Home | Contact Us | Guestbook | Font
Jyothiss

കഥ
തലകീഴായിക്കെട്ടി ഉണക്കിയ പൂവുകൾ
നിർമ്മല
പതുക്കെ ചരിഞ്ഞ വിമാനം ഒന്നുലഞ്ഞു. പേളി ഭയത്തോടെ അടുത്തിരുന്നവരുടെ
കൈകളിൽ അമർത്തിപ്പിടിച്ചു. അലീഷ സഹതാപത്തോടെ മമ്മിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

-ലുക്ക്‌.. വീ ആർ ഓൾ മോസ്റ്റ്‌ ദേർ! കണ്ടോ കോക്കനട്ട്‌ ട്രീസ്‌!

പ്രാർത്ഥിക്കാൻ അടച്ച കണ്ണു തുറന്ന്‌ പേളി പുറത്തേക്കു നോക്കി.

വിനീതിനു തമാശയാണ്‌.

-ലാൻഡിങ്‌ സമയത്ത്‌ ആക്സിഡന്റ്‌ ഉണ്ടാകാം മമ്മീ. കീപ്പ്‌ പ്രേയിംഗ്‌!

ജോഷി ചിരിച്ചുകൊണ്ട്‌ വിനീതിനു നേരെ കൈ ഓങ്ങിയെങ്കിലും അയാളുടെ കണ്ണും
തെങ്ങോലയിൽ തട്ടി താഴെ വളഞ്ഞുകണ്ട ആറ്റിലേക്കങ്ങു വീണുപോയി.

മുൻപൊക്കെ അമേരിക്കയിൽ നിന്നും കേരളമെത്താൻ രണ്ടു ദിവസമെടുത്തിരുന്നു.
ഇപ്പോൾ ഇരുപത്തിനാലു മണിക്കൂറുമതി. അതുകൊണ്ട്‌ വീഴ്ത്തിക്കളയുന്ന ഉറക്കക്ഷീണമില്ല.
കാറിലിരിക്കുമ്പോൾ ശീമക്കൊന്നകൾക്കു പിന്നിൽ ഒളിച്ചു കളിച്ചിരുന്ന വീടിനെയോർത്തു
ജോഷി.   കൊന്നത്തലപ്പുകൾക്കു മുകളിൽ ഇരുണ്ട ഓടിൻ കൂമ്പാരമായി
കണ്ടുപിടിക്കപ്പെടാമായിരുന്ന വീടു അനുജൻ പുതുക്കി പണിതിതിട്ടുണ്ട്‌. പുതിയ വീട്ടിലെ
ഏറ്റവും നല്ല മുറിയിലാണ്‌ അവരുടെ പെട്ടികൾ കൊണ്ടുവന്നു വെച്ചത്‌.

ജോഷിയും പേളിയും വീടു ചുറ്റി നടന്നുകണ്ടു. നല്ല ഭംഗി. അമേരിക്കയിലെ
വീടിനേക്കാളും മുന്തിയതരം ​‍ഗ്രാനൈറ്റും റ്റൈലും ജോഷിക്കിഷ്ടപ്പെട്ടു. സുഹ്രുത്തുക്കളെ
അഭിമാനത്തോടെ കാണിക്കാവുന്ന വീട്‌. പിൻവശത്തെ വരാന്തക്കു പകരം അടച്ചുകെട്ടിയ
വർക്കേറിയ. കാക്കയും പൊടിയും കയറാതെ വരാന്തയിലെ ആട്ടുകല്ലിനെ അടച്ചു വെച്ചിരുന്ന
ഭാരമുള്ള തടിയടപ്പെവിടെയെന്ന്‌ ജോഷി ചോദിച്ചു. അഴിയിട്ട വർക്കേരിയയിൽ
ആട്ടുകല്ലില്ലാത്തപ്പോൾ അടപ്പ്‌ എന്തിനെന്ന്‌ അനിയത്തി ജോഷിയെ പരിഹസിച്ചു.

കമ്പിളി നാരകത്തിനു ചുവട്ടിലിരുന്ന്‌ അമ്മച്ചി പാത്രം കഴുകുമ്പോൾ ആട്ടുകല്ലി​‍്ലനു
പുറത്തിരുന്നാണ്‌ ജോഷി വിശേഷങ്ങൾ പറഞ്ഞു കൂട്ടിയിരുന്നത്​‍്‌. നാരകത്തിനു
പിന്നിലായുണ്ടായിരുന്ന കപ്പമാവു വെട്ടിയപ്പോൾ അതിൽ ജാഥ പോയിരുന്ന നീറുകൾ ബന്ദും
ഹർത്താലും നടത്താതെ ഒഴിഞ്ഞു പോയെന്ന്‌ വനിലച്ചെടിയുടെ തലപ്പത്തുഴിഞ്ഞ്‌ ഒരു കാറ്റു
പറഞ്ഞു.

