന്നാവും ഞാൻ. നിന്നെ ഇങ്ങനെ വളർത്തി വിട്ടത് അവരല്ലെ എന്ന് അവൻ. എനിക്ക് കുറ്റപ്പെടുത്താൻ നിന്റെ അമ്മ പോലുമില്ലല്ലോ എന്നാവും ഞാൻ. ജീവിച്ചിരിക്കുന്നവരെ കുറിച്ച് സംസാരിച്ചാൽ മതി എന്ന് അവൻ. ജീവിച്ചിരിക്കുന്നവരെ കുറിച്ചു സംസാരിക്കേണ്ടന്ന് ഞാൻ. ഒടുവിൽ സ്ഥാനം തെറ്റിവച്ച ഒഴിഞ്ഞ ഒരു ചായകപ്പിനെ ചൊല്ലി രണ്ടു മണിക്കുറെങ്കിലും തർക്കിച്ച് ഞങ്ങൾ പിരിഞ്ഞുപോവും. വേറൊന്നും പറയാനും പ്രവർത്തിക്കാനും അന്നേദിവസം ശേഷി കാണില്ല. വഴക്ക് പ്രധാന ജോലിയായി മാറിയ മൂന്ന് വർഷങ്ങൾ! സുഹൃത്ത് ഭർത്താവാകുന്നതിനിടയിൽ സംഭവിക്കുന്ന രാസമാറ്റം എന്ത്? തിരിച്ച് സുഹൃത്തായപ്പോൾ പഴയപടി സോഫ്റ്റ് കെയറിങ്ങ് ദൈവമേ അവൻ ടാക്സിയിൽ നിന്നും ഓടിയിരങ്ങി തലയിൽ കൈയുംവെച്ച് പരിസരം മറന്ന് നിന്നു. ടാക്സി ഡ്രൈവർ പൈസയ്ക്ക് വേണ്ടി ബഹളം വെച്ചപ്പോഴാണ് സ്ഥലകാലബോധം വന്നത്. തിരിച്ചു വന്നര യാന്ത്രികമായി പൈസ കൊടുത്ത് അലി മുന്നോട്ട് നടന്ന് ഒരു ഷോപ്പിംഗ് കോംപ്ലക്സിലേക്ക് കയറി. എന്തോ തപ്പി തേടി അവൻ മുന്നോട്ട് നീങ്ങി കാര്യമെന്തെന്ന് മനസിലാവാതെ പിന്നാലെ ഞാനും. ഏറെ നടന്ന് അവൻ ഒരു പിസ്സ കോർണറിലേക്ക് കയറി ഞാൻ കൈയിൽ കയറിപിടിച്ച് വിലക്കി എനിക്ക് വിശക്കുന്നില്ല.
അതല്ല
this is my one time home എന്റെ വീടുൾപ്പെടുന്ന കെട്ടിടം നിന്നിരുന്നിടത്താണ് ഈ ഷോപ്പിംഗ് മാൾ പണിതിരിക്കുന്നത് ഉമ്മ മരിച്ചര് വാടകവീട് ഒഴിഞ്ഞതോടെ പിന്നെ ഞാൻ ഇങ്ങോട്ട് നോക്കിയിട്ടില്ല. എങ്കിലും ഈ ഒരു അതിക്രമം മാത്രം പ്രതീക്ഷിച്ചില്ല.
ഇതിനിടയിൽ പിസ്സ കോർണറിലെ ഒരു ജോലിക്കാരൻ ഞങ്ങളുടെ അടുത്ത് വന്ന് പിറകിൽ കൈകെട്ടി സ്റ്റാന്റ് അറ്റ് ഈസ് പൊസിഷനിൽ നിലയുറപ്പിച്ചു. അതിനാൽ ഒരു മേശയുടെ ഇരുവശത്തുമായി ഇരിക്കാൻ ഞങ്ങൾ നിർബന്ധിതരായി.
ഈ ഭാഗം നിന്റെ വീടിന്റെ ഏത് മുറിയായിരുന്നു?
മുഴുവൻ വീടും.
ഞാനവനെ വിശ്വാസം വരാതെ നോക്കി
ചാൽ എന്ന് നീ കേട്ടിട്ടുണ്ടോ. ബോംബേയിലെ മിൽ തൊഴിലാളികളുടെ വാസസ്ഥലം. ഒരു മുറി അതിന്റെ ഒരുവശത്ത് അടുക്കള. എല്ലാം കൂടി ഒരു നൂറ് നൂറ്റൻപത് സ്ക്വയർ ഫീറ്റ് ബാത്ത്‌റൂം കോമൺ അതായിരുന്നു എന്റെ വീട് കേരളത്തിൽ ജീവിക്കുന്ന മനുഷ്യർക്ക് എപ്പോഴെങ്കിലും മനസ്സിലാവുമോ ഒരു മുറിയിൽ അച്ഛനുമമ്മയും, പ്രാരമായ മകളും മകനും ജീവിക്കേണ്ടി വരുന്നതിന്റെ ഗതികേട്.
