Home | Contact Us | Guestbook | Font
Jyothiss

കഥ
ഇവള്‍ നന്ദിനിക്കുട്ടി
ഷീല പ്രേം
നേരം സന്ധ്യ മയങ്ങി തുടങ്ങീയിരിക്കുന്നു...ഇന്നും താൻ വൈകിയോ...?
എത്ര ശ്രമിച്ചിട്ടും കാലുകൾക്ക് വേഗത കിട്ടുന്നില്ല......ഇനി വേണം നാളത്തേക്കുള്ള പച്ചക്കറികൾ വാങ്ങേണ്ടത്...പെട്ടെന്ന് മനസ്സു ബാഗിൽ കിടക്കുന്ന ചെറിയ പേഴ്സിലേക്ക് പായിച്ചു...അതിനും കൂടി ഉണ്ടാവണം ഇനി ചില്ലറകൾ ബാക്കി...ചെലവുകൾ അനുദിനം കൂടി കൂടി വരികയാണ്..ഒപ്പം തന്റെ ദീർഘനിശ്വാസങ്ങളും....

‘’ഇപ്പോഴാണോ കുട്ടിയേ ജോലി കഴിഞ്ഞു മടങ്ങുന്നത്’‘ ചോദ്യം കേട്ടപ്പോഴാണ് ശ്രദ്ധിച്ചത് ..
താൻ കടയ്ക്കു മുന്നിൽ എത്തിയിരിക്കുന്നു..അടുത്ത വീട്ടിലെ രാമേട്ടനാണ്....രാമട്ടേനോട് ലേശം ദേഷ്യം മനസ്സിൽ തോന്നിയോ...അല്ലെങ്കിൽ എന്തിനു ദേഷ്യപ്പെടണം...ശരിയല്ലേ വെളുക്കുമ്പോൾ പുറപ്പെടുന്നതാണു താൻ.....തന്റെ കൂടെ ജോലി ചെയ്യുന്നവരെല്ലാം ഇപ്പോൾ വിളക്കു കൊളുത്തി നാമം ജപിക്കുന്നുണ്ടാകും..സീരിയൽ കാണുന്നുണ്ടാകും...മക്കളോടൊപ്പം ഇരുന്ന് പഠിപ്പിക്കുന്നുണ്ടാവാം...
താൻ മാത്രം...തനിക്കു മാത്രം ....എന്തിനു വേണ്ടിയാണീ കഷ്ടപ്പാട്...

മുറ്റത്തെ മാവിൽ കൂടുകൂട്ടിയിരിക്കുന്ന കിളികളുടെ കലപില ശബ്ദമാണു എന്നും തന്നെ വിളിച്ചുണർത്തുന്നത്...മിക്കവാറും പ്രാതൽ ഉണ്ടാക്കി കഴിയുമ്പോഴാവും അമ്പലനടയിൽ നിന്നും സുപ്രഭാതം കേട്ടു തുടങ്ങുക...പിന്നെ പെട്ടെന്നു തന്നെ ചോറും കറികളും വച്ചുണ്ടാക്കും..സമയമറിയിക്കാനായി കൂട്ടിനെത്തുക എഫ് എം സ്റ്റേഷനാണ്...അതിലൂടെ ഒഴുകിയെത്തുന്ന ഭക്തിഗാനങ്ങൾ എല്ലാ അമ്പലനടയിലും കൊണ്ടത്തിക്കും മനസ്സിനെ ...ഒറ്റയ്ക്കു നിന്ന് ജോലി ചെയ്യുമ്പോൾ ചിലപ്പോഴൊക്കെ അറിയാതെ എഫ് എമിനും, മിക്സിയ്ക്കും, ഗ്യാസ് സ്റ്റവിനും ഒക്കെ നന്ദി പറയാറുണ്ട്..കാരണം ,ആ ഏകാന്തതയിൽ തനിക്കു കൂട്ടുകാർ അവർ മാത്രമാണല്ലോ......

പെട്ടെന്നു തന്നെ ജോലിയൊതുക്കി ഓടി ചെന്നു കുളിച്ച് ഒരുങ്ങിയിറങ്ങുമ്പോഴേക്ക് സമയം 6 കഴിഞ്ഞിട്ടുണ്ടാകും..പിന്നെ, ഒരോട്ടം തന്നെയാണു ട്യൂട്ടോറിയലിലേക്ക്...
കൃത്യം 6.30 നു തന്നെ ക്ലാസ്സുകൾ തുടങ്ങീയിരിക്കണമെന്നതാണവിടെ നിയമം...ഇതു വരെ താൻ വൈകീയിട്ടുമില്ല...അവിടുന്നു പിന്നെ സ്കൂളിലെത്താൻ മറ്റൊരോട്ടം......