അലീഷയും വിനോദും അവരുടെ പ്രായക്കാരോടൊപ്പം വിഡിയോ ​‍ഗെയിം കളിക്കാൻ
തുടങ്ങിയിരുന്നു. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ മാത്രം കാണുന്നതിന്റെ
പരിചയക്കുറവില്ലാതാക്കുന്നത്‌ ടി.വി. പരിപാടികളും വിഡിയോ ​‍ഗെയുമുമായിരിക്കുമെന്ന്‌
ജോഷിക്കു തോന്നി. ടി.വി.യിലെ പരസ്യങ്ങൾ ജോഷിയെ അത്ഭുതപ്പെടുത്തി. കമ്പ്യൂട്ടറുകൊണ്ട്‌
ഉത്തമമാക്കിയ ചോറു മുതൽ ദൈവകൃപ വരെയാണ്‌ ടി.വി.യിലൂടെ വാഗ്ദാനം ചെയ്യുന്നത്‌.

അടുക്കള പാത്രങ്ങളുടെ ഛിം.ഛിൽ..ഛിൽ ശബ്ദത്തിനും മുകളിലായി പേളിയുടെ ശബ്ദം
ജോഷിക്കു തിരിച്ചറിയാൻ സാധിച്ചു. നാത്തൂന്മാരും അനിയത്തിമാരും പാക്കറ്റിൽ കിട്ടുന്ന
മസാലപ്പൊടികളും പാചകത്തിന്റെ എളുപ്പവഴികളും അവൾക്കു പകരുകയായായിരുന്നു. പകരം
പേളി ക്യാനിലെ ട്യൂണ എന്ന മീൻ കൊണ്ട്‌ കട്‌ലറ്റുണ്ടാക്കുന്ന വിധവും ജെല്ലോയുടെ മായാ
വിദ്യകളും അവതരിപ്പിച്ചു.

-ആന്റി ഫേഷ്യലു ചെയ്യുമൊ?  

വിഡിയോ ​‍ഗെയിമിന്റെ പ്രായം കഴിഞ്ഞ പെൺകുട്ടികൾ പേളിക്കു ചുറ്റും കൂടിയിട്ടുണ്ട്‌.
ചെങ്കല്ലിന്റെ നിറം, കരിമ്പച്ച എന്നൊക്കെയുള്ള അവളുടെ പഴകിപ്പോയ വസ്ര്ത വിശേഷണങ്ങൾ
അവർ തിരുത്തിക്കൊടുത്തു. ലേഡീസ്‌ കനകാംബരം, ബോട്ടിൽ ഗ്രീൻ. തിരിച്ച്‌
വെർജീനിയയിൽ എത്തിയിട്ടു വേണം പേളിക്ക്‌ ഇതൊക്കെ കൂട്ടുകാരികളോടു പെരുപ്പിച്ചു
പറഞ്ഞൊന്ന്‌ പ്രഭാവം കാണിക്കാൻ.

-ഞങ്ങൾക്കവിടെ കൃസ്തുമസ്‌ പ്രോ​ഗ്രാമൊക്കെയുണ്ട്‌

പേളി അഭിമാനത്തോടെ പറഞ്ഞു.

-നിങ്ങളൊക്കെ പങ്കെടുത്തോ?

-പിന്നില്ലേ, വിനീതു നാടകത്തിലുണ്ടായിരുന്നു. അലീഷേടെ ഡാൻസ്‌, ജോഷിയും
ഞാനും പാട്ടുപാടാൻ. ജോഷി ആ വിഡിയോ ഇവരെ ഒന്നു കാണിക്ക്‌.

ടിവി പരിപാടികൾ കണ്ടിരുന്ന ജോഷിക്കു അതിൽ വലിയ ഉത്സാഹം തോന്നിയില്ല.
പക്ഷേ പേളി നിർബ്ബന്ധിച്ചുകൊണ്ടിരുന്നു. ക്രിസ്തുമസ്‌ വിഡീയോവിൽ ബന്ധുക്കളെ
തിരഞ്ഞുകൊണ്ട്‌ അനുജന്റെ മകൻ ജിതേഷു പറഞ്ഞു:  

1


-ഇതു ഗവണ്മെന്റുസ്ക്കൂളിലെ നാടകം പോലെയൊണ്ടല്ലോ. എന്താ സ്റ്റാൻഡേർഡ്‌!

അപ്പോൾ പേളി പുറത്തു വിരിഞ്ഞു നിൽക്കുന്ന സീനിയ പൂക്കൾ കാണുകയായിരുന്നു.
ഇത്രയും ഭംഗിയുള്ള പൂക്കൾ വാടിപ്പോകുമെന്നു സങ്കടപ്പെട്ട നാത്തൂന്‌ ഇതളു കൊഴിഞ്ഞു
പോകാതെ പൂക്കളെ എന്നെന്നേക്കുമായി സൂക്ഷിക്കുവാനുള്ള സൂത്രം പേളി പറഞ്ഞുകൊടുത്തു.

-പൂവ്‌ തല കീഴാക്കി വെയിലില്ലാത്തിടത്ത്‌ കെട്ടിയിട്ട്‌ ഉണക്കിയാ മതി. കളറുപോവില്ല,
ഫ്ലവർ വേസിൽ വെക്കാം. നല്ല ഭംഗിയുണ്ടാവും.