വിവാഹം കഴിഞ്ഞ് വാടകവീട് അന്വേഷിക്കാനിറങ്ങിയപ്പോൾ അവന്റെ ഡിമാന്റ് സ്വന്തമായി ഒരു മുറി എന്നതായിരുന്നു.അച്ഛനുമമ്മയും ഗൾഫിലും, വിദ്യാഭ്യാസക്കാലം ഹോസ്റ്റലിലും ആയിരുന്ന എനിക്ക് കൂട്ടായ ജീവിതത്തിന്റെ ആദ്യനുഭവമായിരുന്നു വിവാഹം. അതുകൊണ്ടു തന്നെ ഒരു മുറി, ഒരു കട്ടിൽ, ഒരു കിടക്ക, ഒരു അലമാര, ഒരു കംമ്പ്യൂട്ടർ, ഒരു ഇ മെയിൽ അക്കൗണ്ട് എന്ന മട്ടിൽ പങ്കുവെയ്പ്പിന്റെ ജീവിതം ഞാൻ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കവേ അവൻ പരിഹാസപൂർവ്വം ചോദിച്ചത് ഇന്നും ഓർക്കുന്നു. ഒരു ടൂത്ത് ബ്രഷ്?
വൃത്തിബോധം ഒരു മനിയയായി കൊണ്ടുനട ക്കുന്ന ഞാൻ ഗ്വേ , ഗ്വേ എന്ന് ഓക്കാനിച്ച് വീട് മുഴുവൻ ഓടി നടന്നു. ഒരിക്കലും അവന് തനിയെ ഒന്നും ഉണ്ടായിരുന്നില്ല. പിരിയാൻ തീരുമാനിക്കുന്നതിന്റെ തലേദിവസം പോലും ഒരു മുറിയിൽ, ഒരു കട്ടിലിൽ, ഒരു കിടക്കയിൽ രണ്ട് ചിന്താഗതികളുമായി.
മദാമ്മയെങ്കിലും നിനക്ക് സ്വന്തമായി ഒരു മുറി തന്നുവോ?
അവൻ മറുപടി പറയാതെ പിസ്സ ഓർഡർ ചെയ്യാൻ പയ്യനെ വിളിച്ചു.
ഒരു മണി മുഴ ങ്ങുന്ന ശബ്ദവും തൊട്ട് പിന്നാലെ കോറസ്സായി താങ്ക് യു സാർ, താങ്ക് യു മേഡ്, താങ്ക് യു ബേബി എന്ന ബഹളം കേട്ടാണ് തല തിരിച്ച് നോക്കിയത്.നന്ദി പറഞ്ഞ് പിസ്സ കോർണറിലേ ജോലിക്കാറാണ്. വാതിലിനടുത്തുളള അമ്പലമണി അമ്മയുടെ ഒക്കത്തിരിക്കുന്ന കുട്ടി വീണ്ടും അടിക്കാൻ ശ്രമിക്കുന്നു.
ഞങ്ങൾ തയ്യാറാക്കിയ പിസ്സയുടെ രുചി നിങ്ങ ൾക്കിഷ്ടമായെ ങ്കിൽ പോകുമ്പോൾ ആ മണി അടിക്കുക ഓർഡർ എടുത്തുകൊണ്ട് പയ്യൻ പറഞ്ഞു. ശാന്തിമായയുടെ വീടിരുന്നത് അവിടെയായിരിക്കണം. അവരുടെ മകളാണ് എന്റെ ആദ്യ പ്രേമഭാജനം. അന്ന് രണ്ടാം ക്ലാസ്സിലായിരുന്നു ഞാൻ അവളുടെ അച്ഛന്റെ പോക്കറ്റിൽ നിന്ന് ഹൈന അടിച്ചുമാറ്റി കുൽഫി തിന്നാൻ പോകലായിരുന്നു പ്രധാന പരിപാടി അവനൂറി ചിരിക്കുന്നത് കണ്ട് എനിക്കര തെല്ലൊരസൂയ തോന്നി. അവധിക്ക് വരുന്ന അച്ഛനമ്മമാർ കൊണ്ടുവരുന്ന പെട്ടിക്കണക്കിന് ചോക്ലൈറ്റ് തിന്നു തീർക്കാൻ കഷ്ടപ്പെട്ടിരുന്ന ഹോസ്റ്റൽ ബാല്യത്തെകുറിച്ച് എന്ത് നൊസ്റ്റാൾജിക് സ്മരണ!