മക്കളുടെ പഠിത്തത്തിനെ കുറിച്ച് മാലിനിയേടത്തി വിഷമം പറഞ്ഞപ്പോൾ...വൈകിട്ടു കുറച്ചു നേരം കുട്ടികൾക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കാമോ ..എന്നു കൂടി ചോദിച്ചപ്പോൾ ..ആ ജോലിയും സ്വമനസ്സാലെ ഏറ്റെടുക്കയായിരുന്നില്ലേ താൻ..അപ്പോഴും തന്റെ ബദ്ധപ്പാടിനെ കുറിച്ച് ചിന്തിച്ചില്ല..മാളുവിന്റെ പഠിത്തം കഴിയും വരെ താൻ ഇത്തിരി കഷ്ടപ്പെട്ടേ മതിയാകൂ...എന്നേ ചിന്തിച്ചുള്ളൂ...അല്ലെങ്കിലും ...താൻ എപ്പോഴും ആഗ്രഹിക്കുന്നതും തിരക്കുകൾക്കിടയിൽപ്പെട്ട് ഓടി നടക്കാൻ തന്നെയല്ലേ....

വിധിയുടെ വിളയാട്ടത്തെപ്പറ്റി ഈയിടെയായി പലപ്പോഴും ഓർത്തു പോകുന്നു...
വായനയ്ക്കും നൃത്തത്തിനും സംഗീതത്തിനും മാത്രം ഏറെ പ്രാധാന്യം കൊടുത്തിരുന്ന താൻ,ഒരിക്കലും ഒരു അദ്ധ്യാപിക ആകുമെന്നു പ്രതീക്ഷിച്ചിരുന്നുവോ.. പരീക്ഷ എത്തുമ്പോൾ മാത്രം പഠിക്കുന്ന ആളായിരുന്ന താൻ.. കലാലയത്തിൽ എത്തിയപ്പോഴും പഠിത്തത്തേക്കാൾ പ്രാധാന്യം നൽകിയത് നൃത്തത്തിനു തന്നെ.. സമ്മാനങ്ങൾ വാങ്ങി കൂട്ടുക എന്നതു മാത്രമായിരുന്നു അന്നത്തെ ഹരം...

പക്ഷേ, ആഞ്ഞടിച്ച കൊടുംകാറ്റിൽ അകപ്പെട്ടതു പോലെ ജീവിതം പെട്ടെന്നു മാറിമറിയുകായിരുന്നു....ഒരു കൊച്ചു താലി ചരടിൽ നിന്നും ശകാരവും പ്രഹരവും വേദനയും ഏറ്റു വാങ്ങിയ നാളുകൾ.പലപ്പോഴും കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിൽ ബലിഷ്ടകരങ്ങൾ കഴുത്തിൽ മുറുകുമ്പോൾ ഒരിറ്റ് ശ്വാസത്തിനായി താൻ പിടഞ്ഞിട്ടുണ്ട്.രണ്ടു മൂന്നു ദിനങ്ങൾ മരണവുമായി മല്ലിട്ടപ്പോൾ ...കിട്ടിയതാണു വീണ്ടുമീ പുനർജന്മം....
ഒടുവിൽ..എല്ലാ ബന്ധങ്ങളിൽ നിന്നും മോചനം നേടിയപ്പോൾ മനസ്സു കണ്ടെത്തിയ മാർഗ്ഗമായിരുന്നു തുടർപഠനം..എന്തിനായിരുന്നു .. ഒരിറ്റു ശ്വാസത്തിനായി താൻ അന്ന് കാത്തു കിടന്നത്...
വീണ്ടും ഈ ഭൂമിയിൽ ശ്വസിച്ചു മരിക്കുന്നതിനോ...?

‘’എന്താ നന്ദിനിക്കുട്ടി..ഇന്നു ഒരുപാടു വൈകിയല്ലോ നീ‘’..അമ്മയുടെ ശബ്ദം കേട്ടാണ് ചിന്തകളുടെ മാറാലയിൽ നിന്നും മനസ്സു ഉണർന്നത്......ഓ...വീടെത്തിയിരിക്കുന്നു...
സന്ധ്യാദീപത്തിനു മുന്നിൽ ഒരു നിമിഷം കണ്ണടച്ച് അവൾ അകത്തേക്ക് കടന്നു......
മറ്റൊരു പകലിനായി....

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font