തലകുത്തനെ നിന്ന്‌ നീരുവറ്റുമ്പോൾ ഇതൾ കൊഴിച്ചും നിറം കളഞ്ഞും
പരിഭവിക്കാനാവില്ല പൂവിന്‌. ഇതളുകൾ മരവിച്ചു നിൽക്കും. വാടാതെ കൊഴിയാതെ. വെള്ളം
കിട്ടിയില്ലെന്നും വേരു മുറിഞ്ഞെന്നും പരിഭവിക്കാതങ്ങനെ. പിന്നെ ആഴമുള്ള മണ്ണു വേണ്ട.
ചട്ടിയിൽ ജനാലക്കൽ എവിടെ വേണമെങ്കിലും വെയ്ക്കാം. ആർക്കും ശല്യമാകാതെ.

ഉണു കഴിക്കാനിരിക്കുമ്പോൾ ജോഷി അനുജന്റെ ഇളയ മകൾ വിനയയെ അന്വേഷിച്ചു.
അവൾ ഒരാഴ്ച മുൻപ്‌ ഹോസ്റ്റലിലേക്കു മാറിയെന്ന്‌ ജിതേഷു പറഞ്ഞു.

-വിനയക്കു രണ്ടാഴ്ചകഴിഞ്ഞാൽ പരിക്ഷ തുടങ്ങും.

അവളുടെ അമ്മ ലൗലി ഒതുക്കത്തോടെ പറഞ്ഞു.

-അതെന്താ ജൂലൈൽ പരീക്ഷ?

-ശ്ശെടാ, പരീക്ഷക്കങ്ങനെ സമയം വല്ലോമൊണ്ടൊ? സമരം ബന്ദ്‌ ഒക്കെക്കൂട്ടി ഒന്നു
നീട്ടിയെടുക്കാൻ പെടുന്ന പാട്‌ കൊച്ചാപ്പനറിയത്തില്ല.

-ഞങ്ങളുടെ കാലത്ത്‌ മാർച്ചിലും സെപ്റ്റംബറിലുമേ പരീക്ഷ ഉണ്ടായിരുന്നുള്ളെടാ.

-എന്നാ പറഞ്ഞാലും അമേരിക്കകാരു പരീക്ഷകാലത്തെ വരത്തൊള്ളൂ.

-പോടാ ചെറുക്കാ.

ലൗലി അവനെ ശാസിച്ചു.

ഞായറാഴ്ച രാവിലെ പള്ളിയിൽ പോകാൻ തയ്യാറായി വന്ന കൊച്ചാപ്പനെ നോക്കി
ജിതേഷു വീണ്ടും ചിരിച്ചു.

-ദേ ഇപ്പം കണ്ടിട്ട്‌ ഏതോ സിനിമേടെ ലൊക്കേഷനീന്നിറങ്ങി വന്ന ഒരു
പാലാമൊതലാളീടെ ക്യാരക്ടറിനെപ്പോലെയുണ്ട്‌. പള്ളീലേ ഷൂട്ടിം​‍ഗൊന്നുമില്ല. ഇങ്ങനത്തെ മഞ്ഞ
ജുബ്ബായൊന്നും തലക്കു വെളിവുള്ളവരിടത്തില്ല കൊച്ചാപ്പാ!

-പോടാ അധികപ്രസംഗം പറയാതെ!

ലൗലി ശബ്ദമുയർത്തി.

-സാരമില്ലന്നേ, സ്നേഹമുള്ളതുകൊണ്ടല്ലെ അവൻ പറയുന്നത്‌. ഞാനൊരു ഷർട്ടിടാം.

ജുബമാറി ഷർട്ടിടുമ്പോൾ കണ്ണാടി നോക്കി അയാളൊരു മുതലാളിച്ചിരി ചിരിച്ചു നോക്കി.
അമേരിക്കയിൽ പൈജാമക്കു പുറത്തിടുന്ന റോബു കണ്ടാൽ ഇവൻ തന്നെ ജോസ്‌ പ്രകാശെന്നു
വിളിക്കുമല്ലോ എന്നയാൾ മനസ്സിലോർത്തു.

അടുത്തത്‌ ബന്ധു വീടുകളിൽ പോവുകയാണ്‌. പിന്നെ തിരികെ കൊണ്ടുപോവാനുള്ള
സാധനങ്ങൾ വാങ്ങണം. മാസങ്ങളായി കേരളത്തിലേക്കുകൊണ്ടു വരാനുള്ള സാധനങ്ങൾക്കു
വേണ്ടിയുള്ള പരക്കം പാച്ചിലായിരുന്നു. ഇപ്പോൾ തിരിച്ചും. ഒരു അമേരിക്കൻ മലയാളിയുടെ
നാട്ടിലേക്കുള്ള യാത്രയെ അവധിക്കാലം എന്നതിനേക്കാൾ ഷോപ്പിംഗ്‌-മേള എന്നു വിളിക്കാമെന്ന്‌
ജോഷിക്കു തോന്നി. വിശ്രമം അലസത തുടങ്ങിയ ഉത്തരയമേരിക്കകാരുടെ സാധാരണ
അവധിക്കാല രസങ്ങളൊന്നും അതിലില്ല. വേഗത്തിൽ തീർന്നു പോകുന്ന അവധി ദിവസങ്ങളെ
ശ്രദ്ധയോടെ ചിട്ടപ്പെടുത്തിയാലെ എല്ലാം സാധിച്ചെടുക്കാൻ പറ്റൂ.

