|
|
കഥ
ശ്രീലക്ഷ്മിയുടെ കഥ
സക്കീന റഹ്‌മാൻ |
ശ്രീലക്ഷ്മിയുടെ കുഞ്ഞമ്മ പത്രികാശബ്ദത്തിലാണ് സംസാരിച്ചിരുന്നത്. ശാന്തമായൊരു കൊച്ചരുവിയുടെ പ്രവാഹം പോലെ?.. വേണ്ടെന്നു കരുതിയിട്ടും, ഇടയിൽ പലപ്പോഴും അവരുടെ വാക്കുകൾ എന്റെ ശ്രവണേന്ദ്രിയങ്ങളെ തേടി വന്നു. അവരുടെ ഓരോ വാക്കുകളും എന്നിൽ അശരണമായ ഒരു തരം അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്ന സത്യം ഞാൻ വെറുപ്പോടെ അംഗീകരിച്ചു.
വെളുത്തുമെലിഞ്ഞ ഒരു സ്ത്രീയായിരുന്നു ശ്രീലക്ഷ്മിയുടെ കുഞ്ഞമ്മ. വെള്ളി കെട്ടിയ മുടിയിഴകൾ. നെറ്റിയിൽ ഭസ്മക്കുറി. കഴുത്തിൽ കരിമണിമാല. സ്നേഹം കിനിഞ്ഞു നിന്ന ശബ്ദത്തിൽ അവർ സംസാരിച്ചിരുന്നതത്രയും ശ്രീലക്ഷ്മിയെക്കുറിച്ചായിരുന്നു. ഞാൻ ഒഴികെ മറ്റെല്ലാവർക്കും പരിചിതയാണല്ലോ ശ്രീലക്ഷ്മി.
അവർ പറയുകയായിരുന്നു:
'അപ്പോ, ഞാൻ പറഞ്ഞുവരണത് എന്താന്നെച്ചാൽ, നിങ്ങള് ഹോട്ടലിലേക്കൊന്നും പോണ്ട കുട്ട്യോളെ, ഇബ്ടെ തന്നെ കൂടാം? സ്ഥലത്തിന്റെ പഞ്ഞമില്ലല്ലോ ഇവിടെ? താമസിക്കാൻ ആളില്ലാത്ത് കുറവേ എന്നുംണ്ടായിട്ടുള്ളൂ'.
അവരുടെ ശബ്ദം ചെറുതായി വിറച്ചു.
അനന്തേട്ടനും അസീമും പരസ്പരം നോക്കുന്നത് ഞാൻ കണ്ടു. അനന്തേട്ടന് ഇവിടെ കൂടുന്നതാവും ഇഷ്ടം ? അസീമിനോ? അസീം ആ തീരുമാനത്തെ എതിർത്താൽ ഞാൻ രക്ഷപ്പെട്ടേനെ... ഒരു കാരണവുമില്ലാതെ, ഇവിടെ താമസിക്കുന്നതിൽ എനിക്ക് എതിർപ്പുതോന്നി? യാസ്മിൻ അസീമിന്റെ തീരുമാനത്തിൽ ഇടപെട്ടില്ല. അസീമിന്റെ തീരുമാനം എന്താവുമെന്ന് ഞാൻ കാതുകൂർപ്പിച്ചിരുന്നു. അനന്തേട്ടൻ എന്റെ നേരെ നോക്കി. തല വിലക്കിക്കാണിക്കണമെന്നുണ്ടായിരുന്നു, എനിക്ക്. പക്ഷേ ശ്രീലക്ഷ്മിയുടെ കുഞ്ഞമ്മ നോക്കിയിരിക്കെ ഞാനെന്തുചെയ്യാൻ? അസീമാണ് അവസാനം മറുപടി പറഞ്ഞത്.
'ഇവിടെ നിൽക്കുന്നതില് വിരോധണ്ടായിട്ടല്ല കുഞ്ഞമ്മേ, ഞങ്ങളെല്ലാരും കൂടി ശല്യാവും..
ശ്രീലക്ഷ്മിയുടെ കുഞ്ഞമ്മ ദീർഘമായി നെടുവീർപ്പിട്ടു.
'എന്തുശല്യം കുട്ട്യോളെ? എനിക്ക് ആകെണ്ടായ ഒരു സുഖമായിരുന്നു ശ്രീക്കുട്ടീടെ വരവ്.എന്റെ കുട്ടി എത്ര നാള് മുമ്പ് പ്ലാനിട്ടതാന്നോ ഈ യാത്ര? കുഞ്ഞമ്മേ, മാർച്ച് മാസത്തില് അസീമും ഭാര്യയും അനന്തേട്ടനും ഭാര്യയും ഒക്കെക്കൂടി ഞങ്ങള് അങ്ങോട്ട് വർണുണ്ട്. കുഞ്ഞമ്മേടെ കൊതിതീർത്തിട്ടേ ഇത്തവണ എന്റെ കുട്ടി എനിക്കെഴുതി?
അസീം പെട്ടെന്നു നിശ്ശബ്ദനായി. അുറിയിൽ ഞങ്ങൾക്കിടയിൽ അസുഖകരമായ ഒരു നിശ്ശബ്ദത. കെട്ടിനിന്ന നിശ്ചലതയെ പൊട്ടിച്ചെറിഞ്ഞു കൊണ്ട് അനന്തേട്ടൻ പറഞ്ഞു:
'കുഞ്ഞമ്മ വിഷമിക്കണ്ട. ഞങ്ങളിവിടെ കൂടാണ്. പക്ഷെ, താമസിയാതെ ഹോട്ടലിലേക്ക് മാറണ്ടി വരും. എന്റെ ബോസ്സ് വേസ്റ്റണും ഫ്രെഡറിക്കും കേരളം കാണാൻ ഈയാഴ്ചയിങ്ങെത്തും. പിന്നെ ഇവിടെ താമസിക്കണത് ശര്യാവില്ല..
