Home | Contact Us | Guestbook | Font
Jyothiss

കഥ
സുകന്യയുടെ ആത്മാവ്‌
ലതാരേവതി

ആകാശത്ത്‌ മൂടലുണ്ടായിരുന്നു.
അഞ്ചുമണിയായപ്പോഴേയ്ക്കും എവിടെനിന്നോ പൊടി പടലങ്ങളുമായി ശക്തിയായ കാറ്റെത്തി.
താമസിയാതെ ശബ്ദത്തിൽ വെള്ളം  തുടിപെയ്യുന്ന മഴ.
എല്ലാം സഹിച്ച് സുകന്യയു‍ടെ  ആത്മാവ്‌ ഉപേക്ഷിച്ച  ശരീരത്തിനു കൂട്ടിരുന്നു !
ആത്മാവിനത്തരം കടപ്പാടൊന്നും ദേഹത്തിനോട്‌ ആവശ്യമില്ലാത്തതാണ്‌.
ഒരു ദേഹത്തിലെ അഭിമാനവും സമയവും കഴിഞ്ഞാൽ അതു വിട്ടു മറ്റൊന്നു സ്വീകരിക്കും.
അനുയോജ്യമായ സാഹചര്യത്തില്‍  തനിക്കു പറ്റിയ ദേഹത്തിൽ- ഇങ്ങനെ കടന്നു കൂടുകയും  പിന്നീട്‌ വിട്ടു പോവുകയും ചെയ്യുന്നു.
അതാണ്‌ ജീവന്റെ യാത്ര!
മറ്റൊരു ദേഹത്തെ കണ്ടുപിടിക്കലാണ്‌ ചെയ്യേണ്ടത്‌ ,അല്ലാതെ  ഉപേക്ഷിച്ച  ദേഹത്തിന്‌ കാവലിരിയ്ക്കലല്ല , എന്നിട്ടും  സുകന്യയുടെ ആത്മാവ്‌ അവളുടെ  ദേഹത്തിന്‌ കാവലിരുന്നു.
ആരെങ്കിലും ഒന്നു വന്നിരുന്നുവെങ്കില്‍..
 ചിതറിക്കിടക്കുന്ന അവളുടെ കീറത്തുണികള്ക്കുള്ളിലെവിടേയോ വെച്ചിരിക്കുന്ന അവളുടെ കൊച്ചു ഡയ‍റി ഒന്നു മറിച്ചു നോക്കിയിരുന്നുവെങ്കില്‍..
ആ ഡയ‍റി സുകന്യയ്ക്ക്‌ വലരെ പ്രിയപ്പെട്ടതായിരുന്നു.
ഡയ‍റി മറിച്ചു നോക്കി എതോ നമ്പരെടുത്ത്  സുകന്യ ഇടയ്ക്കിടെ ഫോണ്‍  ചെയ്യുമായിരുന്നു.
ഇപ്പോഴൊന്നുമല്ല,പണ്ട്‌, നാലഞ്ചുവർഷങ്ങൾക്കുമുൻപ്‌.
എത്ര നേരമാണ്‌ സുകന്യ ഫോണിൽ സംസാരിക്കുകയും ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നത്‌.
കൂട്ടുകാരാനോടൊപ്പം ആരും അറിയാതെ  വീടും നാടും ഉപേക്ഷിച്ച  യാത്ര ചെയ്തത്‌ ആ ഡയ‍റിയിലെ നമ്പർ നോക്കി വിളിച്ചായിരുന്നു.
അവസാനം അരുതാത്ത സങ്കേതങ്ങളിൽ  ഉപേക്ഷിച്ച  കൂട്ടുകാരന്‍  എവിടെയൊ മറഞ്ഞപ്പോഴും സുകന്യ ഇടയ്ക്കിടെ ആ നമ്പരിൽ- വിളിയ്ക്കുമായിരുന്നു. ആര്‍ത്തലച്ചു കരഞ്ഞുകൊണ്ട് .
പിന്നെപ്പിന്നെ വിളിയ്ക്കാതെയായി.
സുകന്യ സങ്കേതങ്ങളിൽനിന്നു സങ്കേതങ്ങളിലേയ്ക്ക്‌ തിരക്കുപിടിച്ച് യാത്ര തുടർന്നു.
അത്തരം ഒരു തിരക്കിട്ട  യാത്രയിലാണ്‌ അതു സംഭവിച്ചത്.
രാത്രിയിലെ യാത്രാവേളയില്‍  ഒട്ടും നിനച്ചിരിക്കാതെ കാറിന്റെ ഡോർ തുറന്ന്` സുകന്യ പുറത്തേക്ക്  വീണു.
കാര്‍ പെട്ടെന്ന് ബ്രേക്കിട്ടുനിന്നു.