എയർ കൺഡീഷൻഡ്‌ കാറിലെ തണുപ്പിലിരിക്കുമ്പോൾ ജോഷി ബസിന്റെ സൈഡ്‌
സീറ്റു പിടിച്ചുള്ള യാത്രകളോർത്തു. മുഖത്തേക്കടിക്കുന്ന കാറ്റിലൂടെ വഴിയരികുലുറച്ചപോയ ഒരു
ജീവിതം, കടകളുടെ പുതുമയുള്ള ബോർഡുകൾ, പഴമ വിട്ടു പോകാത്ത ചായക്കട അങ്ങനെ
ചിലതൊക്കെ കാണുന്നതു ജോഷിക്കിഷ്ടമാണ്‌.  ബസ്സിൽ തൂങ്ങിയും വഴിയോരത്തിറങ്ങിനിന്ന്‌
ചായക്കടയും നാട്ടുകാരേയും കണ്ടും കളയാനുള്ളതല്ലല്ലൊ ഡോളറാക്കി മാറ്റാമായിരുന്ന
അവധിക്കാലം എന്നയാൾക്കറിയാഞ്ഞിട്ടല്ല.

ആങ്ങള അമേരിക്കയിലെന്ന്‌ സ്വത്തുവിവരങ്ങളിൽ ചേർത്തു പറയാൻ പറ്റുന്നതിനു
മുൻപേ നടന്ന വിവാഹമാണ്‌ ഓമനയുടേത്‌.  ഒരു കടയും കുറച്ചു കൃഷിയുമുള്ള ലാലനെയേ
അവൾക്കുവേണ്ടി കണ്ടുപിടിക്കാൻ അപ്പച്ചനു സാധിച്ചുള്ളൂ. അതിനു പ്രായശ്ഛിത്തം പോലെ
കൂടുതൽ പൊതികൾ ഓമനയുടെ വീട്ടിലേക്കു കൊണ്ടുവരുവാൻ ജോഷി ശ്രദ്ധിക്കും.

പറഞ്ഞു മടുപ്പിച്ച സിനിമക്കഥയിലേതു പോലെ ആങ്ങളയുടെ പോക്കറ്റിലേക്കു
ഓമനയുടെ നാവു നീളാറില്ല. പ്രാരാബ്ദ്ധക്കൊട്ടയുടെ വായ അവൾ അലിയിപ്പിക്കുന്ന

2



ചിരികൊണ്ടു മൂടി. താളുതോരൻ, ചക്കക്കുരു തേങ്ങാക്കൊത്തു ചേർത്തുണ്ടാക്കുന്ന മെഴുക്കുപുരട്ടി,
വാഴയിലയിൽ ചുട്ട പരിഞ്ഞിലപ്പം അങ്ങനെ പേളിക്കറിയാത്ത അമ്മച്ചി രുചികൾ ഓമന
ജോഷിക്കു വേണ്ടി കരുതിവെച്ചിരുന്നു.

ജോഷി വളരെച്ചെറിയൊരു പൊതികൂടി അവളെ ഏൽപ്പിക്കാൻ ശ്രമിച്ചു.

-ഇതു വച്ചോ ഞാൻ എയർപോർട്ടീന്നു മാറിയതാ.

-വേണ്ട...വേണ്ട... ഇപ്പൊ ഒന്നും വേണ്ട.

-ഇരിക്കട്ടെ വേണ്ടീട്ടല്ല.

-വേണ്ട കുഞ്ഞാഞ്ഞേ, വേണൊങ്കി ഞാൻ ചോദിച്ചോളാം.

ഓമന പണത്തിൽ തൊട്ടതില്ല. നോക്കിയതുമില്ല. അലിയിപ്പിക്കുന്ന ചിരി ചിരിച്ചു.
പാത്രത്തിൽ വീണ്ടും വീണ്ടും രുചി വിളമ്പി. അതിനിടക്ക്‌ വർത്തമാനവും കൂടുതൽ ചിരിയുമായി
ഇളയ അനിയത്തി ജോസഫിനും വന്നു. ചിരിക്കൊഴുപ്പിൽ വിശേഷങ്ങൾ പതഞ്ഞൊഴുകി
ക്കൊണ്ടിരുന്നു.

ഓമനയുടെ ഇളയ മകൾ നന്ദിതയുടെ പ്ലേറ്റിൽ നിന്ന്‌ അയാൾ തോരൻ നുള്ളിയെടുത്തു.
അവൾ വെറുതെ ചിരിച്ചതേയുള്ളൂ. ഓമന ഒരു പാത്രം നിറയെ തോരൻ അയാൾക്കു മുന്നിൽ
വെച്ചു. പെൻസിലിനും തേങ്ങപ്പീരക്കും വഴക്കു പിടിച്ചിരുന്ന കുറച്ചു കുട്ടികൾ അയാളുടെ
മനസ്സിലൂടെ ഓടിപ്പോയി.

-നീ ഓർക്കുന്നുണ്ടോ ഓമനേ, അമ്മച്ചി അടയൊണ്ടാക്കി കഴിഞ്ഞപ്പം ഞാൻ ശർക്കരേം
തേങ്ങായുംവെച്ചി​‍ുരുന്ന പാത്രോമെടുത്തോണ്ടോടിയത്‌. നീ എന്നെ ഇട്ടോടിച്ചു പൊറകേ വന്ന
ജോസമ്മ എന്നിട്ടു കല്ലേത്തട്ടി വീണത്‌?