ശ്രീലക്ഷ്മിയുടെ കുഞ്ഞമ്മയുടെ നരച്ച കണ്ണുകളിൽ പ്രകാശം? ചുറുചുറുക്കോടെ അവർ അകത്തേക്കു നടക്കുന്നതിനിടയിൽ വിളിച്ചുപറഞ്ഞു :
'ആച്ചീ, കുട്ട്യേൾക്ക് മുറിയൊക്കെ കാണിച്ചുകൊടുക്ക്.. തടിച്ചുരുണ്ട ഒരു സ്ത്രീ കാറിൽ നിന്നു ഞങ്ങളുടെ ലഗ്ഗേജെടുത്ത് മുകളിലേക്കു നടന്നു. ശ്രീലക്ഷ്മിയുടെ കുഞ്ഞമ്മ തിരികെ വന്ന് എന്റെ കൈ പിടിച്ചു.
'മീരക്കുട്ടീന്നല്ലേ പേരു പറഞ്ഞത്? ഞാൻ അവന്റെ അമ്മയായില്ലാന്നേള്ളൂ കുട്ട്യേ.. അവനെന്റെ സ്വന്തം കുട്ട്യാ. വാ, കുഞ്ഞമ്മ് മുറി കാട്ടിത്തരാം.
തൽക്കാലത്തേക്ക് അവർ യാസ്മിനെ മറന്നുപോയെന്നു തോന്നി. എനിക്കതിഷ്ടമായില്ല. യാസ്മിൻ പക്ഷേ ഒരു ഭാവഭേദവും കൂടാതെ അവരെ പിന്തുടർന്നു. കോണിപ്പടികൾ തുടങ്ങുന്നിടത്തു വച്ച് അവർ നിന്നു.
'ഇനി ഞാൻ വരണില്യ.കോണി കയറണത് വല്ലപ്പോഴുമേള്ളൂ. കയറിച്ചെല്ലുമ്പോ ആദ്യം കാണണ മുറിയാ കുട്ടിയ്ക്കും അനന്തൂനും. മറ്റേത് അസീമും ഭാര്യേം എടുത്തോട്ടെ.. യാസ്മിൻ തലയാട്ടി. പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.
'എന്തു ഗ്രാന്റ് അറേഞ്ച്മെന്റ്സാ മീരേ ഇവിടത്തെ. വെറുത്യല്ലാ ലക്ഷ്മി പറഞ്ഞിരുന്നെ. കുഞ്ഞമ്മ മിടുക്കിയാണെന്ന്--- യാസ്മിൻ മന്ത്രിച്ചു.
ആ വീട്ടിലെ ഓരോ ഇഞ്ച് സ്ഥലവും മനോഹരമാണെന്നു തോന്നി. കോണിപ്പടിയിൽ വിരിച്ച് കാർപറ്റിന്റെ മൃദുലത ഒരു തരിപ്പായി, ഇക്കിളിയായി ആ കാൽ വള്ളയിലൂടെ പടർന്നു കയറി.
ആ വീട്ടിലെ എറ്റവും മനോഹരമായ മുറിയാണ് അവർ ഞങ്ങൾക്ക് തന്നിരിക്കുന്നതെന്നു തോന്നി. വിസ്തൃതമായ ജനൽ തുറന്നിട്ടാൽ പ്രകൃതിയുടെ മുഴുവൻ ഭംഗിയും ഞങ്ങൾക്കാസ്വദിക്കാമായിരുന്നു. ജനലിന്റെ കർട്ടൻ ഇളം നീല ലേസുകൊണ്ടു നിർമ്മിച്ചതായിരുന്നു. മുറിയുടെ ചുമരുകളുടെ നിറം ഇളം നീലയാണെന്ന് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. വിസ്തൃതമായ കട്ടിലിൽ വിരിച്ച വിരികളുടെ നിറം പോലും ഇളം നീലയായിരുന്നു. എന്തോ ഒരു തരം അലൗകികത ആ മുറിയിൽ പടർന്നു കിടക്കുന്നതായി എനിക്കു തോന്നി. ഒപ്പം നേരത്തെ പത്തി താഴ്ത്തി നിന്ന അസ്വസ്ഥത ഒരിക്കൽക്കൂടി തലയുയർത്തുന്നത് ഞാനറിഞ്ഞു.
ഞാൻ കളിച്ചു വരുമ്പോൾ യാസ്മിൻ എന്നെക്കാത്തു നിൽക്കുകയായിരുന്നു. താഴെ കാപ്പികുടിക്കാൻ പോവാൻ വെള്ളം മുഴുവൻ വാർട്ടുപോയിട്ടില്ലാത്ത മുടിയുടെ അറ്റം കെട്ടിയിട്ട് ഞാൻ യാസ്മിന്റെ കൂടെ പടികളിറങ്ങി.
മേശപ്പുറത്ത് പലതരം വിഭവങ്ങളൊരുക്കുവച്ചിരുന്നു. ഞാൻ മുറിക്കകത്തേക്കു പ്രവേശിച്ച് ഉടൻ ശ്രീലക്ഷ്മിയുടെ കുഞ്ഞമ്മ എന്നെ വിളിച്ചു. ഒരു കസേര അടുത്തേക്കു നീക്കിയിട്ടു.