പിസ്സയും തിന്ന് മണിയും അടിച്ച് ഷോപ്പിംഗ് കോംപ്ലക്സിലെ ഓരോ കടയിലും ഓരോ വീടിന്റെ അവശിഷ്ടവും തപ്പി ഏറെ രാത്രിയായിട്ടാണ് ഞങ്ങൾ റെയിൽവേ സ്റ്റേഷനിലെത്തിയത്. നഗരത്തിൽ നിന്നും വരുന്ന ട്രൈയിൻ അപ്പോഴും നിറഞ്ഞു കവിഞ്ഞു തന്നെ ഒഴിഞ്ഞ കമ്പാർട്ട്മെന്റുകളുമായി ഞങ്ങൾക്കുളള ട്രെയിൻ വന്നു നിന്നു. ട്രെയിൻ നീങ്ങാൻ തുടങ്ങിയതും ഒരു മറാത്തി കുടുംബം ഓടിയെത്തി. അമ്മ, അച്ഛൻ, മകൾ കുട്ടി വീഴാതിരിക്കാൻ അച്ഛൻ അവളെയെടുത്ത് അലിയുടെ കൈയിൽ കൊടുത്തു. അവൻ കുട്ടിയെ എന്റെ അടുത്തുളള സീറ്റിൽ ഇരുത്തി . കുട്ടി എന്നെ നോക്കി ചിരിച്ചു. ഞങ്ങൾ സുഹൃത്തുക്കളായി കളിച്ചും ചിരിച്ചും തുടങ്ങികളിച്ച് തളർന്ന കുട്ടിയുടെ തലമുടിയിൽ വിരലോടിച്ച് വിമല അലിയെ നോക്കി. നേർക്ക്‌ര നേരെ കണ്ണുകളിൽ തറഞ്ഞ നോട്ടം. നേരിടാനാവാതെ അലി കണ്ണുകൾ ജനാലയുടെ പുരത്തേക്ക് പായിച്ചു. അഴുക്കും, വൃത്തിക്കേടും പ്രസരിപ്പിച്ചുകൊണ്ട് പകൽ കത്തി ജ്വലിച്ച ചേരികൾ ഇപ്പോൾ പ്രകാശത്തിന്റെ പൊട്ടുകളായി മാറിയിരിക്കുന്നു. മുംബൈനഗരം ദീപപ്രഭയിൽ കുളിച്ച് കിടക്കുന്നു.
വിവാഹം കഴിഞ്ഞ് അധികംനാൾ കഴിയുന്നതിന് മുൻപ് ഞങ്ങൾക്കിടയിലും ആ വിഷയം കടന്നു വന്നു കുഞ്ഞ് അലിക്ക് അത് മൃദുലത, നിഷ്കളങ്കത, വാത്സല്യം എന്നിവയുടെ രൂപമായിരുന്നു. എനിക്കത് കൊടിയ വേദന. രക്തസ്രാവത്തെ തുടർന്ന് പ്രസവത്തിൽ മരിച്ച മൂത്ത ചേച്ചിയുടെ ഓർമ്മ. അതുണ്ടാക്കിയ നടുക്കം. എനിക്കും അതേ വിധി വന്നു ചേരുമോ എന്ന ഭീതി ഒക്കെയായിരുന്നു. സുഹൃത്തായിരുന്ന കാലത്തേ എനിക്കിത്തരം പ്രശ്നമുളള വിവരം അലിക്ക് അറിയാമായിരുന്നു. വഴക്കുകൾ മൂത്ത്, മദ്യപാനം ആരംഭിച്ച് എന്നോട് പ്രതികാരം ചെയ്യാൻ അവൻ ഉഴറി നടക്കവേ ഒരു ദിവസം ഞങ്ങളുടെ കിടപ്പുമുറിയുടെ വാതിൽക്കൽ ഒരു കുഞ്ഞുടുപ്പ് പ്രത്യക്ഷപ്പെട്ടു. ആണിനും പെണ്ണിനും പാകമാവുന്നതരത്തിൽ ആകാശനീല നിറത്തിലൊരുടുപ്പ്. വീട്ടിൽ വരുന്ന സുഹൃത്തുക്കളെല്ലാം ഉടുപ്പ് വന്നല്ലോ ഇനി എന്നാണ് കക്ഷി