ഓമനക്കും ജോസഫിനും അതൊന്നും ഓർത്തെടുക്കാൻ കഴിഞ്ഞില്ല.

-അതെങ്ങനെയാ അമ്മച്ചീടെ കയ്യീന്ന്‌ അടി കിട്ടിയതെനിക്കല്ലെ! എനിക്കു മറക്കാൻ
പറ്റുമോ?

ജോഷി സ്വയം സമാധിനിപ്പിക്കുന്നതു പോലെ പറഞ്ഞു. ബഹളം കഴിഞ്ഞൊന്നു
മയങ്ങാൻ കിടന്നപ്പോൾ ഭിത്തിക്കപ്പുറത്തു ജോസഫിൻ ഓമനയെ വിളിക്കുന്നതു ജോഷി കേട്ടു.

-ഇതാ, അഞ്ചേ പറ്റിയുള്ളൂ

-ങാ.. അതു തന്നെ നല്ലകാര്യം. ചരക്കെടുക്കുന്ന ആഴ്ചയായതുകൊണ്ട്‌ ഞാൻ
വിഷമിച്ചിരിക്കുകയായിരുന്നു.

-എറച്ചീം മീനും പണിക്കാരും ഒക്കെയായിട്ട്‌ ഇത്‌ രണ്ടാഴ്ച്ചത്തേക്കു തികയത്തില്ലല്ലൊ.

-തൽക്കാലത്തേക്കിതു മതി ജോസമ്മേ. അടുത്ത മാസം തിരിച്ചു തരാം.

നെല്ലും റബ്ബറും ജോലിയുമുള്ള ജോസഫിൻ അരിയും മീനും മുട്ടയുമൊക്കെ
കൊണ്ടുവന്നിട്ടുണ്ട്‌. അമേരിക്കക്കും കേരളത്തിനുമിടയിൽ മഹാസമുദ്രങ്ങളുണ്ടെന്ന്‌ ജോഷി
തിരിച്ചറിഞ്ഞു. ചെവിയിലേക്കരിച്ചു കയറിയ പഴുതാരക്കാലുകളിൽ ഉറക്കം പോയതുകൊണ്ട്‌
അയാൾ വെറുതെ പുറത്തിറങ്ങിയിരുന്നു.

-കുളിക്കാൻ വെള്ളം ചൂടാക്കാം കുഞ്ഞാഞ്ഞേ?

ഓമന ചിരിക്കുകയാണ്‌.

-വേണ്ട തണുപ്പില്ല.

തിരികെ പോകാനൊരുങ്ങുമ്പോൾ പെട്ടിയിൽ മടങ്ങിയിരുന്ന ഷർട്ടു തേക്കണൊ
എന്നയാൾ സംശയിച്ചു. ഗ്യാസിന്റെ വിലപോലെ തന്നെയാണ്‌ കറന്റു ബില്ലിന്റെ ഭാരവുന്ന്‌
ജോഷി കണക്കുകൂട്ടി.

ടി.വി.യും മാസികകളും കണ്ട്‌ എഴുതി എടുത്ത ഒരു കുറിപ്പ്‌ പേളി വിമാനത്തിൽ വെച്ചേ
ജോഷിയെ കാണിച്ചിരുന്നു. ശീമാട്ടി, ജയലക്ഷമി, ജോസ്കൊ... സാരികൾ, ചുരിദാറുകൾ,
ആഭരണങ്ങൾ, ചെരിപ്പ്‌... ചില പടങ്ങളുമുണ്ട്‌.

കടകളിലെ ജോലിക്കാർ അങ്ങേയറ്റത്തെ ഉത്സാഹത്തോടെ ചൂടു ചായയും തണുത്ത
കോളയും കൊടുത്താണവരെ സ്വീകരിക്കുന്നത്‌. ആവശ്യപ്പെടുന്നതിലേറെ സാരികൾ
വിടർത്തിയിട്ടു കാണിക്കും. മതിയെന്നു തടുത്താലും പുതിയ തരങ്ങൾ എന്നു പറഞ്ഞ്‌ ഭ്രമിപ്പിക്കും.
പേളിക്ക്‌ അതൊക്കെ ലഹരിയാണ്‌. ഭംഗിയില്ലാത്ത യൂണിഫോമിൽ മണിക്കൂറുകൾ നിന്നു
ജോലിചെയ്യുന്നതിനുള്ള പ്രതിഫലം. ചില വാരന്ത്യങ്ങളിൽ മലയാളം പരിപാടിക്കുവേണ്ടി
ഉടുത്തൊരുങ്ങി കണ്ണാടി നോക്കുമ്പോൾ അവൾ പറയാറുണ്ട്‌.

-ഹൊ നാട്ടിലാണേ എന്നും സാരി ഉടുത്തു ആഭരണമൊക്കെ ഫാഷനനുസരിച്ചു മാറ്റി
ജീവിക്കാം.നമ്മക്കിതൊക്കെ വല്ലപ്പോഴും കൊറച്ചു മണിക്കൂറേ വിധിച്ചിട്ടുള്ളൂ.