'ബടെ ഇരിക്കൂ കുട്ട്യേ.. ഞാൻ അവരിട്ടുതന്ന കസേരയിലിട്ടു. ഒരു നിമിഷം അവരുടെ നരച്ച കണ്ണുകൾ എന്നെ ചൂഴ്ന്നുനോക്കുന്നതനുഭവപ്പെട്ടു. പിന്നെ എന്തിനോ ആ കണ്ണുകൾ തിളങ്ങുന്നതു ഞാൻ കണ്ടു. പിന്നാലെ അവരുടെ സന്തോഷം പുരട്ടിയെടുത്ത വാക്കുകൾ :
'അനന്ത്വോ,നെന്റെ ഭാര്യയ്ക്ക് എന്റെ ശ്രീക്കുട്ടീടെ ഒരു ഛായേറ്റെ നെനക്ക് തോന്നുണുണ്ടോ??
പെട്ടന്ന് നാലുജോഡി കണ്ണുകൾ എന്നെ സസൂക്ഷ്മം ശ്രദ്ധിക്കുന്നത് എന്റെ അസ്വസ്ഥതയെ അധികരിപ്പിച്ചു. ഞാൻ എന്റെ ശ്രദ്ധ മന:പൂർവ്വം മേശപ്പുറത്തെ പ്ലേറ്റിലേക്ക് തിരിച്ചു. മുന്നിൽ കണ്ട കിണ്ണത്തിൽ വച്ചിരിക്കുന്നതെന്താണെന്നുപോലും ശ്രദ്ധിക്കാതെ കുറേശ്ശേയെടുത്തു കഴിക്കാൻ തുടങ്ങി. എന്തെങ്കിലും ചെയ്തില്ലെങ്കിൽ എന്നിലെ വിഭ്രാന്തി വർദ്ധിക്കുമെന്ന് എനിക്കറിയാമായിരുന്നു.. പെട്ടന്ന് യാസ്മിന്റെ കിലുങ്ങുന്ന ചിരി.
'ഇപ്പഴോ അസീമിക്കാ? ലക്ഷ്മീടെ കുഞ്ഞമ്മപോലും പറയണതു കേട്ടില്ലേ?... ഞാൻ പറഞ്ഞപ്പോ പറഞ്ഞില്ലേ എനിക്ക് കിറുക്കാണെന്ന്?...? യാസ്മിൻ വീണ്ടും ചിരിച്ചു. പിന്നെ അനന്തേട്ടനോടായി ചോദ്യം..അനന്തനെന്താ പറയണത്. എന്റെ ഒബ്സെർവേഷൻ എങ്ങനെ? കൊള്ളാമോ??
അനന്തേട്ടൻ ഉത്തരം പറയാതെ ചിരിച്ചു, പതുക്കെ. ശ്രീലക്ഷ്മിയുടെ കുഞ്ഞമ്മ അവരുടെ കൈ എന്റെ കൈത്തണ്ടയിൽ വച്ചു. അവരുടെ കൈയിന്റെ ചൂട് എന്റെ കൈത്തണ്ടയിൽ ഒരു അസ്വസ്ഥത സൃഷ്ടിച്ചു. ആ കൈ ബലം പ്രയോഗിച്ച് എടുത്തു മാറ്റണമെന്ന എന്റെ തോന്നലിനെ മര്യാദയോർത്ത് ഞാൻ അടക്കി. എന്റെ ചിന്തയെ കടിഞ്ഞാണിടാൻ വേണ്ടി ഞാൻ ഇടതടവില്ലാതെ മേശപ്പുറത്തു നിന്നെന്തൊക്കെയോ എടുത്തു കഴിച്ചു കൊണ്ടിരുന്നു. ഇടയിലെപ്പോഴോ ശ്രീലക്ഷ്മിയുടെ കുഞ്ഞമ്മയുടെ സ്വരം എന്റെ കാതിൽ :
'അനന്തൻ ശ്രദ്ധിച്ചോ മീരക്കുട്ടി എന്താ എടുത്ത് കുടുതല് കഴിക്കണേന്ന്? ചക്ക ഉപ്പേരീം വരട്ടീതുംതന്നെ. ഞാൻ കൈ പൊള്ളിയതുപോലെ പിൻ വലിച്ചു. അനന്തേട്ടനും അസീമും ചിരിച്ചു. ഞാൻ ചിരിച്ചില്ല.
'സാരല്യ, ന്റെ കുട്ടി കഴിച്ചോളൂ..ശ്രീലക്ഷ്മിയുടെ കുഞ്ഞമ്മ എന്നെ ആശ്വസിപ്പിക്കുന്നപോലെ പറഞ്ഞു. പിന്നെ, ഓർമ്മയിൽ നിന്നെന്തോ ചികഞ്ഞെടുക്കുംപോലെ സംസാരിച്ചു.
'ശ്രീക്കുട്ടിയ്ക്ക് ജീവനായിരുന്നു ചക്ക വരട്ടീതും ഉപ്പേരീം. കല്യാണം കഴിഞ്ഞിട്ടും നാട്ടിലെത്ത്യാൽ ഉടനെ കുഞ്ഞമ്മേരെ ചക്ക വരട്ടീത് എന്നു പറഞ്ഞു ഇങ്ങട് ഓടിവരും..
പിന്നെ അവർ ശ്രീക്കുട്ടിയെ കുറിച്ച് സംസാരിച്ചു. എല്ലാം പറഞ്ഞിരുന്നത് എന്നോടാണെന്നു തോന്നി. മുറിയിലെ മറ്റംഗങ്ങളെ അവർ വിസ്മരിച്ച പോലെ. അവരുടെ ലോകത്തിൽ അവരും ശ്രീക്കുട്ടിയെന്നവർ വിളിക്കുന്ന സ്ത്രീ ലക്ഷ്മിയും മാത്രമായി. ഞാൻ പോലും ആ ലോകത്തില്ലായിരുന്നു.