ഡ്രൈവർ ആരെയൊക്കെയോ ഫോണില്‍  വിളിച്ചു.
ആരുടെയൊക്കെയൊ ഫോണുകള്‍  തിരിച്ചും  വന്നു.
അവസാനം ധൃതിപ്പെട്ട് അങ്ങും ഇങ്ങും  നോക്കാതെ കാര്‍ വിട്ടുപോയി.
സുകന്യ ബോധരഹിതയായി മണിക്കൂറുകളോളം റോഡരുകില്‍ ക്കിടന്നു.
ആരാണ്‌ അന്ന്‌ ആശുപത്രിയിൽ എത്തിച്ചത് ? ആരോ!
പിന്നെ മാസങ്ങളാണ്‌ സുകന്യ ആശുപത്രിയിൽ കിടന്നത്‌. പുറത്തിറങ്ങിയപ്പോഴേയ്ക്കും നേരെയാക്കാനാവാത്തവിധം ഇടുപ്പിനും  വലതുകാലിനും ക്ഷതം സംഭവിച്ചിരുന്നു.
കണ്ണുകൾ തുറിച്ച്   താടിയെല്ലുകൾ കൂര്‍ത്ത്  വല്ലാത്തൊരു ഭാവത്തോടെ സുകന്യ ചുറ്റും നോക്കി. അവളുടെ ചുണ്ടുകൾ വരണ്ട്‌ വിണ്ട്‌ നീ‍റിയിരുന്നു.
മുടി ചെമ്പിച്ച് ജട പിടിച്ചിരുന്നു.
തുണിസഞ്ചി  മാറത്തടുക്കിപ്പിടിച്ച്  നിരങ്ങി നിരങ്ങി സുകന്യ റോഡിലേയ്ക്കിങ്ങി അവളെ ആരും ശല്യം ചെയ്തില്ല.
പിന്നെ സുകന്യയ്ക്ക്‌ സുഖമായിരുന്നു.
സങ്കേതങ്ങളില്‍   നിന്നു സങ്കേതങ്ങളിലേയ്ക്ക്‌ തിരക്കുപിടിച്ച് യാത്രചെയ്യേണ്ടി വന്നില്ല.
ഫോണ്‍  നിരന്തരം ശബ്ദിച്ചില്ല.
മറ്റു പിച്ചക്കരോടൊപ്പം സുകന്യയും ജീവിച്ചു . നിരത്തിലൂടെ  നടന്നു പോകുന്നവർ എറിഞ്ഞു കൊടുത്ത ചില്ലറതുട്ടുകള്‍ കൊടുത്ത്‌ റൊട്ടി വാങ്ങിക്കഴിച്ചു .
റോഡുവക്കിലെ ടാപ്പിൽനിന്നു വെള്ളം കുടിച്ചു  അവൾക്ക്‌ സുഖമായിരുന്നു.
വീണ്ടും വിധി റോഡിലൂടെ  ചീറിപ്പാഞ്ഞുവന്നു . കാ‍റിന്റെ രൂപത്തിൽ അവളുടെ മുന്നിലെത്തി.
കൂട്ടത്തിലാരും  ഇല്ലാതിരുന്ന ഒരുച്ചക്ക്   സുകന്യ റോഡ്‌  മുറിച്ചു കടക്കുകയായിരുന്നു.
മരണത്തോടുമല്ലടിച്ച് പരാജയപ്പെട്ട് സുകന്യ  റോഡില്‍ക്കിടന്നു. നിരത്തിൽ വഴിപോക്കര്‍  പെട്ടെന്ന്  ഓടിക്കൂടി .കാറ്റും മഴയും വരുന്നുണ്ടായിരുന്നു.
വന്നപോലെ എല്ലാവരും പിരിഞ്ഞുപോയി.
ആത്മാവ്‌ കാവലിരുന്നു!
ആരെങ്കിലും  ഒന്നു വന്നിരുന്നുവെങ്കില്‍..
കീറത്തുണിയിലെ കൊച്ചുഡയ‍റി  മറിച്ചു നോക്കി ആ നമ്പർ- ഒന്നു വിളിച്ചിരുന്നുവെങ്കില്‍ .
വീണ്ടും ശക്തിയായ കാറ്റ്‌.
കോരിച്ചൊരിയുന്ന  മഴ. ചുറ്റും കനത്ത ഇരുട്ട് .  ഇനിയും ആരും വരില്ല. ഇനിയും കൂട്ടിരിക്കാനാവില്ല. ആത്മാവ്‌ ഒരിക്കൽക്കൂടി സുകന്യയുടെ വിറങ്ങലിച്ച  ശരീരത്തെ നോക്കി. തിരിഞ്ഞു നടന്നു.

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font