3


?
അതോർത്ത്‌ അയാൾ പരാതിയൊന്നും പറഞ്ഞില്ല. മടുപ്പ്‌ അധികമായപ്പോൾ ഉടനെ
മടങ്ങിവരാം എന്നു പറഞ്ഞ്‌ ജോഷി പുറത്തിറങ്ങി. പണ്ടുപോയിട്ടുള്ള പുസ്തകക്കടയിലേക്കു
കയറി. നിരന്നിരിക്കുന്ന ​‍ഗൈഡുകൾക്കും പരീക്ഷാ സഹായികൾക്കുമിടയിൽ എന്തു
ചെയ്യണമെന്നറിയാതെ അയാൾ നിന്നു. എന്താണാവശ്യമെന്നു ചോദിച്ച കുട്ടിയോടയാൾ
നോവലും കഥകളും ചോദിച്ചു. പക്ഷെ ആരുടേത്‌ എന്ന ചോദ്യത്തിന്‌ പ്രത്യേകിച്ചൊരു പേരും
അയാളുടെ ഓർമ്മയിൽ വന്നില്ല.

അയാളുടെ കണ്ണുകൾ അലമാരികളിൽ പാഴ്തിരച്ചിൽ നടത്തി. സിനിമ കണ്ട ഓർമ്മയിൽ
ചെമ്മീൻ ഉണ്ടൊ എന്നയാൾ ചോദിച്ചു. കട്ടിക്കണ്ണടധരിച്ച യുവാവ്‌ ചുമലുയർത്തി ഇല്ലെന്ന
അർത്ഥത്തിൽ "ഇശ്മും" എന്നൊരു ശബ്ദമുണ്ടാക്കി.

കുറച്ചുനേരം ചുറ്റിക്കറങ്ങിയിട്ട്‌ അയാൾ പുറത്തു കടന്നു. ആരും ശ്രദ്ധിച്ചതു തന്നെയില്ല.
അമേരിക്കക്കാരനെ ഗൗനിക്കാത്ത കേരളത്തിലെ ഒരേയൊരു കട പുസ്തകക്കട ആയിരിക്കുമെന്ന്‌ അയാൾ ഉള്ളിൽ ചിരിച്ചു. തിരിച്ചെത്തുമ്പോൾ പേളിയും കൂട്ടരും ബ്ലൗസെടുക്കുന്ന
തിരക്കിലായിരുന്നു.  അടുത്തത്‌ പണമടക്കലാണല്ലൊ എന്നോർത്ത്‌ ജോഷിക്കാശ്വാസം തോന്നി.
ബാഗിൻ കെട്ടുകളുമായി പുറത്തിറങ്ങുമ്പോൾ റോഡരികിൽ തളർന്ന കണ്ണുകളോടെ കൈ
നീട്ടുന്ന കുട്ടികളെ കണ്ടില്ലെന്നു ഭാവിക്കാൻ അയാൾക്കു ശ്രമപ്പെടേണ്ടി വന്നു.

മടങ്ങുന്നതിനു മുൻപുള്ള അവസാനത്തെ ചില്ലറ ഷോപ്പിംഗിന്‌ ജിതേഷാണു ജോഷിക്കു
തുണപോയത്‌.

-ഈ പുള്ളി ഷർട്ടെവിടുന്നു കിട്ടിയതാ കൊച്ചാപ്പാ? നമ്മടെ മീൻകാരൻ കുട്ടപ്പായിക്കും
ഇതുപോലൊന്നുണ്ട്‌.

ജിതേഷിന്റെ കപടത പൊതിയാത്ത സ്നേഹം ജോഷിയെ ചിരിപ്പിച്ചു.

പണ്ടു പഠിച്ചിരുന്ന പ്രൈമറി സ്ക്കൂളിനു മുന്നിൽ അയാൾ കുറച്ചുനേരം നിന്നു. സ്ലേറ്റു
തുടക്കാനുപയോഗിച്ചിരുന്ന നാരങ്ങത്തൊണ്ടും ചോക്കുപിടിച്ച ഡെസ്റ്റർ പരസ്പരം എറിഞ്ഞു
കളിച്ചിരുന്ന ഉച്ചനേരവും മൂക്കിലേക്കു തുളച്ചു കയറിയപ്പോൾ ജോഷി പരാതി പറഞ്ഞു.

  -ഒക്കെ ചിതലു പിടിച്ചു പൊളിഞ്ഞു വീഴാറായല്ലൊ. ഇതൊക്കെയെന്നാ ആരും
നന്നാക്കിയിടാത്തെ?
-അല്ലേലും ഈ കൊച്ചാപ്പനു പരാതിയേ ഉള്ളൂ. ഇവിടെ വഴിവെട്ടി. വാഴവെട്ടി.
കൊച്ചാപ്പൻ ചെന്നപ്പോഴത്തെ അമേരിക്കയാണോ ഇപ്പോഴത്തെ അമേരിക്ക? അതുപോലാ
കേരളോം മാറിക്കൊണ്ടിരിക്കും. കൊച്ചാപ്പൻ മീശയെടുത്തു. തടിവെച്ചു. ഇടക്കിടെ യാ..യാ... ന്നു
പറേന്നു എന്നൊക്കെ പറഞ്ഞു ഞങ്ങളാരും ലഹള കൂട്ടുന്നില്ലല്ലൊ.