വെളുത്ത്, മെലിഞ്ഞ്, ധാരാളം മുടിയുള്ള ശ്രീക്കുട്ടി. അമ്മയില്ലാത്തതുകൊണ്ട് കുഞ്ഞമ്മയെ അമ്മയാക്കിയ ശ്രീക്കുട്ടി.
ശ്രീക്കുട്ടിയുടെ ഇഷ്ടം, അതായിരുന്നു അവരുടെ ഇഷ്ടം. ശ്രീക്കുട്ടിക്കു ഇഷ്ടമുള്ള ഇളം നിലനിറം കൊണ്ട അവർ ശ്രീക്കുട്ടിയുടെ മുറിയലങ്കരിച്ചു. ശ്രീക്കുട്ടിയുടെ മുറിയിലെ ഫ്ലവർ പൊട്ടിൽപോലും എന്നും നീലപ്പൂക്കളായിരുന്നു. അവൾക്കീ വീടും നാടും ജീവനായിരുന്നു. കഴിഞ്ഞ തവണ വന്നപ്പോഴും ശ്രീലക്ഷ്മി അവരോടു പറഞ്ഞത്രേ, ഇനി പുറം നാട്ടിലേക്ക് തിരിച്ചു പോകുന്നില്ലെന്ന്.. പുറം നാട്ടിൽ ജീവിതമില്ലെന്ന് അനിരുദ്ധൻ ഇവളെ നിർബ്ബന്ധിച്ചു കാണണം, ഇല്ലാതെ ശ്രീക്കുട്ടി കുഞ്ഞമ്മേ വിട്ട് പോകില്യ.
കൗതുകത്തോടെ, ഒപ്പം തെല്ലൊരാസ്വസ്ഥതയോടെ ഞാൻ കേട്ടിരുന്നു, ശ്രീക്കുട്ടിയുടെ കഥ.
ഇടയിലെപ്പോഴോ യാസ്മിൻ കോട്ടുവായിട്ടു. ശ്രീലക്ഷ്മിയുടെ കുഞ്ഞമ്മ പൊടുന്നനെ സംസാരം നിറുത്തി. അവർ കുറ്റബോധം കലർന്ന സ്വരത്തിൽ പറഞ്ഞു :
'ന്റെ കുട്ട്യോള് എത്ര യാത്ര ചെയ്താണീശ്വരാ! പോയി വിശ്രമിച്ചോളൂ ട്ടൊ. എന്റെ പഴംപുരാണമൊക്കെ പിന്നീടാവാം...
മുകളിൽ, സ്റ്റെയർകേസുകൾ വന്നവസാനിക്കുന്നിടത്ത് സുന്ദരമായ ഒരു പെയിന്റിങ്. ശ്രീലക്ഷമി വരച്ചതായിരിക്കുമോ? മുറിയിലേക്കു കടന്നപ്പോൾ ആദ്യമായി ഒരു മൂലയിലിട്ടിക്കുന്ന കൊത്തുപണികൾ ചെയ്ത കൊച്ചു ടീപോയും അതിന്റെ പുറത്തു വച്ച പിച്ചളയുടെ, ഭംഗിയുള്ള ഒരു ഫ്ലവർ പോട്ടും ശ്രദ്ധിസ്സു. നേരത്തെ, എന്തേ ഇത് ശ്രദ്ധിക്കാത്തൂ? പൂക്കളില്ലാത്ത ഫ്ലവർ പോട്ടിൽ ഒരു തരം അനാഥത്വം. ഈ ഫ്ലവർ പോട്ടിലാവുമോ ശ്രീലക്ഷ്മി നീലപ്പൂക്കൾ നിറച്ചു വച്ചിരുന്നത്?
കർട്ടൻ വകഞ്ഞുമാറ്റി അകത്തേക്കു കടക്കുമ്പോൾ അനന്തേട്ടന്റെ കുസൃതി പുരണ്ട സ്വരം :
'വാതിലടച്ചോളൂ മീരേ, അസീമും യാസ്മിനും 'ഓസി'ലങ്ങനെ നമ്മളെ കണ്ട് സുഖിക്കണ്ട.
അനന്തേട്ടന്റെ തമാശ എനിക്കു തീരെ സുഖിച്ചില്ല. അതു പുറത്തു കാണിക്കാതെ ഞാൻ കട്ടിലിന്റെ ഒരരികത്തു ചേർന്നു കിടന്നു. കല്യാണം കഴിഞ്ഞിട്ട് ഒന്നര മാസമായതേയുള്ളൂ. ഇത്ര ധൃതിയിൽ എന്തിനാണ് അനന്തേട്ടൻ എന്നെയും കൊണ്ടിങ്ങോട്ടോടിപ്പോന്നത്? എന്റെ ചിന്ത വായിച്ചറിഞ്ഞപോലെ അനന്തേട്ടൻ പറഞ്ഞു :
'മീര വേണെങ്കി, കരുത്‌ണുണ്ടാവും എന്തിനാ ഇങ്ങട്ട് ഇത്ര ധൃതീല് ഓടിവന്നെന്ന്, ല്ലെ? കുഞ്ഞമ്മ്യോടെനിക്കെത്ര കടപ്പാടുണ്ടെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല മീരേ.സ്വന്തമായി ആരുമില്ലാത്ത എനിക്ക് എപ്പോഴും കടന്നുവരാൻ പറ്റിയ ഒരൊറ്റ വീടേ എനിക്കുണ്ടായിരുന്നിട്ടുള്ളൂ. അതിതാണ്. എന്നെ ഗൾഫിലുദ്യോഗമുള്ള പണക്കാരനായിട്ടല്ലേ മീരയ്ക്കറിയൂ? അതിനു മുമ്പൊരു ജീവിതമുണ്ട്. അവിടെയാണ് കുഞ്ഞമ്മയുടെ പ്രസക്തി.