വരുന്നത് എന്ന് ചോദിച്ചുകൊണ്ടേയിരുന്നു. ആ ഉടുപ്പ് എന്നിൽ ഭീതിയൂണർത്തി വെല്ലുവിളിച്ചുകൊണ്ട് അവിടെ തുങ്ങികിടന്നു. പിന്നെ പിന്നെ ഓരോ വഴക്കിനുമൊടുവിൽ കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങൾ, ചിത്രകഥകൾ ഇതൊക്കെ വീടിന്റെ ഓരോ മൂലകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അലിയുടെ മദ്യപാനം പതുക്കെ കഞ്ചാവിലേക്കും ലഹരി
മരുന്നുകളിലേക്കും വ്യാപിച്ച നാളുകൾ കൂടെയായിരുന്നു അത്, ഇതെല്ലാം ചെയ്യുന്നത് എനിക്ക് പരിചയമില്ലാതെ ഏതോ വ്യക്തിയാണെന്ന് വിശ്വസിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് ഞാനെന്റ തീരുമാനം വ്യക്തമാക്കി പിരിയാം പക്ഷേ വാക്ക് തരണം കാരണം നമ്മളല്ലാതെ മൂന്നാമതൊരാൾ അറിയില്ലെന്ന് ലോകമെത്ര പുരോഗമിച്ചാലും എത്രയൊക്കെ ഫെമിനിസ്റ്റ് ആശയങ്ങൾ പ്രാവർത്തികമാക്കപ്പെട്ടാലും അമ്മയാവാൻ ആഗ്രഹിക്കാത്ത സ്ത്രീ എല്ലാ ഇസങ്ങൾക്കും പുറത്താണ്. അവളോട് സഹതപിക്കാൻ ലോകത്തൊരാളും കാണില്ല.
പെട്ടെന്ന് അലിയുടെ മൊബൈൽ ശബ്ദിച്ചു. ഫ്രഞ്ച് ഭാഷയിൽ അംഗവിക്ഷേപങ്ങളോടെ അവൻ സംസാരിക്കുന്നത് അടുത്തിരിക്കുന്ന കുട്ടി അത്ഭുതതോടെ നോക്കി കണ്ടു. സംസാരത്തിനിടയിൽ അവൻ കുട്ടിയെ കണ്ണിറുക്കി കാണിക്കുന്നു. അവന്റെ മദാമ്മയാണ് . ഫോൺ വച്ച് കഴിഞ്ഞാലെങ്കിലും, അവരെക്കുറിച്ചോ അവിടുത്തെ ജീവിതത്തെക്കുറിച്ചോ അവനെന്തെങ്കിലും പറയും എന്ന് കരുതി. അതുണ്ടായില്ല.
ഒരു മില്ല് തൊളിലാളിയുടെ മകനും, ഗൾഫുകാരന്റെ മകളും സ്നേഹിച്ച് ഒന്നായാൽ അവരേറെക്കാലം സന്തോഷത്തോടെ ജീവിക്കണമെങ്കിൽ അത് ഹിന്ദി സിനിമയായിരിക്കണം. ഇതായിരുന്നു ബന്ധം വേർപെടുത്തിയ കാലത്ത് കാരണം ചോദിച്ചവരോട് ഞങ്ങളുടെ മറുപടി പക്ഷേ ജനങ്ങൾ അത് കേട്ടത് ഒരു മുസ്ലീം യുവാവും ഹിന്ദു യുവതിയും സ്നേഹിച്ച് വിവാഹിതരായാൽ അവർ സന്തോസത്തോടെ ജീവിക്കണമെങ്കിൽ അത് സിനിമയിലായിരിക്കണം എന്നായിരുന്നെന്ന് മാത്രം. അത് അലിയെ വല്ലാതെ വേദനിപ്പിച്ചു. ഗുജറാത്തിൽ കലാപം കഴിഞ്ഞ നാളുകളായിരുന്നു അത്.