ഷോപ്പിംഗ് കഴിഞ്ഞു വന്ന ജിതേഷു വീണ്ടും തമാശ പറഞ്ഞു.

-അയ്യോ ഈ കൊച്ചാപ്പനേം കൊണ്ടു ഞാൻ നാണംകെട്ടുപോയി.  

ജിതേഷിന്റെ വിസ്താരം തുടങ്ങുന്നതിനുമുൻപേ ജോഷിയുടെ ചുണ്ടിൽ ചിരിവിടർന്നു.  

-കടേക്കേറി വെള്ളിയടിക്കുകല്ലെ!

-വെള്ളിയടിച്ചോ? എന്നാടാ നീ പറയുന്നേ?

-ഇതിനെത്ര ഡോളറാ... അതിനെത്ര ഡോളറാ? യൂദാസു കർത്താവിനു വെലയിടുന്നതു
പോലല്ലെ! എത്ര വെള്ളി.

-നീ ജനിക്കുന്നേനുമുന്നേ രൂപാന്നു പറയുന്നതു നിർത്തി ഡോളറെന്നു പറയാൻ
തുടങ്ങിയതാടാ ഞാൻ!

കൂട്ടച്ചിരിക്കിടയിൽ തിരിച്ചടിക്കാൻ ജോഷി വെറുതെയൊന്നു ശ്രമിച്ചു.

-എന്നാ പറഞ്ഞാലും ഈ അമേരിക്കക്കാരു നാലു പ്രാവശ്യം വെള്ളിയടിച്ചിട്ടേ ഒരു
സാധനം വാങ്ങിക്കൂ. പക്ഷെ ദുബായിക്കാരങ്ങനെയല്ല. എല്ലാ സാധനവും ഒരു ആറെണ്ണം
വീതമെടുത്തു ചോദിക്കുന്ന പൈസ കൊടുത്തിട്ടുപോകും. ഇങ്ങനെ വെലചോദിച്ചു മനുഷ്യനെ
നാണം കെടുത്തത്തില്ല.

ജിതേഷു പറഞ്ഞതു സത്യമാണെന്നയാൾക്കറിയാം. അമേരിക്കയിലെ കടകളിൽ എല്ലാ
സാധനങ്ങളുടേയും വില കൃത്യമായി എഴുതിവച്ചിട്ടുണ്ട്‌. സാധനത്തിനോടൊപ്പം വിലയും കണ്ണിൽ
പെടേണ്ടത്‌ ശീലമായിരിക്കുന്നു. പിന്നെ സെയിൽ എന്ന ആദായവിൽപ്പനയിൽ വീണു പോകുന്ന
കുടിയേറ്റക്കാർ. കുടിയേറ്റക്കാരന്‌ ഗുണത്തേക്കാൻ വലുത്‌ പണമാണ്‌. ചിലവാക്കാതിരിക്കാൻ
കഴിയുന്ന പണം.

ചോറുമായി കാത്തിരിക്കാൻ അമ്മയില്ലാത്ത നാട്ടിൽ വിമാനത്തിലിറങ്ങുമ്പോൾ
തൊഴിലില്ലാത്തവനാണ്‌. ഭാഗ്യയമുണ്ടെങ്കിൽ ബന്ധുവിന്റേയോ പരിചയക്കാരന്റേയോ വീട്ടിലെ
ഭിക്ഷക്കാരനാവാം. അനാഥത്തത്തിന്റെ അഗ്നി വിഴുങ്ങുന്ന ആത്മവിശ്വാസം, ദാരിദ്ര്യം

4



തിന്നുകളയുന്ന അഭിമാനം. ഓരോ പെനിയും കൂട്ടി വെച്ചാലെ രക്ഷപെടാൻ കഴിയൂ. പണം
കൈയിൽ വേണ്ടത്‌ ശ്വാസംവിടുന്നതു പോലെ ഒരാവശ്യമായി മാറുന്നു.

അയാൾക്ക്‌ ജിതേഷിനോടൊരു വഴിക്കണക്കു ചോദിക്കാൻ തോന്നി. നാലു പേരുള്ള
കുടുംബം അമേരിക്കയിൽ നിന്നും കേരളത്തിലേക്കു പോകുന്നു. ഒരു ടിക്കറ്റിനു രണ്ടായിരം
ഡോളർ. ഷോപ്പിംഗ് ടാക്സിക്കൂലി, മറ്റിനം ഏഴായിരം എന്നു കൂട്ടാം. ഒരു ഡോളർ എന്നാൽ
നാൽപ്പതു രൂപ. എന്നാൽ ഒരു ദിവസത്തിന്റെ വില എത്ര രൂപ? ഒരു മണിക്കൂറിന്റെ വില
എത്ര രൂപ? പറഞ്ഞറിയിക്കാനാവാത്ത എത്ര കണക്കുകളാണു തലക്കുള്ളിൽ.  

അങ്ങനെയൊക്കെ മടങ്ങാനുള്ള ദിവസം ഒട്ടൊരാശ്വാസത്തോടെ വന്നെത്തി.
പെട്ടികളെല്ലാം പൂട്ടി പുറത്തേക്കു മാറ്റി ജോഷി ഒന്നു കൂടി കിടപ്പുമുറിയിൽ തിരഞ്ഞു.
അത്യാവശ്യമുള്ളതൊന്നും മറന്നു വെച്ചിട്ടില്ലെന്നുറപ്പാക്കാൻ. പകരം ചിതറി നിറഞ്ഞ
സാധനങ്ങളൊഴിഞ്ഞ മുറി അയവോടെ ശാന്തമായി പുഞ്ചിരിച്ചു.