അനന്തേട്ടൻ പിന്നെയുമെന്തൊക്കെയോ പറഞ്ഞു. എന്റെ ഓർമ്മയിലേക്ക് കടകടന്നുവന്ന യുവതിയുടെ രൂപം എനിക്കു പരിചിതമല്ലെന്ന എന്റെ തോന്നൽ എനിക്കൊട്ടും ഇഷ്ടമായില്ല. എന്റെ മനസ്സിനെ ആ ഓർമ്മയിൽ നിന്നും മോചിപ്പിക്കാൻ ഞാൻ എന്റെ മുഖം അനന്തേട്ടന്റേ മാറിലൊളിപ്പിച്ചു. ആ ശരീരത്തിന്റെ ചൂടറിഞ്ഞു കിടന്നപ്പോൾ മനസ്സെന്തുകൊണ്ടോ ശാന്തമായി.
എപ്പോഴാണുറങ്ങിയതെന്നറിഞ്ഞില്ല. കട്ടിലിനെതിർവശത്തെ ചുമരിൽ കക്കകൾ ഒട്ടിച്ചു വച്ച് ചെറിയ പുൽപ്പായയിൽ ഉണ്ടാക്കിവച്ചിരുന്ന നർത്തകിയുടെ രദപത്തെ നോക്കിക്കിടന്നതേ ഓർമ്മയുള്ളൂ. ഉണരുമ്പോൾ അനന്തേട്ടന്റെ കണ്ണുകൾ എന്നെ സാകൂതം വീക്ഷിക്കുകയാണെന്നറിഞ്ഞു. ഒരു കൈ കിടക്കയിൽ കുത്തി, ആ കൈ കൊണ്ട് തലതാങ്ങി എന്നെത്തന്നെ നോക്കുന്ന അനന്തേട്ടൻ.. നാണം ഇരച്ചുകയറി. മുഖം തലയിണയിൽ ഒളിപ്പിക്കുമ്പോൾ പിറുപിറുത്തു :
'ശ്യോ, ഈ അനന്തേട്ടൻ?
അനന്തേട്ടൻ
അനന്തേട്ടൻ അതു ശ്രദ്ധിക്കാതെ പറഞ്ഞു :
'കുഞ്ഞമ്മ പറഞ്ഞത് ശരിയാണ്. മീരേ, നിനക്ക് ശ്രീക്കുട്ടീടെ നല്ല ഛായയുണ്ട്. ഞാനെന്തെ അത് നേരത്തെ ശ്രദ്ധിച്ചില്ലാ?...?
മുമ്പെപ്പോഴോ കെട്ടടങ്ങിയെന്നു കരുതിയ അസ്വസ്ഥതയുടെ കനലുകൾ നീറിപ്പിടിക്കുന്നത് ഞാൻ അിറഞ്ഞു. ഒപ്പം ഒരുതരം ഭയവും. അനന്തേട്ടന്റെ അരികിലേയ്ക്ക് സ്വയമറിയാതെ ചേർന്നു കിടന്നു. ഒരു കൈ കൊണ്ട് എന്റെ മുടി തഴുകികൊണ്ട് അനന്തേട്ടൻ സംസാരിച്ചു :
'നിന്നെ കാണാൻ അവൾക്കെന്താഗ്രഹമായിരുന്നു! കല്യാണനിശ്ചയത്തിന് നാട്ടിൽ വരാൻ അവൾക്ക് സാധിക്കാത്തതിൽ എന്തു പ്രയാസമായിരുന്നു?. അങ്ങനത്തെ ശ്രീക്കുട്ടിയാണ്----
ശ്രീക്കുട്ടി,ശ്രീക്കുട്ടി.ഇതല്ലാതെ മറ്റൊന്നും ഇവിടാർക്കും പറയാനില്ലേ? പൊടുന്നനെ എനിക്ക് ദേഷ്യം വന്നു. പക്ഷേ, ഞാനൊന്നും പറഞ്ഞില്ല. അനന്തേട്ടനത് ഇഷ്ടപ്പെട്ടില്ലെങ്കിലോ. ഞാൻവിഷയം മാറ്റാൻ ശ്രമിച്ചു.
'നല്ല ഭംഗിയുള്ള മുറി, അല്ലേ അനന്തേട്ടാ?
അനന്തേട്ടൻ വികാരരഹിതനായ സ്വരത്തിൽ പറഞ്ഞു :
'ഇതായിരുന്നു ശ്രീക്കുട്ടീടെ മുറി. ദാ ചുമരിൽ കാണുന്ന ആ നർത്തകിയില്ലെ, അതവളുണ്ടാക്കിയതാണ്. ഈ വീട്ടിലെ പെയിന്റിങ്ങുകൾ നീ ശ്രദ്ധിച്ചോ? എല്ലാം ശ്രീക്കുട്ടിയുടേതാണു മീരേ. കുഞ്ഞമ്മ ഈ മുറി നമ്മൾക്ക് തന്നത് അതുകൊണ്ടാവും. എനിക്കവള് എന്റെ രക്തത്തിൽ ജനിക്കാത്ത പെങ്ങളായിരുന്നു മീരേ' അനന്തേട്ടന്റെ ശബ്ദം പതറിയോ?