മില്ല് ജോലിക്കാരന്റെ മകനും ഫ്രഞ്ച് മദാമ്മയും തമ്മിലുളള ഇക്വേഷൻ എങ്ങനെ? എന്ന ചോദ്യം ഉച്ച മുതൽ എന്റെ നാവിലുണ്ട് ഒട്ടും ശരിയല്ല എന്ന മറുപടി എന്നെ സന്തോഷിപ്പിക്കുമോ വളരെ സുഖം എന്ന ഉത്തരം എന്നെ വിഷമിപ്പിക്കുമോ? തീർച്ചയില്ലാത്തതുകൊണ്ട് ഓടി മറയുന്ന പ്രകാശമാനമായ ചേരികളെ നോക്കി ഇരുന്നു. ഹോട്ടൽ ലോബിയിൽ വെച്ച് ശുഭരാത്രി പറഞ്ഞ് പിരിയുമ്പോൾ ഇനി എന്ന് എന്ന ചോദ്യം മനസ്സിൽ മുഴങ്ങി. അടുത്ത ഫെസ്റ്റിവെലിന് വിമല എടുത്ത ഡോകുമെന്ററിയുമായി വരുന്നു എന്ന് എന്നെ അറിയിക്കു ഞാൻ എത്താം അലി പറഞ്ഞു. 24 ഃ 7 മണിക്കുറും ചാനലിന് അടിയറവ് പറഞ്ഞ ബുദ്ധിയുമായി നടക്കുന്ന എനിക്ക് അത്തരത്തിലുളള ഒരു സാധ്യതയും മനസ്സിൽ തെളിഞ്ഞില്ല. അതുകൊണ്ട് മറുപടി ഒരു ചിരിയിലൊതുക്കി റൂമിലേക്ക് മടങ്ങി. താക്കോൾ തിരിച്ച് മുറിയിലേക്ക് കയറിയതും ഫോൺ ശബ്ദിച്ചതും ഒരുമിച്ചായിരുന്നു. റൂം സർവ്വീസാനെന്ന് കരുതി എടുത്തപ്പോൾ അലിയുടെ ശബ്ദം കാതിൽ
നേരിട്ട് ചോദിക്കണമെന്ന് കരുതിയതാണ്. പക്ഷേ, സാധിച്ചില്ല ഫോണിലാവുമ്പോൾ മുഖത്ത് നോക്കണ്ടല്ലോ. എന്നെയോർത്തല്ല ഒറ്റയ്ക്ക് ജീവിക്കുന്നത് എന്നറിയാം. എങ്കിലും ജീവിതത്തിൽ ഒരു കൂട്ട് ഒരുപാട് ആശിച്ച ഒരാൾ ഒറ്റയ്ക്ക് കഴിയുന്നത് കാണാൻ വിഷമമുണ്ട് അവന്റെ വാക്കുകളിൽ സഹതാപം മുറ്റി നിന്നു.
വിഷമിക്കേണ്ട നീ ചോദിക്കാത്തത് കൊണ്ട് പറഞ്ഞില്ലെന്ന് മാത്രം എനിക്കും ഒരു കൂട്ടുകാരനുണ്ട്. അമ്മയ്ക്ക് പോലുമറിയാത്ത ഒരു രഹസ്യം. ചൂട്‌വെളളത്തിൽ വീണ പൂച്ചയായതുകൊണ്ട് ഭർത്താവാക്കിയില്ലെന്നു മാത്രം
ഒരു നിമഷത്തെ നിശബ്ദത. വീണ്ടും ഒരു ശുഭരാത്രി ആശംസിച്ചുകൊണ്ട് ഫോൺ കട്ടായപ്പോൾ ഞാൻ സൂസൻ ആൻ ഫിലിപ്പിനെ മനസ്സാ സ്മരിച്ചു നന്ദി രേഖപ്പെടുത്തി. വേർപ്പെട്ടവർ വീണ്ടും കണ്ടു മുട്ടുമ്പോൾ ഒരുമിച്ച് ഉണ്ടായിരുന്ന അവസ്ഥയെക്കാൾ
സന്തോഷത്തിലാണ് ഇപ്പോൾ നിങ്ങൾ എന്ന് മറ്റേയാളെ ബോദ്ധ്യപ്പെടുത്തുമ്പോഴാണ് യഥാർത്ഥ പ്രതികാരം സംഭവിക്കുന്നത് എന്നു പറഞ്ഞുതന്നതിന്. പരാജയം ശീലമാകുന്ന ഈ നാളുകളിൽ ഇത്തരം ഒരു ചെറിയ വിജയം എന്നെ ഏറെനാൾ മുന്നോട്ട് കൊണ്ടുപോകും.
കൂട്ടുകാരൻ ? എനിക്ക് അമ്മയുടെ ലേസർ രശ്മിയെ ഭേദിച്ച്? ലൈറ്റണച്ച് കിങ്സൈസ് ബെഡ്ഡിന്റെ ഒരോരം പറ്റി കിടന്നുകൊണ്ട് വിമല ആലോചിച്ചത് ഫ്രഞ്ച് മദാമ്മയെ കുറിച്ച് മാത്രമായിരുന്നു.
|
|

|