-വൈകേണ്ട

അയാൾ മനസ്സിലോർത്തു.

എയർപോർട്ടെത്തുന്നതിനു മുൻപ്‌ കാറിന്റെ പിന്നിലിരിക്കുന്നവർ കേൾക്കാതെ ശ്രദ്ധിച്ച്‌
ജിതേഷു പറഞ്ഞു.

-കൊച്ചാപ്പാ എനിക്ക്‌ അമേരിക്കക്ക്‌ വരാൻ പറ്റുമൊ?

-എന്തിനാ മോനെ? ഇവിടുത്തെ ജീവിതമല്ലെ സുഖം?

-ഇവിടെ നിന്നാ ശരിയാവത്തില്ല. ചാച്ചന്റെ റബ്ബർഷീറ്റടിക്കുന്നതുകൊണ്ടു വട്ടച്ചിലവു
നടക്കുമെന്നല്ലെ ഉള്ളൂ. ഞാനിപ്പൊ കമ്പ്യൂട്ടറു പഠിക്കുന്നുണ്ട്‌. അവിടെ വന്ന്‌ എന്തു ജോലി
വേണമെങ്കിലും ചെയ്തോളാം. കൊച്ചാപ്പനു ശല്യമാകുമെന്നു കരുതേണ്ട.  

അയാൾ ജിതേഷിന്റെ തോളിൽ കൈവച്ചു.

-നീ വരുന്നതു ആശ്വാസമേ ആകൂ. വിനീതിനും അലീഷക്കുമൊക്കെ ആരെങ്കിലും
അവിടെ ഉണ്ടാകുന്നത്‌ ഞങ്ങൾക്കു സന്തോഷമല്ലെ മോനെ. നിനക്ക്‌ ഇവിടുത്തെ ജീവിതമാണു
സുഖമെന്നു കരുതി പറഞ്ഞതാണ്‌. എന്തായാലും ഞാൻ ശ്രമിക്കാം. ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരികെ
വരാനുള്ള മനസുമായി വന്നാൽ മതി. മണ്ടത്തരമായിപ്പോയെന്ന്‌ പിന്നെ തോന്നരുത്‌!

കലേഷിന്റെ വീട്ടിലെ അതിഥിയായി മാറനാനാവുമോ ജിതേഷിനു വിധിയെന്ന്‌ ജോഷി
സഹതാപത്തോടെ ഓർത്തു. അവനെ കെട്ടിപ്പിടിച്ചു യാത്രപറയുമ്പോൾ ജോഷിക്കു സങ്കടം
തോന്നി. മുഖത്തു നോക്കി സത്യം പറയുന്ന കുട്ടി. ചിലപ്പോൾ വിനീതിനേക്കാളും
അടുപ്പത്തോടെ.

വിമാനത്താവളത്തിലെ തിരക്കിൽ അവസാന യാത്രയും പറഞ്ഞു പിരിയുമ്പോൾ ഒരു
പേമാരി കഴിഞ്ഞതിന്റെ ശാന്തത യാത്രയയക്കാൻ വന്നവരുടേയും ജീവിതതിനുമുണ്ടാവുമെന്ന്‌
ജോഷിക്കു തോന്നി.

ഉച്ചഭാഷണിയിലൂടെ അറിയിപ്പു വന്നു കൊണ്ടിരുന്നു. പാസ്പ്പോർട്ടും ടിക്കറ്റുമുള്ള ബാഗ്
ഒന്നുകൂടി പരിശോധിച്ച്‌ പേളി ചേർത്തു വച്ചു.

-അടുത്ത പ്രാവശ്യം വരുമ്പോൾ എനിക്ക്‌ ആയുവ്വേദത്തിന്റെ തിരുമ്മലിനു പോകണം.
പേളി പറഞ്ഞു.

അലീഷ അമ്മയുടെ തോളിൽ ചാഞ്ഞിരുന്നുറങ്ങാൻ ശ്രമിക്കുന്നു. വിനീത്‌ എതോ
പുസ്തകത്തിൽ തലപൂഴ്ത്തി ഇരിക്കുകയാണ്‌. ജോഷി പോക്കറ്റിലെ പേഴ്സ്‌
അവിടെത്തന്നെയുണ്ടെന്ന്‌ പതുക്കി തടവി ഉറപ്പാക്കി.

പിന്നെ ആരും കാണാതെ പണ്ട്‌ ഒളിച്ചു കടത്തിയ കേരളത്തെ കരളിൽ നിന്നും
പുറത്തെടുത്തു. ടാറിടാത്ത വഴികൾക്കും ആന്തൂറിയം വിരിയാത്ത മുറ്റത്തിനും
മാറ്റമൊന്നുമില്ലെന്നുറപ്പു വരുത്തി മുറിഞ്ഞാൽ കൂടാത്ത കോശങ്ങളുള്ള കരളിലേക്കയാൾ അതു
വീണ്ടുമൊളിപ്പിച്ചു.



Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font