എനിക്ക് ആ മുറിയിൽ നിന്നു രക്ഷപ്പെട്ടാൽ മതിയെന്നു തോന്നി. എപ്പോഴോ മരിച്ച ഒരു യുവതിയെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകളുടെ മണം തങ്ങിനിൽക്കുന്ന ആ മുറിയിൽ എനിക്ക് ശ്വാസം മുട്ടുന്നതുപോലെ' ഞാൻ കട്ടിലിൽ നിന്നു പിടഞ്ഞെഴുന്നേറ്റു. ശ്രീക്കുട്ടി കിടന്ന കട്ടിലാവില്ലേ ഇത്?
അനന്തേട്ടനും അസീമും താഴെക്കിറങ്ങിപ്പോകുമ്പോൾ ഞാൻ പുറത്ത് ഹാളിൽ നിൽക്കുകയായിരുന്നു. സ്റ്റെയർകേയ്സ് വന്നവസാനിക്കുന്നിടത്തെ താഴ്‌വരയുടെ പെയിന്റിങ് വളരെ മനോഹരമായിത്തോന്നി. അനന്തേട്ടൻ പറയുകയുണ്ടായല്ലോ ഇവിടത്തെ ചിത്രങ്ങളെല്ലാം ശ്രീക്കുട്ടിയുടേതാണെന്ന്. പച്ച പിടിച്ച ആ താഴ്‌വരയും അതിന്റെ പശ്ചാത്തലത്തിൽ കാണാമായിരുന്ന മലകളും എല്ലാം എനിക്കു വളരെ പരിചിതമായി തോന്നി. എവിടെ, എവിടെ വച്ചാണ് ഞാനിതു കണ്ടത്
പൊടുന്നനെ, എനിക്ക് എന്തോ ഒരു തരം ഉൾഭയം തോന്നി. ഞാൻ മുറിയിലേക്കു ഓടിക്കയറി. വാതിലടയ്ക്കുവാൻ ഒരുങ്ങുമ്പോൾ ഓർത്തു ഇതായിരുന്നില്ലെ ശ്രീലക്ഷിയുടെ മുറി? എന്തോ ഒരജ്ഞാത പ്രേരണയാലെന്നപോലെ ഞാൻ ജനലിനടുത്തേക്കു നീങ്ങി. പെട്ടെന്ന് എന്റെ മനസ്സ് ശാന്തമായി. നേരത്തെ കണ്ട പെയിന്റിങ് ഈ ജനലിലൂടെയുള്ള ഒരു ദൃശ്യമാണ്. അതാണെനിക്ക് പരിചിതമായി തോന്നാൻ കാരണവും. ഞാൻ സ്വയം സമാധാനിച്ചു.
ചുമരിലെ നർത്തകിയുടെ ചിത്രം എന്നെ നോക്കി ചിരിച്ചു. എല്ലാ കലാവൈഭവങ്ങളുമുണ്ടായിരുന്ന ശ്രീലക്ഷിക്കെന്തെ ദൈവം ഇത്ര പെട്ടെന്നൊരന്ത്യം കൊടുത്തു? ഞാൻ വെറുതെ ഓർത്തു.
വാതിലിൽ ഒരു നിലഴനങ്ങി. ഞാൻ ഞെട്ടിയെഴുന്നേറ്റു. നീലകർട്ടൻ വകഞ്ഞുമാറ്റിക്കൊണ്ട് നിറഞ്ഞ ചിരിയുമായി ശ്രീലക്ഷിയുടെ കുഞ്ഞമ്മ. കോണിപ്പടി കയറിയതു കൊണ്ടാവണം അവർ കിതയ്ക്കുന്നുണ്ടായിരുന്നു. എനിക്ക് എന്തു കൊണ്ടോ അവരോട് ഒരു തരം സ്നേഹം തോന്നി. സഹതാപവും. അവർ കട്ടിലിലിരുന്നു. എന്നെ നിർബന്ധപൂർവ്വം ഇമികിൽ പിടിച്ചിരുത്തി.
'ഇരിക്കൂ കുട്ട്യേ. നെന്നെ ഞാനൊന്ന് കണ്ണുനിറയെ കാണട്ടേ.. അവരുടെ സ്പർശനത്തിനു ചൂട്? അവർ പതുക്കെ, വളരെ പതുക്കെ എന്റെ നീണ്ട മുടിയിൽ തലോടിക്കൊണ്ടിരുന്നു. പിന്നെ പറഞ്ഞു :
'നല്ല ഉള്ള്ണ്ട്ന്റെ കുട്ടിടെ മുടിക്ക്. എന്തെണ്ണ്യാതേയ്ക്കാ? കഞ്ഞുണ്ണ്യാവും, ല്ലേ??
തെല്ലദ്ഭുതത്തോടെ ഞാൻ മൂളി, ഊം..
'ന്റെ ശ്രീക്കുട്ടീം കഞ്ഞുണ്യേ തേച്ചീർന്നുള്ളൂ. ഒരു നിമിഷം അവരേതോ ചിന്തയിലാണെന്നു തോന്നി. പിന്നെ നേരിയ തിടുക്കത്തോടെ അവർ സംസാരിച്ചു. :
'കുട്ടിക്കറിയ്‌വോ?... എത്രയോ നാളായിട്ട് ഞാൻ ഇന്നാ ഈ മുറീലിക്ക് വരണത്. ദാ, ആ അലമാരയ്ക്കകത്തെന്റെ കുട്ടീടെ ആയിരത്തൊന്ന് സാരീം സാമാനങ്ങളുംണ്ട്. ഇതുവരെ ഒന്നു അടുക്കിപ്പെറുക്കി വയ്ക്കാനുള്ള മനോധൈര്യം നിക്ക് കിട്ടീട്ടില്ല്യാ കുട്ട്യേ.കഥേം കവിതേം, പാട്ടും പടം വരേം, എല്ലാമുണ്ടായിരുന്നു എന്റെ ശ്രീക്കുട്ടിയ്ക്ക്. ചുരുങ്ങിയ കാലം കൊണ്ട് ഈ ഭൂമീല് ചെയ്യാനുള്ളതൊക്കെ ചെയത്ു തീർക്കാനുള്ള തിരക്കായിരുന്നിരിക്കും, ന്റെ കുട്ടിയ്ക്ക്..
അതു പകുതി എന്നോടായിരുന്നു. പകുതി സ്വയവും യാസ്മിൻ കുളികഴിഞ്ഞെത്തിയപ്പോൾ അവർ ഇറങ്ങിപ്പോയി. ഞാനും യാസ്മിനും കൂടി താഴ്‌വരയിലൂടെ ഒരു നടത്തത്തിനിറങ്ങി. ഇടയിൽ എന്തൊക്കെയോ സംസാരിക്കുന്നതിനിടയിൽ യാസ്മിൻ ശ്രീക്കുട്ടിയുടെ മരണത്തെക്കുറിച്ച് പറഞ്ഞു. കാർ ആക്സിഡന്റായിരുന്നു. അനിരുദ്ധൻ -- ശ്രീക്കുട്ടിയുടെ ഭർത്താവ് -- ഇനിയും ആ ഷോക്കിൽ നിന്നു രക്ഷ പ്രാപിച്ചിട്ടില്ല. ശ്രീക്കുട്ടിയെന്നുവച്ചാൽ അങ്ങേർക്കു ജീവനായിരുന്നു. ശ്രീക്കുട്ടിക്കും അതേ.
പെട്ടെന്ന് സ്വരം താഴ്ത്തി, യാസ്മിൻ പറഞ്ഞു : 'മീരയ്ക്കറിയണോ'ഇങ്ങനൊക്കെ ആയിരുന്നെങ്കിലും ശ്രീലക്ഷ്മിക്ക് ദുബായിലെ ജീവിതം വെറുത്തിരുന്നു. ഈ നാടും ഈ വീടുമായിരുന്നു അവൾടെ ലോകം.എന്നാൽ അനിരുദ്ധനെ വിട്ട് അവൾക്ക് ഇവിടെ വന്നു രാമസിക്കാൻ പറ്റുകയും ആവില്ല. ഷീ വാസ് ടോൺ ബിറ്റ്‌വീൻ ടൂ വേൾഡ്സ് ഓഫ് ലൗ..
എന്തുകൊണ്ടൊ യാസ്മിന്റെ ഈ വിവരണം ഞാൻ പ്രതിക്ഷിച്ചിരുന്നത് തന്നെയായിരുന്നെന്ന് തോന്നി. ആ വിവരണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീക്കുട്ടിയെന്ന ശ്രീലക്ഷ്മിയെ കൂടുതൽ മനസ്സിലാക്കാനാവുന്നുണ്ടെന്ന് ഞാൻ ഓർത്തു. നിബിഡമായ റബ്ബർ മരങ്ങൾക്കിടയിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. തണുപ്പിന്റെ പുതപ്പുമായി ഓടിയടുത്ത കാറ്റിൽ കുഞ്ഞമ്മയുടെ ശ്രീക്കുട്ടിയുടെ തേങ്ങലോ?
.ശ്രീക്കുട്ടി വാസ് എ ബോൺ ജീനിയസ്. ചെലപ്പോഴൊക്കെ എനിക്കു തോന്നുമായിരുന്ന വെറും സാധാരണ പെണ്ണിനെപ്പോലെ കുട്ട്യോളെ പ്രസവിക്കാനും ചോറും കറീം വയ്ക്കാനുമല്ല ദൈവം ശ്രീക്കുട്ടിയെ സൃഷ്ടിച്ചതെന്ന്. അനിരുദ്ധന്റെ സ്നേഹത്തിനിടയിൽ ശ്വാസം മുട്ടുമ്പോഴും, അവളിടയ്ക്ക് എന്നോടു പറയും : ?എനിക്കെന്തിന്റെ ഒക്ക്യേ കുറവ് അനുഭവപ്പെടുന്നെന്ന്. എന്നിട്ടോ, ഒടുക്കം ഒന്നും അറിയാതെ, അവളങ്ങു പോയി.
എന്റെ മനസ്സിന്റെ ഭാരം ഒരു വിങ്ങലായി മാറുന്നറിഞ്ഞു. ശ്രീക്കുട്ടിക്കു വേണ്ടി അനിരുദ്ധനുവേണ്ടി, കുഞ്ഞമ്മയ്ക്കുവേണ്ടി എന്റെ മനസ്സ് വിലപിച്ചു.
തിരികെ മുറിയിലെത്തിയപ്പോഴും ഞാൻ അതുതന്നെയാണോർത്തത്. സ്വന്തം ഇഷ്ടത്തിനനുസരിച്ചു ജീവിക്കാൻ ഒരവസരം കിട്ടിയിരുന്നെങ്കിൽ ശ്രീക്കുട്ടി ആരാകുമായിരുന്നു. ഇത്തവണ എനിക്ക് നേരത്തെ അനുഭവപ്പെട്ട അസ്വസ്ഥത സൃഷ്ടിക്കാൻ ആ മുറിയിലെ ഒരു വസ്തുവിനും കഴിയുന്നില്ലെന്നു തോന്നി. പകരം, വർഷങ്ങളായി പരിചയമുള്ള ഒരു സുഹൃത്തിന്റെ മുറി പങ്കിടുമ്പോളുണ്ടാവുന്ന ലാഘവത്വമാണ് തോന്നിയത്.
ശ്രീക്കുട്ടിയുടെ കട്ടിലിൽ, ഇനിയും മരിച്ചിട്ടില്ലാത്ത ആ ഓർമ്മകൾ തങ്ങിനിൽക്കുന്ന മുറിയിൽ, ശ്രീക്കുട്ടിയുടെ ലഹരിയായിരുന്ന നീലനിറത്തിന്റെ സൗന്ദര്യത്തിൽ ലയിക്കാൻ ശ്രമിച്ചു കൊണ്ട് കിടക്കുമ്പോഴാണ് അനന്തേട്ടന്റെ വരവ്.
'മീരേ വേഗം റെഡിയാവം .... നമുക്ക്. ഗസ്റ്റ് ഹൗസിലേക്കു മാറണം. വെസ്റ്റണും, ഫ്രെഡറിക്കും മറ്റം എത്തിയിരിക്കുന്നു.
എന്റെ മനസ്സിടഞ്ഞു. ശ്രീക്കുട്ടിയെ വിട്ട് - കുഞ്ഞമ്മയെ വിട്ടു്-
അനന്തേട്ടൻ എന്റെ ഉത്സാഹരാഹിത്യത്തെ കാര്യമാക്കാതെ പെട്ടിയെടുക്കുന്നതിനിടയിൽ സംസാരിച്ചു.
'പെട്ടെന്ന് ഫോൺ ചെയ്യാൻ തോന്നിയത് ഗുരുത്വമായി. ഇല്ലെങ്കില് ആകെ മോശമായേനെ...'
ഈറന്‍ കണ്ണുകളുമായി വാതിൽക്കൽ കുഞ്ഞമ്മ.
'പേയേ തീരു, ല്ലെ??
'ഞങ്ങള് ഇനീം വരും കുഞ്ഞമ്മേ..... എന്റെ ബോസാ അയാള്. പിണക്കാൻ വയ്യ'
കുഞ്ഞമ്മ എന്റെ അരികിൽ വന്നു. ആ ചുളിഞ്ഞ കൈകൾ എന്റെ ചുമലിൽ തഴുകി.... നേരത്തെ അവരുടെ സ്പർശം ഉളവാക്കിയ വെറുപ്പ് ഒലിച്ചുപോയിരിക്കുന്നു. പകരം, അവരുടെ ശുഷ്കിച്ചമാറിൽ മുഷമമർത്തി തേങ്ങിക്കരയാനാണ് തോന്നിയത്.
നിറഞ്ഞ കണ്ണുകൾ തുടയ്ക്കാൻ മെനക്കെടാതെ നില്‌യക്കുമ്പോൾ കുഞ്ഞമ്മ മന്ത്രിച്ചു..... 'എന്റെ ശ്രീക്കുട്ടി..... എനിക്കു കണ്ടു കൊതി തീർന്നില്ല....'
മുറിയിൽ നിന്നിറിങ്ങി പോകുമ്പോൾ അവർ പറഞ്ഞു:
'കുറച്ച് ചക്ക വരട്ടീതും ഉപ്പേരീം കാറില് വയ്ക്‌ൿണുണ്ട് ന്റെ കുട്ടി മത്യാവണവരെ കഴിച്ചോളു"....
മുറിയിൽ ബാക്കിയായ ചെറിയ ബാഗുമായി ഞാൻ താഴേക്കിറങ്ങി. അകത്ത് അസീമും അനന്തേട്ടനും മറ്റും സംസാരിക്കുന്നത് കേൾക്കാമായിരുന്നു. മുൻവശത്തെ വരാന്തയിലെ ഒഴിഞ്ഞ കസേരകളിലൊന്നിൽ അവരെ കാത്തിരിക്കുമ്പോൾ ചവിട്ടുപടിക്കരികിൽ ചട്ടിയിൽ വളരുന്ന ഇളം നീലഓർക്കിഡ് പൂക്കളിൽ ശ്രദ്ധയുടക്കി. അടുത്ത ചട്ടിയിലെ നീല ഹൈഡ്രാഞ്ചിയ പൂക്കൾ.....
ഒരു അന്തർപ്രേരണയാലെന്നപോലെ ഒരു കുടന്ന നീലപ്പൂക്കൾ പറിച്ചെടുത്തു.....
അനന്തേട്ടൻ അകത്തുനിന്ന് വിളിക്കുന്നത് ശ്രദ്ധിക്കാതെ മുകളിലേക്കുള്ള കോണിപ്പടികൾ ധൃതിയിൽ കയറി.
ശ്രീക്കുട്ടിയുടെ മുറിയുടെ ഒരു മൂലയിൽ അനാഥമായിരക്കുന്ന ഫ്ലവർ പോട്ട്.
വാഷ്ബേസിനിൽ നിന്നു വെള്ളമെടുത്ത് പോട്ടിൽ നിറച്ചു. പൂക്കൾ കഴിയുന്നത്ര ഭംഗിയിൽ ഒതുക്കിവച്ചു.
താഴെനിന്നു അനന്തേട്ടന്റെ ശബ്ദം വീണ്ടും..... അവസാനത്തെ പൂകുടി പോട്ടിൽ തിരുകി നിർത്തുമ്പോൾ ഓർത്തു.
'എനിക്കിത്രയൊക്കെയേ അറിയൂ ....... ശ്രീക്കുട്ടിക്കിഷ്ടമാവുമോ എന്തോ -!
പിന്നെ പതുക്കെ വാതിൽ ചാരി താഴേക്കുള്ള പടികളിറങ്ങി.
|
|

|